INDIA

അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്; ഏപ്രില്‍ 15വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

വെബ് ഡെസ്ക്

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ തിഹാര്‍ ജയിലിലേക്ക്. ഡല്‍ഹി കോടതി ഏപ്രില്‍ 15 വരെയാണ് കെജ്‌രിവാളിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

ഇഡി കൂടുതല്‍ റിമാന്‍ഡ് ആവശ്യപ്പെടാത്തതിനെ തുടര്‍ന്ന് റൂസ് അവന്യൂ കോടതികളിലെ പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജയാണ് ജുഡീഷ്യൽ കസ്റ്റഡി ഉത്തരവിട്ടത്. 'സെന്തില്‍ ബാലാജി കേസിലെ സുപ്രീം കോടതി വിധി പ്രകാരം കൂടുതല്‍ കസ്റ്റഡി ആവശ്യപ്പെടാനുള്ള അവകാശത്തിന് വിധേയമായി ഞങ്ങള്‍ ജുഡീഷ്യല്‍ കസ്റ്റഡി ആവശ്യപ്പെടുന്നു,' - ഇഡി അഭിഭാഷകന്‍ പറഞ്ഞു. ഇത് ജഡ്ജി അംഗീകരിക്കുകയായിരുന്നു.

ജയിലില്‍ വായിക്കാനായി ഭഗവത്ഗീത, രാമായണം, നീര്‍ജ ചൗധരിയുടെ ഹൗ പ്രൈം മിനിസ്റ്റേഴ്‌സ് ഡിസൈഡ് എന്നീ പുസ്തകങ്ങള്‍ കെജ്‌രിവാള്‍ ആവശ്യപ്പെട്ടു. പുസ്‌കതകങ്ങള്‍ കൂടാതെ, പ്രത്യേക ഭക്ഷണം, മതപരമായ ലോക്കറ്റ് എന്നിവ അനുവദിക്കാനും ഡല്‍ഹി മുഖ്യമന്ത്രി അപേക്ഷ നല്‍കിയിട്ടുണ്ട്.

മാര്‍ച്ച് 21ന് രാത്രിയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കെജ്‌രിവാളിനെ കോടതിയില്‍ ഹാജരാക്കിയത്. മാര്‍ച്ച് 22 ന്, വിചാരണ കോടതി അദ്ദേഹത്തെ ആറ് ദിവസത്തെ ഇ ഡി കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു, അത് നാല് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു.

ചില സ്വകാര്യ കമ്പനികള്‍ക്ക് മൊത്ത വ്യാപാര ലാഭത്തിന്റെ 12 ശതമാനത്തിന്റെ നല്‍കാനുള്ള നയത്തിന്റെ ഭാഗമായാണ് എക്സൈസ് നയം നടപ്പിലാക്കിയതെന്നാണ് ഇഡിയുടെ ആരോപണം. മൊത്തകച്ചവടക്കാര്‍ക്ക് അസാധാരണ ലാഭം നല്‍കാന്‍ വിജയ് നായരും സൗത്ത് ഗ്രൂപ്പും ചേര്‍ന്ന് ഗൂഢാലോചന നടത്തിയതായും കേന്ദ്ര ഏജന്‍സി പറയുന്നു. വിജയ് നായര്‍ കെജ്രിവാളിനും സിസോദിയയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് ഇഡി ആരോപണം. നിലവില്‍ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, രാജ്യ സഭ എംപി സഞ്ജയ് സിങ്, ആം ആദ്മി നേതാവ് വിജയ് നായര്‍ എന്നിവരെ ഈ കേസില്‍ ഇഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും