പ്രണയ നൈരാശ്യത്തിനെ തുടർന്ന് കാമുകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പങ്കാളിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പരീക്ഷയിലെ മോശം പ്രകടനത്തിന്റെ പേരിൽ ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്യുകയോ പരാതിക്കാരൻ തന്റെ കേസ് കോടതി തള്ളിയതിന്റെ പേരിൽ ആത്മഹത്യ ചെയ്യുകയോ ചെയ്താൽ, പരീക്ഷ നടത്തിപ്പുകാരനെയോ അഭിഭാഷകരെയോ കുറ്റക്കാരാക്കാൻ കഴിയാത്ത പോലെയാണ് ഇതെന്നും ജസ്റ്റിസ് അമിത് മഹാജൻ പറഞ്ഞു.
ഡൽഹി സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിന്റെ പിതാവിന്റെ പരാതിയിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി യുവാവിന്റെ കാമുകിയായിരുന്ന യുവതിക്കെതിരെയും മറ്റൊരു പുരുഷനെതിരെയും കേസ് എടുത്തിരുന്നു. ഈ കേസിലാണ് കോടതി മുൻകൂർ ജാമ്യം നൽകിയത്.
ആത്മഹത്യ ചെയ്ത യുവാവിനെ സത്രീയും പുരുഷനും അധിക്ഷേപിച്ചെന്നും 'പുരുഷത്വം' ഇല്ലെന്ന് പറഞ്ഞ് കളിയാക്കിയെന്നും ഇതിനെ തുടർന്നാണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്നുമാണ് യുവാവിന്റെ പിതാവ് നൽകിയ കേസിൽ പറയുന്നത്.
തങ്ങൾ ഇരുവരും ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടുണ്ടെന്നും ഉടൻ വിവാഹം കഴിക്കുമെന്നും പറഞ്ഞാണ് പ്രതികൾ യുവാവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നും ആരോപണം ഉണ്ടായിരുന്നു.
എന്നാൽ മരിച്ചയാൾ സെൻസിറ്റീവ് സ്വഭാവമുള്ള വ്യക്തിയാണെന്ന് റെക്കോർഡ് ചെയ്ത വാട്ട്സ്ആപ്പ് ചാറ്റുകൾ തെളിയിക്കുന്നത് ജസ്റ്റിസ് മഹാജൻ നിരീക്ഷിച്ചു, സ്ത്രീ തന്നോട് സംസാരിക്കാൻ വിസമ്മതിക്കുമ്പോഴെല്ലാം ആത്മഹത്യ ചെയ്യുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തന്നയാളായിരുന്നു മരിച്ച വ്യക്തിയെന്നും കോടതി നിരീക്ഷിച്ചു.
''മരിച്ചയാൾ ആത്മഹത്യാ കുറിപ്പിൽ കുറ്റാരോപിതരുടെ പേര് എഴുതിയിരുന്നു എന്നത് ശരിയാണ്, എന്നാൽ, മരണപ്പെട്ടയാളുടെ ആത്മഹത്യാക്കുറിപ്പിൽ ഭീഷണിയുടെ സ്വഭാവത്തെക്കുറിച്ച് ഒന്നും പരാമർശിച്ചിട്ടില്ല' എന്നും കോടതി ചൂണ്ടിക്കാട്ടി.
സ്ത്രീയുമായുള്ള പ്രണയബന്ധം പരാജയപ്പെട്ടതിന്റെ പേരിൽ പ്രതി മരിച്ചയാളെ കളിയാക്കിയെന്ന ആരോപണം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 306 പ്രകാരം ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രേരണയായി തോന്നുന്നില്ലെന്നും കോടതി പറഞ്ഞു.
രണ്ട് കുറ്റാരോപിതർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. യുവതിക്ക് വേണ്ടി അഭിഭാഷകൻ വിനീത് ജെയിൻ ഹാജരായി.മുതിർന്ന അഭിഭാഷകൻ മനീന്ദർ സിംഗ്, അഭിഭാഷകരായ അർജുൻ സഞ്ജയ്, ഏക്ത വാട്‌സ്, സിമ്രാൻ ചൗധരി എന്നിവരാണ് കുറ്റാരോപിതന് വേണ്ടി ഹാജരായത്.
അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ഉത്കർഷ് സംസ്ഥാനത്തിന് വേണ്ടിയും ഹാജരായി. പരാതിക്കാരന് (മരിച്ചയാളുടെ പിതാവ്) വേണ്ടി അഭിഭാഷകയായ ഉർവ്വശി ശർമ്മയും ഹാജരായി.