INDIA

മോദി മന്ത്രിമാരുമായി സംസാരിക്കണം; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമാധാനമായി സമരം ചെയ്യാന്‍ അനുവദിക്കണമെന്ന് കര്‍ഷകർ

നിലവില്‍ പഞ്ചാബില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ ഉഗ്രഹാന്‍ വിഭാഗത്തിന്റെ ട്രെയിന്‍ തടയല്‍ സമരം പുരോഗമിക്കുകയാണ്.

വെബ് ഡെസ്ക്

തങ്ങളുമായുള്ള ചര്‍ച്ചകള്‍ക്കു മുമ്പ് തന്റെ മന്ത്രിസഭയിലെ മന്ത്രിമാരുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകനേതാക്കള്‍. കര്‍ഷകസമരം അവസാനിപ്പിക്കാന്‍ ഇന്ന് മൂന്നു കേന്ദ്രമന്ത്രിമാര്‍ കര്‍ഷകരുമായി ചര്‍ച്ച നടത്തുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനത്തിനു പിന്നാലെയാണ് നേതാക്കളുടെ ആവശ്യം. തങ്ങളുമായി ചര്‍ച്ചയ്‌ക്കെത്തുന്ന കൃഷി, കര്‍ഷക ക്ഷേമ മന്ത്രി അര്‍ജുന്‍ മുണ്ട, വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍, ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് എന്നിവരുമായി ആദ്യം പ്രധാനമന്ത്രി ചര്‍ച്ച നടത്തണമെന്ന് കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പന്‍ദേര്‍ ആവശ്യപ്പെട്ടു.

''കര്‍ഷകാവശ്യങ്ങള്‍ പരിഹരിക്കാന്‍ വരുന്ന കേന്ദ്ര മന്ത്രിമാരുമായി പ്രധാനമന്ത്രി സംസാരിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് ആഗ്രഹവും. ഒന്നുകില്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം, അല്ലെങ്കില്‍ സമാധാനപരമായി സമരം ചെയ്യാന്‍ അനുവദിക്കണം'', അദ്ദേഹം പറഞ്ഞു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചതിനെതിരെയും കര്‍ഷകര്‍ക്ക് പരുക്കേറ്റതിനെയും പന്‍ദേര്‍ വിമര്‍ശിച്ചു.

ഇന്നത്തെ ചര്‍ച്ചയില്‍ തീരുമാനം ആയില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കുന്നത്. ഇത് മൂന്നാം തവണയാണ് കര്‍ഷകരും സര്‍ക്കാരും തമ്മില്‍ ചര്‍ച്ച നടത്തുന്നത്. അതേസമയം പഞ്ചാബില്‍ നിന്നുള്ള കര്‍ഷകര്‍ ശംഭു-ഖാനൗരി അതിര്‍ത്തികളില്‍ ഒത്തുകൂടിയിട്ടുണ്ട്.

നിലവില്‍ പഞ്ചാബില്‍ ഭാരതീയ കിസാന്‍ യൂണിയന്‍ ഉഗ്രഹാന്‍ വിഭാഗം ട്രെയിന്‍ തടയല്‍ സമരം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം നൂറുകണക്കിന് ട്രാക്ടറുകളുമായി ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങിയ കര്‍ഷകരും പോലീസും തമ്മില്‍ പഞ്ചാബ്-ഹരിയാന അതിര്‍ത്തികളില്‍ വലിയ സംഘര്‍ഷമുണ്ടായിരുന്നു. കര്‍ഷകര്‍ക്ക് നേരെ ഡ്രോണ്‍ വഴി പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു. കര്‍ഷകരെ തടയാന്‍ അതിര്‍ത്തികളില്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പോലീസ്.

ഈ സംഘര്‍ഷങ്ങളില്‍ 100ഓളം കര്‍ഷകര്‍ക്കാണ് പരുക്കേറ്റത്. പ്രതിഷേധക്കാരുടെ കല്ലേറില്‍ 24 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതായും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും സംയുക്തമായാണ് ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍