INDIA

കള്ളക്കുറിച്ചി മദ്യദുരന്തം: മരണം 37, നൂറോളം പേർ ചികിത്സയിൽ; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് തമിഴ്‌നാട് സർക്കാർ

വെബ് ഡെസ്ക്

തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിലുണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 34 ആയി ഉയർന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. നൂറോളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു.

കള്ളക്കുറിച്ചിയിലെ കരുണപുരത്തുനിന്നാണ് കൊല്ലപ്പെട്ടവർ വിഷമദ്യം കഴിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് മദ്യം കഴിച്ചതെങ്കിലും ബുധനാഴ്ച രാത്രിയോടെയാണ് തലവേദന, ഛര്‍ദി, തലകറക്കം, വയറുവേദന തുടങ്ങിയ അസ്വസ്ഥതകൾ കണ്ടുതുടങ്ങിയത്. പിന്നാലെ ഇവരെ കള്ളക്കുറിച്ചി സർക്കാർ മെഡിക്കൽ കോളജ്, പുതുച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ജിപ്മർ), സേലത്തെയും വില്ലുപുരത്തെയും മറ്റ് ആശുപത്രികൾ എന്നിവിടങ്ങളിലായി പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇരകളിൽ പലരും ബുധനാഴ്ച രാത്രി തന്നെ മരിച്ചു. മരിച്ചവരിൽ രണ്ട് സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടുന്നു. മദ്യം വിതരണം ചെയ്ത രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

വിഷമദ്യ ദുരന്തമല്ലെന്ന് രാവിലെ മാധ്യമങ്ങളോട് പറഞ്ഞ ജില്ലാ കലക്ടറെ സ്ഥലം മാറ്റുകയും എസ്പിയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ചികിത്സ തേടുന്നതിന് മുൻപ് തന്നെ ആളുകൾ മരിച്ചിട്ടുണ്ടെന്നും അതിനാൽ ഔദ്യോഗിക മരണസംഖ്യ ഇതിലും കൂടാൻ സാധ്യതയുണ്ടെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തിയ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉത്തരവാദികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരുമെന്ന് അറിയിച്ചു. “കള്ളക്കുറിച്ചിയിൽ വിഷം കലർന്ന മദ്യം കഴിച്ച് ആളുകൾ മരിച്ചെന്ന വാർത്ത കേട്ടപ്പോൾ ഞെട്ടലും സങ്കടവും തോന്നി. കുറ്റകൃത്യത്തിൽ പങ്കാളികളായവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് തടയുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്," സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.

നിയമവിരുദ്ധമായ മദ്യോത്പാദനത്തെക്കുറിച്ച് അറിവുണ്ടെങ്കിൽ അറിയിക്കണമെന്ന് സ്റ്റാലിൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. വിഷയത്തിൽ ഉടൻ തന്നെ നടപടി എടുക്കുമെന്നും കുറ്റവാളികൾക്ക് കടുത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

സമൂഹത്തെ നശിപ്പിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമർത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനധികൃത മദ്യത്തിൻ്റെ ഉൽപ്പാദനവും വിതരണവും തടയുന്നതിലെ പരാജയം ചൂണ്ടിക്കാട്ടിയ ഗവർണർ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി. നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം ഉൾപ്പടെയുള്ളവർ ഡിഎംകെ സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ക്രമസമാധാന പാലനത്തിനും അന്വേഷണത്തിൽ സഹായിക്കുന്നതിനുമായി വിവിധ ജില്ലകളിൽ നിന്നായി രണ്ടായിരത്തിലധികം പോലീസുകാരെ കള്ളക്കുറിച്ചിയിൽ വിന്യസിച്ചിട്ടുണ്ട്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?