ഫിഷിങ് ആക്രമണത്തില്‍ 2.6 ലക്ഷം രൂപ നഷ്ടപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരം നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട്(എസ്ബിഐ) ഉത്തരവിട്ട് ഡല്‍ഹി ഹൈക്കോടതി. ഹരേ റാം സിങ് എന്ന ഉപഭോക്താവാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സിങ്ങിന്റെ പരാതി കൈകാര്യം ചെയ്യുന്നതിലും തട്ടിപ്പ് ഇടപാടുകള്‍ തടയുന്നതിലും എസ്ബിഐ വീഴ്ച വരുത്തിയെന്ന് കോടതി കണ്ടെത്തി.
സൈബര്‍ ആക്രമണത്തിന് ഇരയായ സിങ് ഉടന്‍തന്നെ എസ്ബിഐ കസ്റ്റമര്‍ കെയറിനെയും ബ്രാഞ്ച് മാനേജരെയും വിവരമറിയിച്ചിരുന്നു. എന്നാല്‍, യഥാസമയം സഹായം നല്‍കുന്നതില്‍ ബാങ്ക് പരാജയപ്പെട്ടു. ഏതാനും മാസങ്ങള്‍ക്ക് ശേഷം, എസ്ബിഐ സിങ്ങിന്റെ അവകാശവാദം നിരസിക്കുകയും ചെയ്തു. ഒടിപികളുടെ ഉപയോഗവും ക്ഷുദ്രകരമായ ഒരു ലിങ്കില്‍ സിങ് ക്ലിക്ക് ചെയ്തതും അനധികൃത ഇടപാടുകളുടെ കാരണങ്ങളായി ചൂണ്ടിക്കാട്ടി. എന്നാല്‍ എസ്ബിഐയുടെ നിലപാടിനോട് ഹൈക്കോടതി വിയോജിച്ചു.
പരാതിയോട് പ്രതികരിക്കുന്നതില്‍ ബാങ്കിന്റെ 'പ്രകടമായ സേവന പോരായ്മ' ജസ്റ്റിസ് ധര്‍മേഷ് ശര്‍മ ചൂണ്ടിക്കാട്ടി. സംശയാസ്പദമായ ഇടപാടുകള്‍ തടയുന്നതിലും വേഗത്തില്‍ നടപടിയെടുക്കുന്നതിലും എസ്ബിഐ പരാജയപ്പെട്ടത് സംരക്ഷണ ചുമതലയുടെ ലംഘനമാണെന്ന് കോടതി പറഞ്ഞു. 'ഇത്തരം പിന്‍വലിക്കലുകള്‍ തടയുന്ന ഒരു സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണ് ഹര്‍ജിക്കാരന് പണനഷ്ടമുണ്ടായതെന്ന് അനുമാനിക്കേണ്ടതുണ്ട്' കോടതി പറഞ്ഞു. ഡിജിറ്റല്‍ പണമിടപാട് സുരക്ഷ സംബന്ധിച്ച റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) മാര്‍ഗനിര്‍ദേശങ്ങള്‍ എസ്ബിഐ പാലിക്കാത്തതും കോടതി എടുത്തുപറഞ്ഞു . ഇടപാടുകള്‍ 'സീറോ ലയബിലിറ്റി' വിഭാഗത്തിന് കീഴിലാണെന്നും നഷ്ടത്തിന് എസ്ബിഐ ബാധ്യസ്ഥനാണെന്നും കോടതി വിധിച്ചു.
സിങ്ങിന് നഷ്ടപ്പെട്ട തുക പലിശ സഹിതം തിരികെ നല്‍കാനും 25,000 രൂപ ടോക്കണ്‍ നഷ്ടപരിഹാരം നല്‍കാനും എസ്ബിഐയോട് കോടതി ഉത്തരവിട്ടു. സൈബര്‍ ആക്രമണങ്ങളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ബാങ്കുകള്‍ സജീവമായ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം ഈ വിധി എടുത്തുകാണിക്കുന്നു. ഇത്തരം സംഭവങ്ങളില്‍ വേഗത്തിലും കാര്യക്ഷമമായും പ്രതികരിക്കാന്‍ ബാങ്കുകള്‍ക്ക് ബാധ്യതയുണ്ടെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്.