INDIA

'സർചാർജുകൾ ഈടാക്കരുത്', വിമാനക്കമ്പനികളോട് കേന്ദ്രം, നിർദേശം ഡല്‍ഹി വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്നതിന് പിന്നാലെ

വെബ് ഡെസ്ക്

ഡല്‍ഹി വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ ഒന്നിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണ അപകടത്തിന് പിന്നാലെ വിചിത്ര നിര്‍ദേശവുമായി വ്യോമയാന മന്ത്രാലയം. ഡല്‍ഹിയിലേക്കും തിരിച്ചുമുള്ള വിമാനങ്ങളില്‍ അസാധാരണമായ സര്‍ചാര്‍ജുകള്‍ ഒഴിവാക്കണമെന്നാണ് മന്ത്രാലയത്തിന്റെ നിര്‍ദേശം. വെള്ളിയാഴ്ച പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം ആവശ്യപ്പെടുന്നത്. വിമാനനിരക്കുകളില്‍ അസാധാരണമായ വര്‍ധനവുണ്ടായാല്‍ അത് പരിശോധിക്കാനും ആവശ്യമായ നടപടികള്‍ കൈക്കൊള്ളാനും എല്ലാ എയര്‍ലൈനുകളോടും മന്ത്രാലയം നിര്‍ദേശിച്ചു.

ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ മേല്‍ക്കൂര തകര്‍ന്ന സംഭവത്തില്‍ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് മന്ത്രാലയത്തിന്റെ നടപടി. വിഷയത്തില്‍ കൂടുതല്‍ പ്രതിഷേധങ്ങള്‍ ഉയരുന്നത് തടയുകയാണ് ഉത്തരവിന് പിന്നിലെന്നാണ് വിലയിരുത്തല്‍. അപകടത്തെ തുടര്‍ന്ന് ടെര്‍മിനല്‍ 1-ല്‍ നിന്ന് വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ചെക്ക് ഇന്‍ കൗണ്ടറുകള്‍ അടച്ചതെന്ന് വിമാനത്താവള അതോറിറ്റിയുടെ വിശദീകരണം. ടെര്‍മിനല്‍ 1-ല്‍ നിന്ന് ടെര്‍മിനല്‍ 2, 3 എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ മാറ്റുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ നടന്ന അപകടത്തില്‍ ഒരാള്‍ മരിക്കുകയും എട്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ടെര്‍മിനലിന് സമീപം പാര്‍ക്ക് ചെയ്ത ടാക്സി കാറുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ടെര്‍മിനലിന്റെ പിക്കപ്പ് ആന്‍ഡ് ഡ്രോപ്പ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്. മേല്‍ക്കൂരയിലെ ഷീറ്റും സപ്പോര്‍ട്ട് ബീമുകളും തകര്‍ന്നതായി അധികൃതര്‍ പറഞ്ഞു.

അതിനിടെ, ഡല്‍ഹിയില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ പെയ്തിറങ്ങിയത്. 88 വര്‍ഷത്തിനുശേഷമുണ്ടായ കനത്തമഴയാണ് മേഖലയില്‍ ഉണ്ടായെതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വൈദ്യുതി മുടങ്ങുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിനുള്ളില്‍ 228.1 മില്ലിമീറ്റര്‍ മഴ പെയ്തതായാണ് ഡല്‍ഹിയിലെ പ്രധാന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമായ സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയില്‍ രേഖപ്പെടുത്തിയത്.

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്