INDIA

'കോഴപ്പണം ഗോവ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചു, കെജ്‌രിവാൾ മുഖ്യസൂത്രധാരൻ, 10 ദിവസം കസ്റ്റഡിയിൽ വേണമെന്ന് ഇ ഡി, ഉത്തരവ് ഉടന്‍

ഇ ഡിയുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും അരവിന്ദ് കെജ്‌രിവാളിനെതിരെയില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി

വെബ് ഡെസ്ക്

ഡൽഹി മദ്യനയ അഴിമതിയിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് മുഖ്യ സൂത്രധാരനെന്ന് എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) കോടതിയിൽ. കെജ്‌രിവാളിനെ ചോദ്യംചെയ്യാൻ 10 ദിവസം കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നും ഇ ഡി റോസ് അവന്യു കോടതിയിൽ വാദിച്ചു. വാദം അവസാനിച്ച ശേഷം ജസ്റ്റിസ് കാവേരി ബജ്‌വ വിധി തയാറാക്കി ഉടന്‍ പ്രസ്താവിക്കും.

ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട് സൗത്ത് ഗ്രൂപ്പിൽനിന്ന് ലഭിച്ച 45 കോടി രൂപയുടെ കോഴ ആം ആദ്മി പാർട്ടി ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചതായി ഇ ഡിക്കുവേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ (എ എസ് ജി) എസ് വി രാജു പ്രത്യേക സിബിഐ ജഡ്ജി കാവേരി ബവേജ മുൻപാകെ ബോധിപ്പിച്ചു. 100 കോടി മാത്രമല്ല, കോഴ നൽകിയ കമ്പനികൾക്ക് ലഭിക്കുന്ന ലാഭത്തിന്റെ പങ്കും എ എ പിക്ക് ലഭിച്ചിരുന്നതായും എ എസ് ജി ആരോപിച്ചു.

''ചെന്നൈയിൽനിന്ന് ഡൽഹിയിലെത്തുന്ന പണം ഗോവയിലേക്കായിരുന്നു പോയിരുന്നത്. ഇത് ആരോപണങ്ങൾ മാത്രമല്ല, ടെലിഫോൺ വിളികൾ സംബന്ധിച്ച രേഖകൾ ഇക്കാര്യം തെളിയിക്കുന്നുണ്ട്, " എ എസ് ജി വാദിച്ചു.

നയങ്ങൾ സൗത്ത് ഗ്രൂപ്പിന് അനുകൂലമാക്കാൻ കെജ്‌രിവാൾ നേരിട്ട് ഇടപെട്ടു. ആം ആദ്മി പാർട്ടിയുടെ മീഡിയ ഇൻചാർജ് വിജയ് നായരാണ് പാർട്ടിക്കും സൗത്ത് ഗ്രൂപ്പിനും ഇടയിൽ മധ്യസ്ഥനായതെന്ന് എസ് വി രാജു ആരോപിച്ചു. കെജ്‌രിവാൾ സൗത്ത് ഗ്രൂപ്പിന് ആനുകൂല്യങ്ങൾ നൽകുന്നതിന് കൈക്കൂലി ആവശ്യപ്പെട്ടുവെന്ന ഇ ഡി റിമാൻഡ് റിപ്പോർട്ടിലെ ആരോപണങ്ങളും അദ്ദേഹം കോടതിയില്‍ ഉയർത്തിക്കാട്ടി.

കേസിൽ സമൻസ് അയച്ചപ്പോൾ കെജ്‌രിവാൾ ഒഴിഞ്ഞുമാറുകയായിരുന്നു. പരിശോധന സമയത്ത് നടത്തിയ ചോദ്യം ചെയ്യലിൽ കൃത്യമായ മറുപടി പറയാൻ തയാറായില്ലെന്നും എസ് വി രാജു പറഞ്ഞു.

അതേസമയം, ഇ ഡിയുടെ ആരോപണങ്ങൾ സാധൂകരിക്കുന്ന തെളിവുകളൊന്നും അരവിന്ദ് കെജ്‌രിവാളിനെതിരെയില്ലെന്ന് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി വാദിച്ചു. മാപ്പുസാക്ഷികളുടെ മൊഴി വിശ്വാസത്തിലെടുക്കാനാവില്ല. കെജ്‌രിവാളിനെ അടിയന്തരമായി അറസ്റ്റ് ചെയ്യേണ്ടതിന്റെ ആവശ്യകതയുണ്ടായിരുന്നില്ല. കസ്റ്റഡിയിൽ വിടേണ്ട സാഹചര്യം നിലനിൽക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അറസ്റ്റിനെതിരെ കെജ്‌രിവാൾ സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും പരിഗണിക്കാനിരിക്കവേ ഹർജി പിൻവലിക്കുകയായിരുന്നു. കീഴ്‌ക്കോടതിയിൽ റിമാൻഡ് ചെയ്യാൻ ആവശ്യപ്പെട്ട് എത്തുമ്പോൾ അവിടെ നേരിടാമെന്നായിരുന്നു കെജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി കോടതിയെ ബോധിപ്പിച്ചത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം