തെലങ്കാന സർക്കാരിന്റെ ഭവന പദ്ധതി 
INDIA

നിർമാണം പൂർത്തിയായിട്ടും വീടുകൾ കൈമാറുന്നില്ല; തെലങ്കാന സർക്കാരിന്റെ 2BHK ഭവന പദ്ധതിയില്‍ വിവാദം

2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വീടുകൾ കൈമാറുന്നത് സർക്കാർ വൈകിപ്പിക്കുന്നതെന്ന് പ്രതിപക്ഷം

വെബ് ഡെസ്ക്

തെലങ്കാന സർക്കാരിന്റെ 2BHK ഭവന പദ്ധതി മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും തെലങ്കാന രാഷ്ട്രീയ സമിതിക്കുമെതിരെ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. പദ്ധതി പ്രകാരം നിർമാണം പൂർത്തിയായവയില്‍ ഏകദേശം ഒരുലക്ഷം വീടുകൾ ​ഗുണഭോക്താക്കൾക്ക് കൈമാറാത്തതാണ് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് അടിസ്ഥാനം. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വീടുകൾ കൈമാറുന്നത് സർക്കാർ വൈകിപ്പിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കാലതാമസത്തിന് കാരണമെന്തെന്ന് കൃത്യമായി വിശദീകരിക്കാൻ സർക്കാരിനും സാധിക്കുന്നില്ല.

2 BHK ഭവന പദ്ധതി

തെലങ്കാന രാഷ്ട്ര സമിതി നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര റാവുവിന്റെ അഭിമാന പദ്ധതിയാണിത്. സംസ്ഥാനത്തെ ഭവനരഹിതരായ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങൾക്കും രണ്ട് കിടപ്പുമുറിയുള്ള വീടാണ് പദ്ധതി പ്രകാരം വാ​ഗ്ദാനം ചെയ്യുന്നത്. ഹൈദരാബാദിനെ ചേരി രഹിത ന​​ഗരമാക്കുക എന്നത് കൂടി പദ്ധതിയുടെ ലക്ഷ്യമാണ്. 2015ൽ രൂപം നൽകിയ ഈ പദ്ധതിയാണ് അധികാരത്തിലേക്കുള്ള ടി ആര്‍ എസിന്റെ രണ്ടാംവരവിന് പോലും സഹായകമായത്.

2018-19 സാമ്പത്തിക വർഷത്തിൽ 2,643 കോടി രൂപ പദ്ധതിക്കായി അനുവദിച്ചു. 2020-2021 ബജറ്റിൽ പദ്ധതിക്കായി 11,917 കോടി രൂപ വകയിരുത്തി. 2022 മാർച്ചിൽ തെലങ്കാന സർക്കാർ പദ്ധതി വിപുലീകരിച്ചു. സ്ഥലമുണ്ടെങ്കിലും സ്വന്തമായി വീട് നിർമിക്കാൻ കഴിയാത്തവർക്ക് യൂണിറ്റിന് മൂന്ന് ലക്ഷം രൂപ ചെലവിൽ വീട് നിർമിച്ച് നൽകുന്നതായിരുന്നു ഇത്. നാല് ലക്ഷം പേരാണ് ഇതുപ്രകാരം പദ്ധതിയുടെ ഭാ​ഗമായത്.

പദ്ധതി എവിടെ എത്തിനില്‍ക്കുന്നു?

2BHK ഭവന പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളിൽ 18 ശതമാനം മാത്രമാണ് ഇതുവരെ സംസ്ഥാനത്തെ ഗുണഭോക്താക്കൾക്ക് കൈമാറിയത്. പത്ത് ജില്ലകളിൽ ഒരു വീട് പോലും കൈമാറിയിട്ടില്ലെന്നതാണ് ഇപ്പോഴത്തെ ആരോപണങ്ങൾക്ക് അടിസ്ഥാനം. ജോ​ഗുലംബ ​ഗഡ്‌വാൾ ജില്ലയിൽ 605 വീടുകൾ നിർമാണം പൂർത്തിയായെങ്കിലും ഒന്നുപോലും ​ഗുണഭോക്താക്കളിലേക്ക് എത്തിയില്ല. നാ​ഗർകുർണൂലിൽ 390, അദിലാബാദിൽ 596, കുമുരം ഭീമിൽ 8, പെദ്ദപ്പള്ളിയിൽ 262, ഭൂപാൽപള്ളിയിൽ 930, യദാദ്രി ഭുവന​ഗിരി 481, മേഡ്ചൽ 677 എന്നിങ്ങനെ എണ്ണം വീടുകളുടെ നിർമാണം പൂർത്തിയായിട്ടും കൈമാറിയിട്ടില്ല. നാരായൺപേട്ടയിലും വികരബാദിലും ഒരു വീടിന്റെ പോലും നിർമാണം പൂർത്തിയായിട്ടുമില്ല.

മറ്റു പല ജില്ലകളിലും നിർമാണം പൂർത്തിയായിട്ടും ഏതാനും വീടുകൾ മാത്രമെ അപേക്ഷകർക്ക് കൈമാറിയിട്ടുള്ളൂ. മേഡക്കിൽ 2,245 വീടുകൾ പണി പൂർത്തിയായപ്പോൾ 128 എണ്ണം മാത്രമാണ് കൈമാറിയത്. കാമറെഡ്ഡിയിൽ 4198 2BHK-കൾ നിർമിച്ചിട്ടുണ്ടെങ്കിലും കൈമാറിയത് 651 എണ്ണം മാത്രം. നിസാമാബാദിൽ 2141 വീടുകൾ അനുവദിച്ചെങ്കിലും 207 വീടുകളുടെ നിർമാണം മാത്രമാണ് ആരംഭിച്ചത്. മാഞ്ചേരിയ ജില്ലയിലും ഇതുതന്നെയാണ് സാഹചര്യം. 644 വീടുകൾ നിർമിച്ചെങ്കിലും 30 എണ്ണം മാത്രമാണ് കൈമാറിയത്. ഹനംകൊണ്ടയിൽ 1424 വീടുകളിൽ 224 എണ്ണം മാത്രമാണ് വിതരണം ചെയ്തത്. നൽഗൊണ്ട, രംഗറെഡ്ഡി ജില്ലകളിൽ കൈമാറ്റം ചെയ്യപ്പെട്ട വീടുകളുടെ എണ്ണം ആകെ നിർമിച്ചതിന്റെ ഒരു ശതമാനം മാത്രമാണ്.

കെസിആറിന്റെ ജന്മനാടായ സിദ്ദിപേട്ട്, ഖമ്മം തുടങ്ങി വളരെ ചുരുക്കം ജില്ലകളിൽ നിർമാണം പൂർത്തിയായവയിൽ 30 ശതമാനത്തിലധികം വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. സിദ്ധിപേട്ടയിൽ 9,824 വീടുകളിൽ 4,400 2 BHKകളും ഖമ്മം ജില്ലയിൽ 5,343 വീടുകളിൽ 3,206 വീടുകളും കൈമാറി.

ഏറ്റവും കൂടുതൽ വീടുകൾ അനുവദിച്ച ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലെ സാഹചര്യവും വ്യത്യസ്തമല്ല. ഏറ്റവും കൂടുതൽ അപേക്ഷകരുള്ള ഇവിടെ 56,066 വീടുകൾ സർക്കാർ ഇതുവരെ നിർമിച്ചു. എന്നാൽ ഇതിന്റെ അഞ്ച് ശതമാനമായ 3,313 വീടുകൾ മാത്രമാണ് ഗുണഭോക്താക്കൾക്ക് കൈമാറിയത്.

പ്രതിപക്ഷം ആരോപിക്കുന്നത്

രണ്ടാംതവണയും ടിആര്‍എസിനെ അധികാരത്തിലെത്തിച്ച ഭവനപദ്ധതി ഒരു അവസരത്തിന് കൂടി ഉപയോ​ഗിക്കാനാണ് സർക്കാർ ശ്രമമെന്നാണ് കോൺ​ഗ്രസ് ആരോപണം. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വീടുകൾ കൈമാറാനാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്. ദരിദ്രരേയും ഭവനരഹിതരേയും ഉപയോ​ഗിച്ചാണ് തെലങ്കാന രാഷ്ട്ര സമിതിയുടെ രാഷ്ട്രീയകളികളെന്ന് അവർ കുറ്റപ്പെടുത്തുന്നു. പൊള്ളയായ വാ​ഗ്ദാനങ്ങളിലൂടെ ജനങ്ങളെ വഞ്ചിക്കുകയാണ് ചന്ദ്രശേഖര റാവു എന്ന് സിപിഐയും ആരോപിക്കുന്നു.

സ്‌ട്രോങ് റൂമുകള്‍ തുറന്നു, ആദ്യമെണ്ണുക പോസ്റ്റൽ വോട്ടുകള്‍, ആദ്യഫലസൂചന എട്ടരയോടെ| Wayanad Palakkad Chelakkara Election Results Live

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്