INDIA

കാൻസർ രോഗികളുടെ എണ്ണത്തിൽ വർധന; ഡൽഹിയിൽ പുകയില ഉത്പന്ന നിരോധനം ഒരു വർഷം കൂടി നീട്ടി

വായിൽ കാൻസർ വരുന്ന രോഗികളുടെ എണ്ണം ഡൽഹിയിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിരോധനം

വെബ് ഡെസ്ക്

ഡൽഹിയിൽ ഗുട്ഖ, പാൻ മസാല എന്നിവയുൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങളുടെ നിരോധനം ഒരു വർഷം കൂടി നീട്ടി. നിർമാണത്തിനും വിൽപ്പനയ്ക്കുമുള്ള നിരോധനമാണ് ലഫ്റ്റനന്റ് ഗവർണർ വി കെ സക്‌സേന ഒരു വർഷത്തേക്ക് നീട്ടിയത്. നിർദേശം കർശനമായി നടപ്പാക്കണമെന്നും വീഴ്ച വരുത്താൻ അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കി. പുകയില ഉത്പന്നങ്ങൾ കുട്ടികളുടെയും യുവാക്കളുടെയും ഭാവിയെ ബാധിക്കുന്നുണ്ടെന്നും അതിനാൽ ഭാവി തലമുറയെ ഈ വിപത്തിൽ നിന്ന് രക്ഷിക്കണമെന്നും സക്‌സേന പറഞ്ഞു.

വായിൽ കാൻസർ വരുന്ന രോഗികളുടെ എണ്ണം ഡൽഹിയിൽ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നിരോധനം. ഈ വർഷം ഏപ്രിലിൽ ഗുഡ്ക, പാൻ മസാല അടങ്ങിയ പുകയിലയുടെയും സമാനമായ ഉത്‌പന്നങ്ങളുടെയും നിർമാണം, വിൽപ്പന എന്നിവയ്ക്ക് തലസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ഏർപ്പെടുത്തിയ നിരോധനം ഡൽഹി ഹൈക്കോടതി ശരിവച്ചിരുന്നു.

പുകയില ഉത്പന്നങ്ങളുടെ നിരോധനത്തിന് ലഫ്റ്റനന്റ് ഗവർണറുടെ അംഗീകാരം ലഭിച്ചതോടെ ഡൽഹി സർക്കാരിന്റെ ഭക്ഷ്യസുരക്ഷാ വകുപ്പ് വിജ്ഞാപനം ഉടൻ തന്നെ പുറപ്പെടുവിക്കും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ 2011-ലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ (വിൽപന നിരോധനവും നിയന്ത്രണങ്ങളും) പ്രകാരം പുകയിലയും നിക്കോട്ടിനും അടങ്ങിയ ഉത്പന്നങ്ങളുടെ വില്പന നിരോധിക്കുകയും നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ