INDIA

'നിങ്ങളെ വിലക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും'; എഎന്‍ഐയുടെ മാനനഷ്ടക്കേസില്‍ വിക്കിപീഡിയയ്‌ക്ക് കോടതിയലക്ഷ്യ നോട്ടിസ്

വിക്കിപീഡിയയുടെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച കോടതി ഇന്ത്യയില്‍ പ്രവര്‍ത്തനം നിരോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കി

വെബ് ഡെസ്ക്

അപകീര്‍ത്തയികരമായ വിവരം നല്‍കിയെന്ന് ആരോപിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ നല്‍കിയ മാനനഷ്ടക്കേസില്‍ വിക്കിപീഡിയയ്‌ക്കു കോടതിയലക്ഷ്യ നോട്ടിസ് പുറപ്പെടുവിച്ച് ഡല്‍ഹി ഹൈക്കോടതി. തങ്ങള്‍ക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നീക്കണമെന്ന കോടതി ഉത്തരവ് വിക്കിപീഡിയ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എഎന്‍ഐ നല്‍കിയ ഹര്‍ജിയിലാണ് നടപടി.

വിക്കിപീഡിയയുടെ നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച കോടതി പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കി. ജസ്റ്റിസ് നവീന്‍ ചൗള അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

''ഞങ്ങള്‍ നിങ്ങളുടെ ബിസിനസ് നിര്‍ത്തലാക്കും. നിങ്ങളെ വിലക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടും. നിങ്ങള്‍ക്ക് ഇന്ത്യയോട് പ്രതിബദ്ധതയില്ലെങ്കില്‍ നിങ്ങള്‍ ദയവു ചെയ്ത് ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തരുത്,'' കോടതി പറഞ്ഞു. കേസില്‍ വിക്കിപീഡിയ പ്രതിനിധിയോട് നേരിട്ട് ഹാജരാകാനും കോടതി നിര്‍ദ്ദേശിച്ചു. കേസ് ഒക്‌ടോബര്‍ 25-ന് വീണ്ടും പരിഗണിക്കും.

നിലവിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉപകരണമായി പ്രവര്‍ത്തിച്ചതിനും വ്യാജ വാര്‍ത്ത നല്‍കിയതിനും എഎന്‍ഐ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയെക്കുറിച്ച് വിക്കിപീഡിയയില്‍ പരാമര്‍ശിച്ചത്. ഇതിനെതിരേയാണ് കേസ്. വിക്കിപീഡിയ നല്‍കിയ ഉള്ളടക്കം അപകീര്‍ത്തികരമാണെന്ന് എഎന്‍ഐയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ സിദ്ധന്ത് കുമാര്‍ കോടതിയില്‍ പറഞ്ഞു.

എഎന്‍ഐയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന വിശദീകരണമാണ് വിക്കിപീഡിയ നല്‍കിയതെന്നാണ് പരാതിയില്‍ പറയുന്നത്. പുതിയ മാനേജ്‌മെന്റിന് കീഴില്‍ അഞ്ഞൂറിലധികം ജീവനക്കാരാണ് നിലവില്‍ എഎന്‍ഐയില്‍ പ്രവര്‍ത്തിക്കുന്നത്. എഎന്‍ഐയില്‍ എച്ച് ആര്‍ മാനേജര്‍ ഇല്ലെന്നും ഏജന്‍സി തങ്ങളോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അടുത്തിടെ ജീവനക്കാര്‍ ആരോപിച്ചിരുന്നു.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍