INDIA

'ബലിയാടാകുന്നത്‌ ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതിന്, പോരാട്ടം തുടരും'; ജാമ്യം തീര്‍ന്നു, കെജ്‌രിവാള്‍ ജയിലിലേക്ക്‌

വെബ് ഡെസ്ക്

മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി (എഎപി) ദേശീയ കണ്‍വീനറുമായ അരവിന്ദ് ‌കെ‌ജ്‌രിവാള്‍ തീഹാർ ജയിലില്‍ തിരികെ മടങ്ങി. "തിരഞ്ഞെടുപ്പില്‍ വിവിധ പാർട്ടികള്‍ക്കായി പ്രചാരണം നടത്തി. മുംബൈ, ഹരിയാന, യുപി, ഝാർഖണ്ഡ് എന്നിവിടങ്ങള്‍ സന്ദർശിച്ചു. എഎപിയല്ല പ്രധാനം. ഞങ്ങള്‍ക്ക് രാജ്യമാണ് വലുത്. ജയിലിലായത് അഴിമതിക്കല്ല, ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതിനാണ്. എനിക്കെതിരെ തെളിവുകളില്ലെന്ന് പ്രധാനമന്ത്രി തന്നെ സമ്മതിച്ചതാണ്," എഎപി ആസ്ഥാനത്തെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു.

എന്‍ഡിഎ മുന്നണിക്ക് ഭരണത്തുടർച്ച പ്രവചിച്ച എക്സിറ്റ് പോള്‍ ഫലങ്ങളേയും കെജ്‍രിവാള്‍ തള്ളി. മൂന്ന് മണിക്ക് സ്വവസതിയില്‍ നിന്ന് ഇറങ്ങിയ കേജ്‌രിവാള്‍ രാജ്‌ഘട്ടിലെ ഗാന്ധി സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തിയ ശേഷമാണ് ജയിലിലേക്ക് മടങ്ങിയത്. പത്നി സുനിത കെജ്‍‌രിവാളിനും എഎപി നേതാക്കള്‍ക്കുമൊപ്പമാണ് കെജ്‌രിവാള്‍ രാജ്‌ഘട്ടിലെത്തിയത്.

രാജ്‌ഘട്ട് സന്ദർശനത്തിന് പിന്നാലെ കൊണോട്ട് പ്ലേസിലുള്ള ഹനുമാന്‍ മന്ദിറിലും കെജ്‌രിവാള്‍ ദർശനം നടത്തി. ശേഷം ആംആദ്മിയുടെ പാർട്ടി ആസ്ഥാനെത്തി അണികളേയും നേതാക്കളേയും കെജ്‌രിവാള്‍ അഭിസംബോധന ചെയ്യുകയായിരുന്നു. പിന്നീടാണ് തിഹാറിലേക്ക് തിരിച്ചത്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനായാണ് സുപ്രീം കോടതി കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്. അവസാനഘട്ട വോട്ടെടുപ്പിന് ശേഷം കീഴടങ്ങാനായിരുന്നു കെജ്‍രിവാളിന് കോടതി നല്‍കിയ നിർദേശം. ഡല്‍ഹി കോടതയില്‍ കെജ്‍രിവാള്‍ ജാമ്യ ഹർജി സമർപ്പിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിനായിരിക്കും കോടതി ഹർജി പരിഗണിക്കുക.

തീഹാർ ജയിലില്‍ കീഴടങ്ങുന്നത് സംബന്ധിച്ച് കെജ്‌രിവാള്‍ സമൂഹ മാധ്യമമായ എക്സില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. "സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം 21 ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ഞാന്‍ പുറത്തെത്തിയത്. സുപ്രിംകോടതിയോട് ഞാന്‍ നന്ദി പറയുന്നു. ഞാന്‍ ഇന്ന് തീഹാർ ജയിലിലെത്തി കീഴടങ്ങും. ആദ്യം രാജ്‍ഘട്ടിലെത്തി ഗാന്ധി സ്മൃതി മണ്ഡപത്തില്‍ പുഷ്പാർച്ചന നടത്തും. പിന്നീട് കൊണോട്ട് പ്ലേസിലെ ഹനുമാന്‍ മന്ദിറില്‍ ദർശനം. പാർട്ടി ആസ്ഥാനത്തെത്തി നേതാക്കളേയും അണികളേയും കണ്ട ശേഷമായിരിക്കും ജയിലിലേക്കുള്ള മടക്കം," കെജ്‍രിവാള്‍ കുറിച്ചു.

മാർച്ച് 21നാണ് ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. മദ്യനയവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതില്‍ കെജ്‍രിവാളിന് വ്യക്തമായ പങ്കാളിത്തമുണ്ടെന്നാണ് ഇ ഡിയുടെ ആരോപണം. 100 കോടി രൂപയടങ്ങിയ ചാക്കുകെട്ടുകള്‍ എഎപിക്ക് ലഭിച്ചെന്നും ഈ പണമാണ് ഗോവ, പഞ്ചാബ് തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ചതെന്നും അന്വേഷണ ഏജന്‍സി അറിയിച്ചു. എന്നാല്‍ ഇ ഡിയുടെ ആരോപണങ്ങളെല്ലാം കെജ്‌രിവാള്‍ തള്ളുകയായിരുന്നു. മേയ് പത്തിനാണ് കെജ്‍‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും