INDIA

തമിഴ്നാട് വിഷമദ്യ ദുരന്തം: മരണം 20 ആയി, സംസ്ഥാന സർക്കാരിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും വില്ലുപുരം പോലീസ് സൂപ്രണ്ട് ഉൾപ്പെടെ 10 പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു

വെബ് ഡെസ്ക്

തമിഴ്‌നാട്ടിൽ രണ്ടിടത്ത് ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതായി. വില്ലുപുരം ജില്ലയിലെ മരക്കാനത്ത് 13 പേരും ചെങ്കൽപട്ട് ജില്ലയിലെ മധുരാന്തകത്ത് ഏഴുപേരുമാണ് മരിച്ചത്. സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ തമിഴ്നാട് സർക്കാരിനും സംസ്ഥാന പോലീസ് മേധാവിക്കും നോട്ടീസ് അയച്ചു. സർക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.

ശനിയാഴ്ച രാത്രിയോടെയാണ് വില്ലുപുരം ജില്ലയിലെ മരക്കാനത്ത് വ്യാജ മദ്യം കുടിച്ച് നിരവധിപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ജില്ലകളിലെ മരണങ്ങൾ തമ്മിൽ ബന്ധമുണ്ടെന്ന് അധികൃതർ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. മരിച്ചവർ എഥനോൾ, മെഥനോൾ എന്നിവ കലർത്തിയ വ്യാജമദ്യം കഴിച്ചതാകാമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി ഐജി എൻ കണ്ണൻ പറഞ്ഞു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കേസന്വേഷണം ക്രൈം ബ്രാഞ്ച് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്മെന്റിന് കൈമാറി ഉത്തരവിട്ടിട്ടുണ്ട്. കുറ്റക്കാർക്കെതിരെ സർക്കാർ കർശന നടപടിയെടുക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും വില്ലുപുരം പോലീസ് സൂപ്രണ്ട് ഉൾപ്പെടെ 10 പോലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു. ദുരന്തത്തിന് പിന്നാലെ വില്ലുപുരം, ചെങ്കൽപ്പേട്ട, കടലൂർ ജില്ലകളിൽ പോലീസ് വ്യാപക പരിശോധന നടത്തി. പരിശോധനയിൽ 109 ലിറ്റർ വ്യാജചാരായവും 420 കുപ്പികളും പോലീസ് കണ്ടെത്തി. വില്ലുപുരം ജില്ലയിൽ നടത്തിയ റെയ്ഡിൽ ചാരായം വിൽപ്പനക്കാരായ 55 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംസ്ഥാനത്തുടനീളം നടത്തിയ വ്യാപക പരിശോധനയിൽ 410 പേർ അറസ്റ്റിലായി.

എക്കിയാർകുപ്പം മത്സ്യബന്ധന ഗ്രാമത്തിലെ 80 ഓളം പേർ വിഷമദ്യം കഴിച്ചതായാണ് റിപ്പോർട്ട്. പുതുച്ചേരിയിൽ നിന്നാണ് ഈ പ്രദേശത്തേക്ക് വിഷമദ്യം കടത്തുന്നതെന്ന് കണ്ടെത്തിയതായി പോലീസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും ചികിത്സയിൽ കഴിയുന്നവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.

'മല്ലു ഹിന്ദു വാട്സാപ്പ് ഗ്രൂപ്പും മാടമ്പള്ളിയിലെ ചിത്തരോഗിയും'; ഐ എ എസ് ഉദ്യോഗസ്ഥന്മാർക്കെതിരെ സർക്കാർ നടപടിയിലേക്ക്

ഇന്ത്യൻ വിദ്യാർഥികൾക്ക് കനത്ത തിരിച്ചടി; ഫാസ്റ്റ് ട്രാക്ക് വിസ സേവനം റദ്ദാക്കി കാനഡ

അലിഗഡ് സര്‍വകാലാശാല ന്യൂനപക്ഷപദവി; സുപ്രീം കോടതി വിധിയില്‍ ഒളിഞ്ഞിരിക്കുന്നത് അപകടമോ?

'മാടമ്പള്ളിയിലെ ചിത്തരോഗി എ ജയതിലക്': ഐഎഎസ് തലപ്പത്ത് തമ്മിലടി, പരസ്യപോരുമായി എൻ പ്രശാന്ത് IAS

മരുമകളെ ടിവി കാണാനും, ഉറങ്ങാനും അനുവദിക്കാത്തത് ക്രൂരതയായി കണക്കാനാവില്ലെന്ന് ഹൈക്കോടതി; ശിക്ഷാവിധി റദ്ദാക്കി