പശ്ചിമേഷ്യയിലെ സംഘർഷത്തെക്കുറിച്ച് ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാല(ജെഎൻയു)യുടെ പശ്ചിമേഷ്യൻ വിഭാഗം സംഘടിപ്പിച്ച മൂന്ന് സെമിനാറുകൾ റദ്ദാക്കി അധികൃതർ. ഇന്ത്യയിലെ ഇറാനിയൻ, പലസ്തീൻ, ലെബനീസ് സ്ഥാനപതിമാർ പങ്കെടുക്കേണ്ടിരുന്ന സെമിനാറുകളാണ് 'അനിവാര്യമായ സാഹചര്യങ്ങൾ' എന്ന കാരണം ചൂണ്ടിക്കാട്ടി അധികൃതർ ഒഴിവാക്കിയത്.
വ്യാഴാഴ്ച നടക്കേണ്ട സെമിനാർ, മണിക്കൂറുകൾ മുൻപാണ് റദ്ദാക്കിയത്. സെമിനാർ റദ്ദാക്കിയ വിവരം മെയിലിലൂടെയാണ് വിദ്യാർഥികളെ അറിയിച്ചത്. കൂടാതെ നവംബർ ഏഴിനും പതിനാലിനും നിശ്ചയിച്ചിരുന്ന പരിപാടികളും റദ്ദാക്കിയതായി അതേ മെയിലിൽ അറിയിപ്പുണ്ടായിരുന്നു. ഇറാൻ സ്ഥാനപതി ഡോ. ഇറാജ് ഇലാഹിയായിരുന്നു സെമിനാറിൽ മുഖ്യാതിഥി.
പരിപാടികൾ റദ്ദാക്കാനുള്ള തീരുമാനമെടുത്തത് സർവകലാശാലയാണെന്നും കാരണങ്ങളെക്കുറിച്ച് അറിയില്ലെന്നുമാണ് ഇറാനിയൻ, ലെബനീസ് എംബസികൾ പ്രതികരിച്ചത്.
സ്‌കൂൾ ഓഫ് ഇൻ്റർനാഷണൽ സ്റ്റഡീസിനു കീഴിലുള്ള സെൻ്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസിലെ സീനിയർ ഫാക്കൽറ്റി അംഗങ്ങൾ ഉന്നയിച്ച ആശങ്കകളാണ് റദ്ദാക്കലിനു കാരണമെന്നാണ് സർവകലാശാല വൃത്തങ്ങൾ പറയുന്നത്. സെമിനാർ നടത്തുന്നതു ക്യാമ്പസിൽ ധ്രുവീകരണത്തിനു കാരണമാകുമെന്നാണ് ചില അധ്യാപകരുടെ പക്ഷം.
"പൊതുപരിപാടിക്കായി ഏതെങ്കിലും നയതന്ത്രജ്ഞനെ ക്ഷണിക്കുന്നതിന് മുൻപ് ഡീനിനെ വിശ്വാസത്തിലെടുക്കാൻ അഭ്യർത്ഥിക്കുന്നു. സ്കൂളിലെ ഓരോ സന്ദർശകനും പ്രത്യേകിച്ച് അംബാസഡർ തലത്തിൽ, ശരിയായ പ്രോട്ടോക്കോൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ക്യാമ്പസിന്റെ സമഗ്രമായ താൽപ്പര്യങ്ങൾ ലംഘിക്കുകയോ ചൂഷണം ചെയ്യുകയോ ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്തണം," സ്കൂൾ ഓഫ് ഇന്റർനാഷണൽ സ്റ്റഡീസ് ഡീൻ അമിതാഭ് മട്ടൂ ചെയർപേഴ്സൺമാർക്ക് അയച്ച കത്തിൽ പറയുന്നത്.
ഇറാനിയൻ അംബാസഡർ പങ്കെടുക്കേണ്ട സെമിനാർ മാത്രമാണ് മാറ്റിയതെന്നും മറ്റു രണ്ടും ഔദ്യോഗികമായി നിശ്ചയിച്ചിരുന്നില്ലെന്നുമാണ് സെന്റർ ഫോർ വെസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ചെയർപേഴ്സൺ സമീന ഹമീദ് പ്രതികരിച്ചത്.