INDIA

'ഹര്‍ജിയില്‍ കാര്യമില്ല'; ഉമര്‍ ഖാലിദിന് വീണ്ടും ജാമ്യം നിഷേധിച്ച് കോടതി

വെബ് ഡെസ്ക്

2020-ലെ ഡല്‍ഹി കലാപത്തിന്റെ പേരില്‍ അറസ്റ്റിലായ ജെഎന്‍യു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യ ഹർജി വീണ്ടും തള്ളി. ഡല്‍ഹി കർകർദുമ കോടതിയാണ് ഹർജി തള്ളിയത്. യുഎപിഎ കേസില്‍ 2020 സെപ്റ്റംബര്‍ മുതല്‍ ഉമർ ജയിലില്‍ കഴിയുകയാണ്. കേസിലെ കാലതാമസം ചൂണ്ടിക്കാണിച്ചാണ് ഉമർ ജാമ്യം തേടിയത്. മേയ് 13-ന് പ്രത്യേക ജഡ്ജ് സമീർ ബാജ്‍പയ് ഉമറിന്റെ ജാമ്യ ഹർജി ഉത്തരവിനായി മാറ്റിവെക്കുകയായിരുന്നു.

ഹർജി അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഡല്‍ഹി പോലീസ് സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടർ (എസ്‍പിപി) ജാമ്യത്തെ എതിർത്തത്. ഡല്‍ഹി പോലീസിന്റെ കുറ്റപത്രത്തില്‍ ഉമറിനെതിരെ ഒരു തരത്തിലുമുള്ള ഭീകരവാദ ആരോപണങ്ങളില്ലെന്ന് ഉമറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. ഉമറിന് പേര് ആവർത്തിക്കുക മാത്രമാണുണ്ടായിട്ടുള്ളതെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

പലതവണ പേര് ആവർത്തിച്ച് പറഞ്ഞതുകൊണ്ട് മാത്രം നുണ സത്യമായി മാറില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ഉമറിനെതിരെ നടക്കുന്ന മാധ്യമവിചാരണയെക്കുറിച്ചും അഭിഭാഷകന്‍ കോടതിയില്‍ പരാമർശിച്ചു. 2020 ഡല്‍ഹിയില്‍ 23 ഇടത്ത് പ്രതിഷേധം ആസൂത്രണം ചെയ്തത് ഉമറിന്റെ നേതൃത്വത്തിലാണെന്നും ഇത് പിന്നീട് കലാപമായി മാറുകയായിരുന്നുവെന്നുമാണ് ഡല്‍ഹി പോലീസിന്റെ ആരോപണം.

ഫെബ്രുവരിയില്‍ സൂപ്രീം കോടതിയില്‍ സമർപ്പിച്ച ഹർജി പിന്‍വലിച്ചതിന് ശേഷമായിരുന്നു കീഴ്കോടതിയെ സമീപിച്ചത്. സന്ദേശങ്ങള്‍ പങ്കുവെക്കുന്നതൊരു ക്രിമിനല്‍ കുറ്റമാണോയെന്നും ഉമറിന്റെ അഭിഭാഷകന്‍ കോടതിയോട് ചോദിച്ചു.

ലിങ്കുകള്‍ പങ്കുവച്ച് ഉമർ ഗൂഢാലോചന നടത്തുകയാണ് ചെയ്തതെന്ന് എസ്‌പിപി ആരോപിച്ചു. എന്നാല്‍ ഉമറിന്റെ അഭിഭാഷകന്‍ ഈ ആരോപണങ്ങളെല്ലാം തള്ളുകയായിരുന്നു. ഉമറിന്റേതിന് സമാനമായ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട നതാഷ നാർവാള്‍, ദേവാംഗന കലിത, ആസിഫ് ഇക്ബാല്‍ എന്നിവർക്ക് ജാമ്യം ലഭിച്ച സാഹചര്യവും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

ജാമ്യപേക്ഷ പരിഗണിക്കുന്ന സമയത്ത് മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും വിവരണങ്ങള്‍ സൃഷ്ടിക്കുന്നത് ഉമറിന്റെ ശൈലിയാണെന്ന് എസ്‌പിപി ഹർജിയെ എതിർത്തുകൊണ്ട് പറഞ്ഞു. സമൂഹിക പ്രവർത്തകരായ ടീസ്‍ത സെതല്‍വാദ്, ആകാർ പട്ടേല്‍, കൗശിക് രാജ്, സ്വാതി ചതുർവേദി, അർജു അഹമ്മദ് എന്നിവരുടെ ട്വീറ്റും അഭിഭാഷകന്‍ ചൂണ്ടിക്കാണിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും