INDIA

ന്യൂസ് ക്ലിക്ക്‌ പത്രാധിപര്‍ക്കും എച്ച്ആറിനും റിമാന്‍ഡ് റിപ്പോര്‍ട്ട് ലഭ്യമാക്കണം: ഡല്‍ഹി കോടതി

ന്യൂസ്‌ക്ലിക്കിന്റെ അഭിഭാഷകൻ അർഷ്ദീപ് സിംഗ് എഫ്ഐആറിന്റെ പകര്‍പ്പും റിമാന്‍ഡ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു

വെബ് ഡെസ്ക്

യുഎപിഎ പ്രകാരം അറസ്റ്റിലായി റിമാന്‍ഡ് ചെയ്യപ്പെട്ട ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ന്യൂസ്ക്ലിക്കിന്റെ സ്ഥാപകനും പത്രാധിപരുമായ പ്രബീര്‍ പുരകായസ്തയ്ക്കും എച്ച് ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിക്കും ഡല്‍ഹി പോലീസിന്റെ റിമാന്‍ഡ് അപേക്ഷയുടെ പകര്‍പ്പ് ലഭ്യമാക്കണമെന്ന് കോടതി. നിലവില്‍ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് ഇരുവരും.

ന്യൂസ്‌ക്ലിക്കിന്റെ അഭിഭാഷകൻ അർഷ്ദീപ് സിംഗ് എഫ്ഐആറിന്റെ പകര്‍പ്പും റിമാന്‍ഡ് റിപ്പോര്‍ട്ടും ആവശ്യപ്പെട്ട് ഡൽഹി പട്യാല ഹൗസ് കോടതിയെ സമീപിച്ചിരുന്നു. റിമാൻഡിന്റെ പകര്‍പ്പ് ലഭ്യമാക്കുന്നതില്‍ ന്യൂസ്‌ക്ലിക്കിന് അനുകൂലമായ നിലപാട് കോടതി സ്വീകരിച്ചു. എന്നാല്‍ എഫ്ഐആറിന്റെ പകര്‍പ്പ് സംബന്ധിച്ചുള്ള അപേക്ഷ പുരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. അഭിഭാഷകനെ കാണാനുള്ള അനുമതിയും ഇരുവര്‍ക്കും കോടതി നല്‍കി.

അഭിഭാഷകനെ കാണാന്‍ അനുമതി നൽകുന്നതിന് മുമ്പ്, യുഎപിഎ പ്രകാരം ഫയൽ ചെയ്ത കേസുകളിൽ അഭിഭാഷകനെ കാണാന്‍ പ്രതികളെ അനുവദിച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. അറസ്റ്റിലാവുകയോ കസ്റ്റഡിയിൽ കഴിയുന്നതോ ആയ ഏതോരു വ്യക്തിക്കും ഒരു നിയമസഹായം തേടാനുള്ള അനുമതി നിഷേധിക്കാനാവില്ലെന്ന് ന്യൂസ് ക്ലിക്കിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

തങ്ങള്‍ക്ക് എഫ്ഐആറിന്റെ പകര്‍പ്പ് നല്‍കിയിട്ടില്ലെന്നും ചുമത്തിയിരിക്കുന്ന കുറ്റം സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ കൈമാറിയിട്ടില്ലെന്നും ചൂണ്ടിക്കാണിച്ച് ന്യൂസ് ക്ലിക്ക് പ്രസ്താവന പുറത്തിറക്കിയിരുന്നു. വെബ്സൈറ്റില്‍ ചൈനീസ് പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് യുഎപിഎ കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നു മാത്രമാണ് അറിയാന്‍ കഴിഞ്ഞത്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമപ്രവര്‍ത്തകരുടേയും ജീവനക്കാരുടേയും വീടുകളില്‍ റെയ്ഡ് നടത്തിയതെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ ഡല്‍ഹി പോലീസ് പ്രത്യേക വിഭാഗം ഇന്നലെ റെയ്ഡ് നടത്തിയതിന് പിന്നാലെയായിരുന്നു പ്രബീറിനെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റിനെതിരെ യുഎപിഎ പ്രകാരം കേസെടുത്തശേഷമാണ് അതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. ഇന്നലെ പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനപരമായ നിലപാടുകള്‍ സ്വീകരിച്ചതിനുപിന്നാലെയൈണ് ന്യൂസ് ക്ലിക്കിന് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണം ഉയര്‍ന്നത്.

2023 ഓഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ യുഎസ് ശതകോടീശ്വരനായ നെവില്‍ റോയ് സിങ്കം ന്യൂസ് ക്ലിക്കിന് ധനസഹായം നല്‍കുന്നതായി ആരോപിച്ചിരുന്നു. ചൈനീസ് മാധ്യമശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വ്യവസായിയാണ് നെവില്‍ റോയ്. എന്നാല്‍ ഈ ആരോപണങ്ങളെല്ലാം ന്യൂസ് ക്ലിക്ക് പുറത്ത് വിട്ട പ്രസ്താവനയില്‍ നിഷേധിച്ചിട്ടുണ്ട്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി