മനീഷ് സിസോദിയ 
INDIA

ഡൽഹി മദ്യനയ അഴിമതി കേസ്: മനീഷ് സിസോദിയയ്ക്ക് ജാമ്യമില്ല

സിസോദിയ സ്വാധീനമുള്ള വ്യക്തിയാണെന്നും സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി

വെബ് ഡെസ്ക്

മദ്യനയ അഴിമതി കേസില്‍ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സിബിഐ രജിസ്റ്റർ ചെയ്ത 2021-22ലെ എക്‌സൈസ് നയം നടപ്പാക്കിയതിൽ അഴിമതി നടന്നുവെന്ന കേസിലാണ് ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

18 വകുപ്പുകളുള്ള ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നതിനാലും സാക്ഷികൾ കൂടുതലും പൊതുപ്രവർത്തകരായതിനാലും സിസോദിയ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദിനേശ് കുമാർ ശർമയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

"ആരോപണങ്ങളുടെ സ്വഭാവം വളരെ ഗൗരവമുള്ളതാണ്. പ്രതി പൊതുപ്രവർത്തകനായിരുന്നു. ഞങ്ങൾ എക്സൈസ് നയമോ സർക്കാരിന്റെ അധികാരമോ പരിശോധിച്ചിട്ടില്ല. എന്നിരുന്നാലും, അപേക്ഷകൻ സ്വാധീനമുള്ള ആളായതിനാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്,"കോടതി പറഞ്ഞു.

18 വകുപ്പുകളുള്ള ഉപമുഖ്യമന്ത്രി സ്ഥാനം വഹിച്ചിരുന്നതിനാലും സാക്ഷികൾ കൂടുതലും പൊതുപ്രവർത്തകരായതിനാലും സിസോദിയ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു.

മാർച്ച് 31ന് ഡൽഹിയിലെ വിചാരണ കോടതി സിസോദിയയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഡൽഹി എക്സൈസ് നയ കേസുമായി ബന്ധപ്പെട്ടുള്ള ക്രിമിനൽ ഗൂഢാലോചനയിൽ മുൻ എക്സൈസ് മന്ത്രിയായ സിസോദിയ ഏറ്റവും പ്രധാനപ്പെട്ടതും സുപ്രധാനവുമായ പങ്ക് വഹിച്ചതായി പ്രത്യേക സിബിഐ ജഡ്ജി എംകെ നാഗ്പാൽ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിൽ പ്രഥമദൃഷ്ട്യാ വിലയിരുത്തിയിരുന്നു. ഈ വിധിക്കെതിരെ സിസോദിയ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഏപ്രിൽ 28ന് ഇഡിയുടെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും വിചാരണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഇ ഡി കേസിലെ സിസോദിയയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

"സൗത്ത് ഗ്രൂപ്പിന് അനർഹമായ നേട്ടമുണ്ടാക്കാനുള്ള ദുരുദ്ദേശത്തോടെയാണ് എക്സൈസ് നയം രൂപീകരിച്ചതെന്ന ആരോപണങ്ങൾ വളരെ ഗൗരവമുള്ളതാണ്. പൊതുപ്രവർത്തകനായ പ്രതിയുടെ വീഴ്‌ചയിലേക്ക് ഈ നടപടി വിരൽ ചൂണ്ടുന്നത്. അദ്ദേഹം ഉയർന്ന പദവി വഹിച്ചിരുന്ന ആളാണ്," ജസ്റ്റിസ് ദിനേശ് കുമാർ ശർമ പറഞ്ഞു. സിബിഐയും ഇ ഡിയും രജിസ്റ്റർ ചെയ്ത കേസുകളിൽ സിസോദിയ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

സിബിഐ കേസിൽ സ്ഥിരം ജാമ്യം തേടിയ സിസോദിയ മദ്യനയ കേസിൽ കേന്ദ്ര ഏജൻസി തന്നിൽനിന്ന് പണമിടപാടിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ആരോപണങ്ങൾ തെളിയിക്കാൻ സാധിച്ചിട്ടില്ലെന്നും വാദിച്ചു. എന്നാൽ, ജാമ്യത്തെ എതിർത്ത സിബിഐ, സിസോദിയ ഗൂഢാലോചനയുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നുവെന്നും അഴിമതി തെളിയിക്കുന്നതിനുള്ള പ്രധാന കണ്ണിയാണെന്നും വാദിച്ചു. സിസോദിയ അന്വേഷണത്തിൽ നിസഹകരിച്ചതായും സിബിഐ കോടതിയെ അറിയിച്ചു.

ഫെബ്രുവരി 26നാണ് മദ്യനയ കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. തുടർന്ന് മാർച്ച് ഒൻപതിന് ഇഡിയും അറസ്റ്റ് രേഖപ്പെടുത്തി.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി