ഡൽഹി മുഖ്യമന്ത്രിയായി അതിഷി ചുമതലയേറ്റു. ഓഫീസിൽ തന്റെ കസേരയ്ക്കടുത്ത് ചുമതലയൊഴിഞ്ഞ മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കസേര ഒഴിപ്പിച്ചിട്ടാണ് അതിഷി ചുമതലയേറ്റത്. തങ്ങളുടെ നേതാവ് കെജ്‌രിവാൾ തന്നെയാണ് എന്ന സന്ദേശം നൽകുകയാണ് ഇതിലൂടെ അതിഷിയുടെ ഉദ്ദേശം.
ഈ സർക്കാർ അവസാനിക്കുന്നതുവരെയുള്ള കാവൽ മുഖ്യമന്ത്രിയായാണ് ആം ആദ്മി അതിഷിയെ കാണുന്നത്. രാമായണത്തിൽ രാമാനുവേണ്ടി ഭരതൻ സിംഹാസനത്തിൽ രാമന്റെ ചെരുപ്പുവച്ചതുപോലെ അരവിന്ദ് കെജ്‌രിവാളിന് വേണ്ടി താൻ ഈ കസേര ഒഴിച്ചിടുന്നു എന്നും, ഇനി വീണ്ടും കെജ്‌രിവാൾ മുഖ്യമന്ത്രിയാകുന്നതുവരെ ഈ കസേര ഒഴുഞ്ഞു തന്നെ കിടക്കുമെന്നുമാണ് അതിഷി മാധ്യമങ്ങളോട് പറഞ്ഞത്.
അതിഷിയുടെ പ്രസ്താവനയെ കളിയാക്കിക്കൊണ്ട് ബിജെപി രംഗത്തെത്തി. കെജ്‌രിവാൾ റീമോർട് കണ്ട്രോൾ ഉപയോഗിച്ചാണോ ഈ സർക്കാരിനെ നിയന്ത്രിക്കാൻ പോകുന്നതെന്നായിരുന്നു ബിജെപിയുടെ പരിഹാസം.
സെപ്തംബര് 14 നാണ് ഡല്‍ഹി മദ്യനയക്കേസിൽ ജാമ്യം നേടി അരവിന്ദ് കെജ്‌രിവാൾ തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. തൊട്ടടുത്ത ദിവസം റോഡ്ഷോയും പൊതുയോഗവും സംഘടിപ്പിച്ച കെജ്‌രിവാൾ രണ്ടു ദിവസത്തിനകം തന്റെ പിൻഗാമിയെ പ്രഖ്യാപിക്കും എന്ന് പറഞ്ഞു. ശേഷമാണ് ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രിയായി അതിഷയുടെ പേര് കെജ്‌രിവാൾ പാർട്ടി യോഗത്തിൽ നിര്ദ്ദേശിക്കുന്നതും അത് ഏകകണ്ഠമായി അംഗീകരിക്കപ്പെടുന്നതും. കെജ്‌രിവാളിനെ പോലീസ് അറസ്റ്റു ചെയ്ത സമയത്ത് ഡൽഹിയിലെ തെരുവുകളിൽ കെജ്‌രിവാളിന് വേണ്ടി സമരം നയിച്ചതും പാർട്ടിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചതും അതിഷിയായിരുന്നു.
2025ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി സ്‌മൃതി ഇറാനിയായിരിക്കും എന്ന സൂചനകൾ പുറത്ത് വന്ന സാഹചര്യത്തിലാണ് അതിഷിയുടെ പേര് നിർദേശിച്ചത് എന്നതുകൊണ്ട് തന്നെ ഈ സർക്കാരിന്റെ കാലാവധി കഴിഞ്ഞാലും, അടുത്ത തിരഞ്ഞെടുപ്പിലെ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അതിഷി തന്നെ വരാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകർ തള്ളിക്കളയുന്നില്ല.
ഇത്തരത്തിൽ മുന്മുഖ്യമന്ത്രിക്കായി കസേര ഒഴിച്ചിട്ട മറ്റൊരു സന്ദർഭം തമിഴ്‌നാട്ടില്‍ ജയലളിതയുടെ സമയത്താണ്. ജയലളിതയ്ക്ക് ശേഷം ഒ പനീർ സെൽവം മുഖ്യമന്ത്രിയായ സമയത്താണ് നിയമസഭയിൽ ജയലളിത ഇരുന്ന സീറ്റിൽ താൻ ഇരിക്കില്ല എന്നും അത് ഒഴിച്ചിടണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.