INDIA

ഡൽഹി വെള്ളപ്പൊക്കം മനഃപൂർവം സൃഷ്ടിച്ചത്; ഹരിയാന സർക്കാരിനെ ബിജെപി ഉപയോഗിച്ചു; ആരോപണവുമായി ആം ആദ്മി പാർട്ടി നേതാക്കൾ

എന്നാല്‍ ആരോപണം നിഷേധിച്ച് ഹരിയാന സർക്കാർ. ആം ആദ്മി പാർട്ടിയുടെ വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്.

വെബ് ഡെസ്ക്

ഡൽഹിയിലേക്ക് ഹഥിനിക്കുണ്ഡ് അണക്കെട്ട് വഴി മനപ്പൂർവം വെള്ളം തിരിച്ച് വിടാൻ ഹരിയാന സർക്കാരിനെ ബിജെപി ഉപയോഗിച്ചു എന്ന ആരോപണവുമായി ആം ആദ്മി പാർട്ടി. എന്നാല്‍ ആരോപണം നിഷേധിച്ച് ഹരിയാന സർക്കാർ. ആം ആദ്മി പാർട്ടിയുടെ വാദങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. ഒരു ലക്ഷം ക്യുസെക്‌ ജലം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുക്കി വിടാൻ കഴിയില്ലെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

അതേസമയം കേന്ദ്ര ജല കമ്മീഷന്റെ മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് ഒരു ലക്ഷം ക്യുസെക്‌സിൽ കൂടുതൽ ജലം പടിഞ്ഞാറൻ യമുന കനാലിലേക്കും കിഴക്കൻ യമുന കനാലിലേക്കും ഒഴുക്കി വിടാൻ കഴിയില്ലെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു.

കേന്ദ്ര ജല കമ്മീഷന്റെ നിർദ്ദേശപ്രകാരം ഹഥിനിക്കുണ്ഡ് അണക്കെട്ടിൽ നിന്ന് ഒരു ലക്ഷത്തിൽ കൂടുതല്‍ നീരൊഴുക്ക് ഉണ്ടായാൽ വലിയ പാറക്കെട്ടുകൾ തടസം സൃഷ്ടിക്കുന്നതിനാൽ പടിഞ്ഞാറൻ യമുനയിലേക്കും കിഴക്കന്‍ യമുനയിലേക്കും വെള്ളം ഒഴുക്കി വിടാൻ സാധിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനുമായ (ഇറിഗേഷൻ) ദേവേന്ദ്ര സിംഗ് പറഞ്ഞു.

ഇങ്ങനെ ജലം ഒഴുക്കുന്നത് അണക്കെട്ടിന്റെ ഘടനയ്ക്ക് കേടുപാടുകൾ വരുത്തും. അതിനാൽ കനാലുകളുടെ പ്രധാന റെഗുലേറ്റർ ഗേറ്റുകൾ അടയ്ക്കുകയും പകരം ക്രോസ് റെഗുലേറ്ററുകൾ ഗേറ്റുകൾ തുറന്ന് വെള്ളം യമുന നദിയിലേക്ക് ഒഴുക്കുകയുമാണ് ചെയുന്നത്.

ഇതിൽ അസ്വാഭികമായ ഒന്നുമില്ലെങ്കിലും അനാവശ്യമായ വിവാദങ്ങൾ സൃഷ്ടിച്ച് വെള്ളപ്പൊക്ക മുൻകരുതലെടുക്കാതെ അലംഭാവം കാണിച്ചത് മറച്ച് വയ്ക്കാനുള്ള ഡൽഹി സർക്കാരിന്റെ ശ്രമമാണിതെന്നും ദേവേന്ദ്ര സിംഗ് പറഞ്ഞു.

ഉത്തർ പ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലേക്ക് ഹഥിനിക്കുണ്ഡ് അണക്കെട്ടിൽ നിന്നും ഒരേ അളവിൽ ജലം ഒഴുക്കി വിടാമായിരുന്നെങ്കിലും ജൂലൈ 9 മുതൽ 13 വരെ ഡൽഹിയിലേക്ക് മാത്രമാണ് വെള്ളം ഒഴുക്കി വിട്ടത്. ഈ മൂന്ന് സംസ്ഥാനങ്ങളിലേക്കും ഒരേ അളവിൽ ജലം തുറന്നു വിട്ടിരുന്നെങ്കിൽ യമുനയോട് ചേർന്നുള്ള പ്രദേശങ്ങൾ കൂടുതൽ സുരക്ഷിതമാകുമായിരുന്നെന്ന് മുതിർന്ന ആം ആദ്മി പാർട്ടി നേതാവും രാജ്യസഭ എംപിയുമായ സഞ്ജയ് സിംഗ്, പാർട്ടി വക്താവ് പ്രിയങ്ക കാക്കാർ എന്നിവർ നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മൂന്ന് ദിവസമായി മഴയില്ലെങ്കിലും ഡൽഹി വെള്ളപ്പൊക്കമുണ്ടായ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടതായും സഞ്ജയ് സിംഗ് ചൂണ്ടിക്കാട്ടി.

ഹിമാചൽ പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, ഡൽഹി എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളാണ് വെള്ളപൊക്കത്തിന്റെ ആഘാതം നേരിടുന്നത്. എന്നാൽ ഡൽഹിയിൽ മൂന്ന് ദിവസമായി മഴ പെയ്യാതിരുന്നിട്ടും വെള്ളപൊക്കത്തിന്റെ ദുരിതങ്ങൾ ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് ഇവിടെയാണ്. യമുനയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്കത്തിലേക്ക് നീങ്ങിയതെന്തു കൊണ്ടെന്നും പാർട്ടി വക്താക്കൾ ചോദിച്ചു. ഹത്‌നികുണ്ഡ് ബാരേജിൽ നിന്നുള്ള വെള്ളം മനഃപൂർവം ഡൽഹിയിലേക്ക് അയച്ചത് നഗരത്തിന്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടാക്കാൻ മാത്രമാണെന്നും അവർ ആരോപിച്ചു.

ഹത്നികുണ്ഡ് ബാരേജിൽ നിന്നും മൂന്ന് വ്യത്യസ്ത വഴികളിലൂടെയാണ് നീരൊഴുക്ക് ഉണ്ടാകുന്നത്. ഡൽഹിയിലേക്കും ഉത്തർപ്രദേശിലേക്കും ഹരിയാനയിലേക്കും തുല്യമായി ഒഴുകിയിരുന്നെങ്കിൽ ഇത്രയും ആഘാതം ഉണ്ടാകില്ലായിരുന്നെന്നും പാർട്ടി നേതാക്കൾ ആരോപിച്ചു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ