പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസില്‍ എഴുത്തുകാരി അരുന്ധതി റോയിയെയും കശ്മീരിലെ കേന്ദ്ര സര്‍വകലാശാലയിലെ ഇന്റര്‍നാഷണല്‍ ലോ മുന്‍ പ്രൊഫസറുമായ ഡോ ഷെയ്ഖ് ഷൗക്കത്ത് ഹുസൈനെയും വിചാരണ ചെയ്യാന്‍ ഡല്‍ഹി ലഫ്റ്റണന്റ് ഗവര്‍ണര്‍ വികെ സെക്‌സാനയുടെ അനുമതി. രാജ് നിവാസിന്റെ അധികൃതര്‍ ആണ് ഗവര്‍ണര്‍ അനുമതി നല്‍കിയ കാര്യം അറിയിച്ചിരിക്കുന്നത്. ന്യൂഡല്‍ഹിയിലെ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് അരുന്ധതി റോയ്ക്കും ഷൗക്കത്ത് ഹുസൈനുമെതിരെ എഫ്‌ഐആര്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നതെന്നും രാജ് ഹൗസ് വ്യക്തമാക്കി.
അരുന്ധതി റോയ്ക്കും ഹുസൈനുമെതിരെ പ്രഥമ ദൃഷ്ട്യാ കേസെടുക്കുകയാണെന്ന് ഗവര്‍ണര്‍ വികെ സക്‌സേന അറിയിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 എ (വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക), 153 ബി, 505 (പൊതു ദ്രോഹത്തിന് കാരണമാകുന്ന പ്രസ്താവനകള്‍ ) എന്നീ വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയതെന്നാണ് അറിയിച്ചിരിക്കുന്നത്.
2010 ഒക്ടോബര്‍ 28ന് കശ്മീരില്‍ നിന്നുള്ള സാമൂഹ്യ പ്രവര്‍ത്തകനായ സുശീല്‍ പണ്ഡിറ്റ് തിലക് മാര്‍ഗ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയിലാണ് കേസ്.
'ആസാദി-ദി ഓണ്‍ലി വേ' എന്ന മുദ്രാവാക്യത്തോടെ ജയിലിലെ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിന് വേണ്ടിയുള്ള കമ്മിറ്റി (സിആര്‍പിപി) സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് വിവിധ പ്രാസംഗികര്‍ക്കെതിരെയും വ്യക്തികള്‍ക്കെതിരെയും പരാതി നല്‍കിയത്. കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താനുള്ള ചര്‍ച്ചയാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്തതെന്നും പരാതിയില്‍ പറയുന്നു.
ക്രിമിനല്‍ നടപടി ക്രമങ്ങളുടെ വകുപ്പ് 196(1)പ്രകാരം വിദ്വേഷ പ്രസംഗം, മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷ കുറ്റകൃത്യങ്ങള്‍, രാജ്യദ്രോഹം, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കേസുകളില്‍ വിചാരണ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്.
അതേസമയം കുറ്റക്കാരായ കശ്മീരി വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനിയും പാര്‍ലമെന്റ് ആക്രമണക്കേസില്‍ സുപ്രീം കോടതി വെറുതെവിട്ട ഡല്‍ഹി യൂണിവേഴ്‌സിറ്റി ലക്ചറര്‍ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ഗീലാനിയും കേസിന്റെ വിചാരണക്കിടെ മരിച്ചു.