INDIA

ഡല്‍ഹി കൊലപാതകം: നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹ ഭാഗം ഉപേക്ഷിക്കാനായി അഫ്താബ് പോകുന്നതിന്റെ ദൃശ്യങ്ങളെന്ന നിഗമനത്തില്‍ പോലീസ്

വെബ് ഡെസ്ക്

ഡല്‍ഹിയില്‍ ജീവിത പങ്കാളിയെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായകമായേക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ശ്രദ്ധ വാള്‍ക്കര്‍ കൊലപാതക കേസിലെ പ്രതി അഫ്താബ് പുലര്‍ച്ചെ ഒരു വലിയ ബാഗുമായി വീടിന് പുറത്തിറങ്ങി നടക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്. ശ്രദ്ധയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിക്കാനായി അഫ്താബ് പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇതെന്നാണ് നിഗമനം. അഫ്താബിന്റെ മൊഴി പ്രകാരം മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിക്കാനായി തിരഞ്ഞെടുത്തിരുന്നത് പുലര്‍ച്ചെ സമയമായതിനാലാണ് അന്വേഷണസംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്. ഒക്ടോബര്‍ 18 നാണ് ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്.

ശ്രദ്ധ വാള്‍ക്കറിനെ മെയ് മാസത്തില്‍ കൊലപ്പെടുത്തിയതിന് ശേഷം അഫ്താബ് 35 കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു. പിന്നീട് പലപ്പോഴായാണ് മൃതദേഹ ഭാഗങ്ങള്‍ ഉപേക്ഷിച്ചത്. കൊലപാതക കേസില്‍ നിര്‍ണായകമാകുന്ന അഫ്താബിന്റേതായ ആദ്യ സിസിടിവി ദൃശ്യങ്ങളാണിവ. മുഖം അത്ര വ്യക്തമല്ലെങ്കിലും ദൃശ്യങ്ങളിലുള്ളത് അഫ്താബ് തന്നെയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നു. ദൃശ്യങ്ങള്‍ സാങ്കേതിക പരിശോധനയ്ക്ക് അയക്കാനും അന്വേഷണസംഘം തീരുമാനിച്ചു.

ബാഗിനുള്ളില്‍ ശ്രദ്ധയുടെ മൃതദേഹത്തിന്റെ ഭാഗങ്ങളാണെന്നാണ് പോലീസ് നിഗമനം

ശ്രദ്ധയുടെ മൃതദേഹം വെട്ടിമുറിക്കാന്‍ ഉപയോഗിച്ചെന്ന് സംശയിക്കുന്ന മൂര്‍ച്ചയുള്ള ആയുധങ്ങള്‍ അഫ്താബിന്റെ താമസസ്ഥലത്ത് നിന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടര്‍ച്ചയായുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ ദിവസം അഫ്താബിനെ ഗുരുഗ്രാമിലെ ജോലിസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കേസന്വേഷണത്തില്‍ നിര്‍ണായക തെളിവാകുന്ന പോളിത്തീന്‍ ബാഗാണ് അന്ന് കണ്ടെത്തിയത്.

ഒക്ടോബര്‍ 18നാണ് ഈ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത്

മൃതദേഹം എങ്ങനെ മുറിക്കുമെന്ന സാങ്കേതിക വശങ്ങള്‍ അഫതാബ് ഇന്റര്‍നെറ്റില്‍ നിന്നും മനസിലാക്കിയിരുന്നു. പ്രത്യേകതരം ആസിഡ് ഉപയോഗിച്ചാണ് രക്തക്കറകള്‍ നീക്കം ചെയ്തിരിക്കുന്നതെന്ന് പോലീസ് പറയുന്നു. കൊലപാതകം നടന്ന ദിവസം അഫ്താബ് ധരിച്ചിരുന്ന വസ്ത്രത്തിലെ രക്തക്കറകള്‍ ഇപ്പോഴും ഉണ്ടായിരിക്കുമെന്നാണ് ഫോറന്‍സിക് വിഭാഗം അവകാശപ്പെടുന്നത്. ഇരുവരുടെയും വസ്ത്രങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ശ്രദ്ധയുടെ രക്തം പുരണ്ട വസ്ത്രങ്ങള്‍ മാലിന്യ വണ്ടിയില്‍ ഉപേക്ഷിച്ചതായാണ് അഫതാബ് പറഞ്ഞത്. അതിനാല്‍ മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ ഇപ്പോള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

കേസിലെ സുപ്രധാന തെളിവായ ശ്രദ്ധയുടെ തലയോട്ടി അടക്കമുളള ശരീരഭാഗം ഇതുവരെ ലഭിച്ചിട്ടില്ല. പത്തോളം ചാക്കില്‍ പൊതിഞ്ഞ ശരീരഭാഗങ്ങളാണ് പോലീസ് ഇതുവരെ കണ്ടെടുത്തത്. 15 ദിവസത്തിനുളളിൽ ഡിഎൻഎ പരിശോധനാ ഫലം ലഭിക്കുന്നതോടെ മാത്രമെ ശരീരഭാഗങ്ങൾ ശ്രദ്ധയുടേതാണെന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്നും പോലീസ് വ്യക്തമാക്കി.

സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകള്‍, ആദ്യഫലസൂചന എട്ടരയോടെ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്