INDIA

ന്യൂസ്ക്ലിക്ക് കേസ്: പ്രബീർ പുരകായസ്ഥയുടെ ജുഡീഷ്യല്‍ കസ്റ്റഡി വീണ്ടും നീട്ടി

ഫെബ്രുവരി 17 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്

വെബ് ഡെസ്ക്

യുഎപിഎ കേസില്‍ ന്യൂസ്ക്ലിക്ക് സ്ഥാപകനും എഡിറ്ററുമായ പ്രബീർ പുരകായസ്ഥയുടെയും എച്ച്ആർ തലവന്‍ അമിത് ചക്രവർത്തിയുടെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി ഡല്‍ഹി കോടതി. ഫെബ്രുവരി 17 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. ചൈനയില്‍ നിന്ന് അനധികൃതമായി പണം സ്വീകരിച്ചെന്ന് ആരോപിച്ച് ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ഒക്ടോബർ മൂന്നിനാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. നവംബറിലാണ് ഇരുവരേയും ആദ്യം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.

കശ്മീരും അരുണാചല്‍ പ്രദേശും ഇന്ത്യയുടെ ഭാഗമല്ലെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങള്‍, കോവിഡിനെതിരായ കേന്ദ്ര സർക്കാരിന്റെ പ്രതിരോധ നടപടികളെ അപകീർത്തിപ്പെടുത്തി, കർഷക സമരത്തിന് സാമ്പത്തിക സഹായം നല്‍കി തുടങ്ങിയ ആരോപണങ്ങളാണ് പ്രബീർ പുരകായസ്ഥയ്‌ക്കെതിരായ എഫ്ഐആറില്‍ ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ ഉന്നയിച്ചിരിക്കുന്നത്.

ന്യൂസ്ക്ലിക്കിന്റെ സ്ഥാപനങ്ങളിലും ജീവനക്കാരുടെ വീടുകളിലും നടത്തിയ തെരച്ചിലിനൊടുവിലായിരുന്നു പ്രബീറിനേയും അമിതിനേയും അറസ്റ്റ് ചെയ്തത്. മുംബൈയിലും ഡല്‍ഹിയിലുമായി നടത്തിയ തെരച്ചിലിനൊടുവില്‍ 46 പേരെ ചോദ്യം ചെയ്യുകയും ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ന്യൂസ്ക്ലിക്കിന്റെ ഓഫീസ് ഡല്‍ഹി പോലീസ് സീല്‍ ചെയ്തിരുന്നു.

ഇന്ത്യയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും തകർക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി ഗൂഢാലോചന നടത്തുകയും ഇന്ത്യയില്‍ കോടിക്കണക്കിന് വിദേശഫണ്ട് നിക്ഷേപിച്ചതായും ആരോപണമുണ്ടെന്ന് എഫ്ഐആർ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

4.27 ലക്ഷം ഇ-മെയില്‍ സന്ദേശങ്ങള്‍ പരിശോധിച്ചതില്‍നിന്ന് കശ്മീർ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം എങ്ങനെ സൃഷ്ടിക്കാമെന്നും അരുണാചല്‍ പ്രദേശിനെ തർക്കഭൂമിയാക്കി ചിത്രീകരിക്കാമെന്നും പ്രതികള്‍ ചർച്ച ചെയ്തതായും പോലീസ് ആരോപിക്കുന്നു. 115 കോടി രൂപയിലധികം വിദേശഫണ്ട് ലഭിച്ചതായും റിമാന്‍ഡ് റിപ്പോർട്ടില്‍ പറയുന്നു.

പ്രബീറിനായി അഭിഭാഷകനായ അർഷദീപ് സിങ്ങാണ് ഹാജരായത്. കേസില്‍ അടുത്തിടെ മാപ്പുസാക്ഷിയായ അമിതിനായി സുപ്രീംകോടതി അഭിഭാഷകനായ ലളിത് കുമാറും ഹാജരായി.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ