ഡിസംബര്‍ ഒന്‍പതിന് അരുണാചല്‍പ്രദേശ് അതിര്‍ത്തിയില്‍ തവാങ് സെക്ടറിന് സമീപം യാങ്സെയില്‍ ചൈനീസ് സൈന്യം അതിക്രമിച്ച് കയറിയെന്ന് സ്ഥിരീകരിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. തല്‍സ്ഥിതി അട്ടിമറിക്കാന്‍ ശ്രമിച്ച ചൈനീസ് സേനയെ ഇന്ത്യന്‍ സൈന്യം ശക്തമായി നേരിട്ടെന്നും പ്രതിരോധമന്ത്രി ലോക്സഭയെ അറിയിച്ചു. ഇന്ത്യ - ചൈന സംഘര്‍ഷ പശ്ചാത്തലത്തില്‍ ലോക്സഭയില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
നയതന്ത്ര മാർഗങ്ങളിലൂടെ ചൈനീസ് സേനയുടെ അതിര്‍ത്തി ലംഘനത്തെ കുറിച്ച് ചൈനയെ അറിയിച്ചതായും പ്രതിരോധമന്ത്രി വ്യക്തമാക്കി. ''നമ്മുടെ അതിർത്തികൾ സംരക്ഷിക്കാൻ സൈന്യം പ്രതിജ്ഞാബദ്ധമാണ്. അതിനെ വെല്ലുവിളിക്കാൻ നടത്തുന്ന ഏതൊരു ശ്രമത്തെയും പരാജയപ്പെടുത്തും. സമയബന്ധിതമായും ദൃഢനിശ്ചയത്തോടെയുമുള്ള പോരാട്ടമായിരുന്നു ഇന്ത്യന്‍ സൈന്യം സ്വീകരിച്ചത്.'' - രാജ്നാഥ് സിങ് വ്യക്തമാക്കി.
അതിര്‍ത്തിയിലെ പ്രകോപനത്തിന് പിന്നാലെ ഡിസംബര്‍ 11ന് ഇന്ത്യ - ചൈന പ്രാദേശിക കമാന്‍ഡര്‍മാര്‍ ഫ്ലാഗ് മീറ്റ് നടത്തിയതായി പ്രതിരോധമന്ത്രി വ്യക്തമാക്കി. ചൈനീസ് നടപടികളിലുള്ള പ്രതിഷേധം ഇന്ത്യ അറിയിച്ചു. അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തണമെന്ന് ചൈനയോട് ആവശ്യപ്പെട്ടതായും പ്രതിരോധ മന്ത്രി വ്യക്തമാക്കി. ഏറ്റുമുട്ടലിൽ ഇരുഭാഗത്തും സൈനികർക്ക് പരിക്കേറ്റു. എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ക്ക് ജീവഹാനിയോ ഗുരുതര പരുക്കുകളോ സംഭവിച്ചിട്ടില്ലെന്ന് രാജ്നാഥ് സിങ് സഭയെ അറിയിച്ചു.
വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ ലോക്സഭയിലും രാജ്യസഭയിലും നോട്ടീസ് നല്‍കിയിരുന്നു. ഇതേ ചൊല്ലിയുള്ള ബഹളത്തില്‍ സഭാ നടപടികളും തടസപ്പെട്ടു.
അതിനിടെ ചൈനയുടെ ഭാഗത്ത് നിന്ന് വ്യോമാതിര്‍ത്തി ലംഘനം കൂടി ഉണ്ടായതോടെ ഇന്ത്യ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ്. ചൈനീസ് ഡ്രോണുകള്‍ അതിര്‍ത്തി ലംഘിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ . ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനങ്ങള്‍ മേഖലയില്‍ നിരീക്ഷണ പറക്കല്‍ തുടരുകയാണ്.