INDIA

കെജ്‌രിവാളിന്റെ ഇടക്കാലജാമ്യത്തില്‍ സുപ്രീം കോടതിയിൽ വാദം പൂര്‍ത്തിയായി, കസ്റ്റഡി നീട്ടി ഡൽഹി കോടതി

ഹർജിയിൽ വ്യാഴാഴ്ച അന്തിമ തീരുമാനം എടുക്കാമോ എന്നു പരിശോധിക്കാമെന്നും അല്ലെങ്കിൽ അടുത്തയാഴ്ച സമയം അനുവദിക്കാമെന്നും ബെഞ്ച് പറഞ്ഞു.

വെബ് ഡെസ്ക്

മദ്യനയഅഴിമതിക്കേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാലജാമ്യത്തില്‍ സുപ്രീം കോടതിയിൽ വാദം പൂര്‍ത്തിയായി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കുര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹർജി പരിഗണിക്കുന്നത്. ഹർജിയിൽ വ്യാഴാഴ്ച അന്തിമ തീരുമാനം എടുക്കാമോ എന്നു പരിശോധിക്കാമെന്നും അല്ലെങ്കിൽ അടുത്തയാഴ്ച സമയം അനുവദിക്കാമെന്നും ബെഞ്ച് പറഞ്ഞു. അതേസമയം, മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ഡല്‍ഹി ഹൈക്കോടതി മെയ് 20വരെ നീട്ടി. പ്രത്യേക കോടതി ജഡ്ജി കാവേരി ബവേജയുടേതാണ് ഉത്തരവ്.


ഹര്‍ജി പരിഗണിക്കവേ കഴിഞ്ഞ ഹിയറങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. അറസ്റ്റ് ചെയ്യാന്‍ ഉത്തരവുകളൊന്നും ഇല്ലാതെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യമാണോയെന്നും കോടതി ചോദിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് ഇന്ന് ഉത്തരം നല്‍കണമെന്നും ബെഞ്ച് നിര്‍ദേശിച്ചിരുന്നു.

കെജ്‌രിവാളിന് ഇടക്കാല ജാമ്യം നല്‍കുന്നത് സാധാരണക്കാര്‍ക്കു തെറ്റായ സന്ദേശം നല്‍കുമെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇന്ന് വാദിച്ചു. ആറ് മാസത്തിനിടെ ഒന്‍പത് തവണയാണ് ഇ ഡിയുടെ സമന്‍സ് കെജ്‌രിവാള്‍ അവഗണിച്ചതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. അന്വേഷണത്തില്‍ സഹകരിക്കുകയും സമന്‍സുകള്‍ ഒഴിവാക്കുകയും ചെയ്തിരുന്നെങ്കില്‍ അരവിന്ദ് കെജ്‌രിവാള്‍ അറസ്റ്റിലാകുമായിരുന്നില്ല എന്തെങ്കിലും ദുരുപയോഗം ഉണ്ടാകുമോയെന്ന് പരിശോധിച്ചാണ് ഇടക്കാല ജാമ്യം അനുവദിക്കുകയെന്നു ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.

അതേസമയം, മോചനം ലഭിച്ചാല്‍ മുഖ്യമന്ത്രി എന്നതരത്തിലുള്ള ഔദ്യോഗിക ഇടപെടലുകള്‍ കെജ്‌രിവാള്‍ നടത്തില്ലെന്ന് ഞങ്ങള്‍ കരുതുന്നെന്നും തിരഞ്ഞെടുപ്പ് എന്നത് ഇല്ലായിരുന്നെങ്കില്‍ ഇടക്കാലജാമ്യം എന്നത് കോടതി പരിഗണിക്കുകയേ ഇല്ലായിരുന്നെന്ന് ജസ്റ്റിസ് ദീപാങ്കുര്‍ ദത്ത നിരീക്ഷിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കെജ്‌രിവാളിന് പങ്കെടുക്കാമെന്നും കോടതി.

ഇടക്കാല ജാമ്യം ലഭിച്ചാല്‍ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളൊന്നും കെകാര്യം ചെയ്യില്ലെന്ന് കെജ്‌രിവാള്‍ കോടതിയെ അറിയിച്ചു.

2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജ്‌രിവാള്‍ ഗോവയിലെ സപ്ത നക്ഷത്ര ഹോട്ടലില്‍ താമസിച്ചത് പ്രതികളുടെ ചെലവിലാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കോടതിയെ അറിയിച്ചു. എഎപിയുടെ പ്രചാരണത്തിനായി അനധികൃത പണം സ്വീകരിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്ത ചന്‍പ്രീത് സിംഗിങ്ങിന്റെ ചെലവിലാണ് ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലാണ് കെജ്‌രിവാള്‍ താമസിച്ചതെന്നാണ് ഇ ഡിയുടെ ആരോപണം. ഇതിനു തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്നും ഇ ഡിക്കുവേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു വാദിച്ചു.

ഇഡിയുടെ അറസ്റ്റ് ചോദ്യം ചെയ്തുകൊണ്ടുള്ള കെജ്‌രിവാളിന്റെ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കുര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് ഇ ഡി അഭിഭാഷകനോട് ചോദ്യങ്ങള്‍ ചോദിച്ചത്. അറസ്റ്റ് ചെയ്യാന്‍ ഉത്തരവുകളൊന്നും ഇല്ലാതെ ക്രിമിനല്‍ നടപടികള്‍ ആരംഭിക്കാന്‍ സാധ്യമാണോയെന്ന് കോടതി ചോദിച്ചു. കെജ്‌രിവാളിന്റെ കേസില്‍ ഇതുവരേയും അറ്റാച്ച്മെന്റ് നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും ജസ്റ്റിസ് ഖന്ന ചൂണ്ടിക്കാട്ടി.

ജാമ്യത്തിന് അപേക്ഷിക്കുന്നതിന് പകരം, അറസ്റ്റിനും റിമാന്‍ഡിനും എതിരെയാണ് കെജ്‌രിവാള്‍ കോടതിയെ സമീപിക്കുന്നത്. ഈ സാഹചര്യത്തില്‍ പിഎംഎല്‍എ നിയമത്തിലെ സെക്ഷന്‍ 19 എങ്ങനെ വ്യാഖ്യാനിക്കുമെന്നും കോടതി ചോദിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിന്റെ സമയം നിര്‍ണയാകമാണെന്ന് കെജ്‌രിവാള്‍ ചൂണ്ടിക്കാണിക്കുന്നുണ്ടെന്ന് നിരീക്ഷിച്ചായിരുന്നു കോടതി, തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്തിനായിരുന്നു അറസ്റ്റ് എന്ന ചോദ്യം ഉന്നയിച്ചത്.

കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) 50-ാം വകുപ്പുപ്രകാരം തന്റെ മൊഴിയെടുത്തില്ലെന്ന് കെജ്രിവാള്‍ ആരോപിച്ച സാഹചര്യത്തില്‍ സമന്‍സിന് ഹാജരാകാത്തകാര്യം സുപ്രീംകോടതി ആരാഞ്ഞിരുന്നു. സമന്‍സ് അയച്ചിട്ടും ഹാജരായില്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എന്താണ് ചെയ്യേണ്ടതെന്നും കെജ്‌രിവാളിനോട് സുപ്രീം കോടതി ചോദിച്ചിരുന്നു.

എന്നാല്‍, ഏപ്രില്‍ 16-ന് കെജ്‌രിവാള്‍ സിബിഐക്ക് മുന്‍പാകെ ഹാജരായി എല്ലാകാര്യങ്ങളും പറഞ്ഞതാണെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിങ്വി സുപ്രീം കോടിതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമന്‍സിന് ഹാജരായില്ല എന്ന കാരണത്താല്‍ അറസ്റ്റുചെയ്യാനാവില്ല. പിഎംഎല്‍എ നിയമപ്രകാരം സഹകരിച്ചില്ല എന്നത് അറസ്റ്റിനുള്ള കാരണമല്ലെന്ന് സുപ്രീംകോടതിതന്നെ മുമ്പ് വ്യക്തമാക്കിയതാണ്. മുഖ്യമന്ത്രിക്ക് പ്രത്യേകപരിരക്ഷയില്ല. എന്നാല്‍, മറ്റു പൗരര്‍ക്കുള്ള അവകാശം അദ്ദേഹത്തിനും നല്‍കണമെന്നും സിങ്വി വാദിച്ചിരുന്നു.

ഇ ഡി അറസ്റ്റ് ചെയ്തതിനെതിരെ കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കെജ് രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അറസ്റ്റും റിമാന്‍ഡും നിയമപരമാണെന്നു നിരീക്ഷിച്ച ഡല്‍ഹി ഹൈക്കോടതി കോടതി, കെജ്‌രിവാളിനെതിരെ ഗൂഢാലോചനയ്ക്ക് തെളിവുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

കെജ്‌രിവാളിന് മുഖ്യമന്ത്രിയെന്ന നിലയിലുള്ള പ്രത്യേക പരിഗണന നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. രാഷ്ട്രീയത്തിനല്ല, നിയമത്തിനാണ് കോടതിയുടെ പ്രഥമ പരിഗണന. രാഷ്ട്രീയ ബന്ധങ്ങളുടെ പശ്ചാത്തലത്തിലല്ല, നിയമ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് വിധിന്യായങ്ങളെഴുതുന്നത്. രാഷ്ട്രീയ പരിഗണനകള്‍ കോടതിക്ക് മുന്നില്‍ കൊണ്ടുവരാനാകില്ല. കോടതിയുടെ മുന്നിലുള്ളത് കേന്ദ്രസര്‍ക്കാരും കെജ്‌രിവാളും തമ്മിലുള്ള തര്‍ക്കമല്ലെന്നും കെജ്‌രിവാളും ഇ ഡിയും തമ്മിലുള്ള കേസാണെന്നും കോടതി നിരീക്ഷിച്ചു.

ഇ ഡി സമര്‍പ്പിച്ച രേഖകളുടെയും ഗോവ തിരഞ്ഞെടുപ്പിന് കെജ്‌രിവാള്‍ പണം നല്‍കിയെന്ന എഎപി സ്ഥാനാര്‍ഥിയുടെയും കൂറുമാറിയ സാക്ഷിയുടെയും മൊഴിയുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റ് നിയമപരമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ നിരീക്ഷിച്ചത്.

മദ്യനയം രൂപീകരിക്കുന്നതില്‍ കെജ്‌രിവാള്‍ ഗൂഢാലോചന നടത്തുകയും കുറ്റകൃത്യത്തില്‍നിന്ന് ലഭിച്ച വരുമാനം ഉപയോഗിക്കുകയും ചെയ്തതായി ഇ ഡി ശേഖരിച്ച വസ്തുക്കള്‍ വ്യക്തമാക്കുന്നു. നയരൂപീകരണത്തിലും കൈക്കൂലി ആവശ്യപ്പെടുന്നതിലും വ്യക്തിപരമായും എഎപി ദേശീയ കണ്‍വീനര്‍ എന്ന നിലയിലും കെജ്‌രിവാള്‍ പങ്കാളിയാണെന്ന് ആരോപിക്കപ്പെടുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടിയിരുന്നു.

മാര്‍ച്ച് 21ന് രാത്രിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 22 ന്, വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു, അത് നാല് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയും ചെയ്തിരുന്നു. പിന്നീടാണ് ഏപ്രില്‍ 15 വരെ കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

അതേസമയം, കെജ്‌രിവാളിന്റെ ജാമ്യം തടയാന്‍ ഇഡി പലവാദങ്ങളും കോടതിയില്‍ ഉന്നയിട്ടിരുന്നു. കെജ്‌രിവാള്‍ തന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് അവകാശപ്പെടുമ്പോള്‍, അദ്ദേഹം മാങ്ങയും മധുര പലഹാരവും പഞ്ചസാര ഇട്ട ചായയും കഴിക്കുകയാണെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കോടതിയെ അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിക്കാനായി മധുരം കഴിച്ച് പഞ്ചസാരയുടെ അളവ് കൂട്ടാനാണ് കെജ്‌രിവാള്‍ ആഗ്രഹിക്കുന്നതെന്നാണ് ഇഡി വാദിച്ചത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ