രാഹുല്‍ ഗാന്ധിക്ക് എതിരെ വീണ്ടും അപകീര്‍ത്തി കേസ്. 'ആര്‍എസ്എസ് 21-ാം നൂറ്റാണ്ടിലെ കൗരവര്‍' എന്ന രാഹുലിന്റെ പരാമര്‍ശത്തിന് എതിരെയാണ് പുതിയ പരാതി. ആര്‍എസ്എസ് പ്രവര്‍ത്തകനായ കമല്‍ ഭദോരിയയാണ് ഹരിദ്വാര്‍ കോടതിയെ സമീപിച്ചത്. കേസ് ഏപ്രില്‍ പന്ത്രണ്ടിന് കോടതി പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോദി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കുറ്റക്കാരനാണെന്ന് കോടതി വിധിയെ തുടര്‍ന്ന് ലോക്‌സഭാ അംഗത്വം നഷ്ടപ്പെട്ടതിന് പിന്നാലെയാണ് പുതിയ പരാതി.
"ആർഎസ്എസുകാർ കാക്കി ഹാഫ് പാന്റ് ധരിക്കുകയും ലാത്തി കൈവശം വയ്ക്കുകയും ശാഖകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ഈ കൗരവരോടൊപ്പം രാജ്യത്തെ രണ്ട് മൂന്ന് ശതകോടീശ്വരന്മാരുമുണ്ട്" എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
ഭാരത് ജോഡോ യാത്രയ്ക്കിടെ ജനുവരിയിൽ കുരുക്ഷേത്രയിൽ വച്ചായിരുന്നു പരാതിയ്ക്ക് അടിസ്ഥാനമായ രാഹുൽ ഗാന്ധിയുടെ പ്രസ്താവന. "ആർഎസ്എസുകാർ കാക്കി ഹാഫ് പാന്റ് ധരിക്കുകയും ലാത്തി കൈവശം വയ്ക്കുകയും ശാഖകൾ പ്രവർത്തിപ്പിക്കുകയും ചെയ്യുന്നു. ഈ കൗരവരോടൊപ്പം രാജ്യത്തെ രണ്ട് മൂന്ന് ശതകോടീശ്വരന്മാരുമുണ്ട്" എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇതിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 499, 500 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ക്രിമിനൽ മനനഷ്ടവുമായി ബന്ധപ്പെട്ട രണ്ട് വകുപ്പുകളിലും രണ്ട് വർഷം തടവാണ് പരമാവധി ശിക്ഷ. ഈ വിഷയത്തില്‍ വിശദീകരണം തേടി രാഹുല്‍ ഗാന്ധിയ്ക്ക് അയച്ച നോട്ടീസിനോട് അദ്ദേഹം പ്രതികരിച്ചില്ലെന്നും പരാതിയില്‍ ആരോപിക്കുന്നു.
നേരത്തെ, മോദി സമുദായത്തെ അപമാനിച്ചെന്ന കേസിലായിരുന്നു രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ പിഴയും സൂറത്ത് സിജെഎം കോടതി വിധിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് കര്‍ണാടകയിലെ കോലാറിലെ പ്രസംഗത്തിനിടെ നടത്തിയ പരാമര്‍ശമാണ് നടപടിക്ക് ആധാരം. എല്ലാ കള്ളന്മാരുടേയും പേരിനൊപ്പം മോദിയെന്ന പേര് എങ്ങനെ വരുന്നുവെന്നായിരുന്നു രാഹുലിന്റെ ചോദ്യം. പിന്നാലെ ഗുജറാത്തിലെ മുന്‍ മന്ത്രിയും സൂറത്ത് എംഎല്‍എയുമായ പൂര്‍ണേഷ് മോദി രാഹുലിനെതിരെ പരാതി നല്‍കുകയായിരുന്നു.
കേസില്‍ പരാമാവധി ശിക്ഷ വിധിച്ചെങ്കിലും രാഹുലിന് ജാമ്യം അനുവദിച്ച കോടതി, അപ്പീല്‍ നല്‍കുന്നതിന് 30 ദിവസത്തെ സാവകാശവും അനുവദിച്ചു.
എന്നാല്‍, താന്‍ നടത്തിയ പരാമര്‍ശം ഏതെങ്കിലും സമുദായത്തെ അപമാനിക്കാന്‍ വേണ്ടിയായിരുന്നില്ലെന്നും രാഹുല്‍ കോടതിയില്‍ അറിയിച്ചത്. ലളിത് മോദി, നീരവ് മോദി എന്നിവരുടെ കേസിനെ ഉദ്ധരിച്ചാണ് താന്‍ പ്രസംഗിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാണെന്നും രാഹുല്‍ കോടതിയില്‍ പറഞ്ഞു. ഇതിന് പിന്നാലെ, അദ്ദേഹത്തെ വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കി. സൂറത്ത് കോടതി വിധി മേല്‍ക്കോടതി സ്‌റ്റേ ചെയ്തില്ലെങ്കില്‍ രാഹുല്‍ ഗാന്ധിക്ക് ഇനി തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും വിലക്കുണ്ടാകും.