കോവിഡ് പോർട്ടൽ ഡേറ്റ ചോർച്ചയിൽ രണ്ടുപേർ അറസ്റ്റിൽ. ബിഹാർ സ്വദേശിയും പ്രായപൂർത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായിരിക്കുന്നത്. ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിന്റെ ഐഎഫ്എസ്ഒ യൂണിറ്റാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
കോവിഡ് വാക്സിനേഷൻ വിവരങ്ങൾ ടെലഗ്രാമിൽ പങ്കുവച്ചത് അറസ്റ്റിലായ ബിഹാർ സ്വദേശിയാണെന്നാണ് പോലീസ് പറയുന്നത്. പ്രതിയുടെ അമ്മ ബിഹാറിൽ ആരോഗ്യ പ്രവർത്തകയാണ്.
രാജ്യത്ത് കോവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ വിവരങ്ങൾ ടെലഗ്രാമിൽ ലഭ്യമാണെന്ന വിവരം ദ ഫോർത്താണ് പുറത്തുവിട്ടത്. തുടർന്ന് വിഷയം ദേശീയ, അന്തർദേശീയ മാധ്യമങ്ങൾ വാർത്തയാക്കി.
എന്നാൽ ഇക്കാര്യം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഐടി മന്ത്രാലയവും നിഷേധിച്ചിരുന്നു. കോവിഡ് വാക്സിനെടുത്തവരുടെ വ്യക്തിഗത വിവരങ്ങൾ കോവിൽ പോർട്ടലിൽ സുരക്ഷിതമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. നേരത്തേ ചോർന്ന വിവരങ്ങളോ വ്യാജമോ ആവാമെന്നായിരുന്നു ഐടി മന്ത്രാലയത്തിന്റെ വിശദീകരണം.
വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ രജിസ്റ്റർ ചെയ്ത ഫോണ്‍ നമ്പർ നല്‍കിയാല്‍ ടെലഗ്രാമിലൂടെ സ്വകാര്യ വിവരങ്ങളെല്ലാം ബോട്ടിൽ ലഭ്യമായിരുന്നു. മൊബൈൽ നമ്പറോ ആധാർ കാർഡ് നമ്പറോ അയച്ച് നൽകിയാൽ അവരുടെ പേര് ഫോൺനമ്പർ , തിരിച്ചറിയൽ കാർഡ് നമ്പർ, ജനന തീയതി, വാക്സിൻ സ്വീകരിച്ച കേന്ദ്രത്തിന്റെ പേര് എന്നിവ മറുപടിയായി ലഭിക്കുന്നു. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട രേഖകളാണ് ഇങ്ങനെ ലഭ്യമായിരുന്നത്.
ഏത് വാക്സിനാണ് സ്വീകരിച്ചത്, ഏത് കേന്ദ്രങ്ങളിൽ വച്ച സ്വീകരിച്ചു തുടങ്ങിയ വിവരങ്ങളും ലഭ്യമായിരുന്നു. ഫോർത്ത് വെളിപ്പെടുത്തലിനുപിന്നാലെ ടെലഗ്രാം ബോട്ടിന്റെ പ്രവര്‍ത്തനം നിലച്ചു. ഫോർത്തിന്റെ വാർത്തയുടെ ലിങ്ക് സഹിതം പങ്കിട്ടുകൊണ്ടാണ് പ്രവർത്തനം അവസാനിപ്പിക്കുന്ന കാര്യം ടെലഗ്രാം ബോട്ട് അറിയിച്ചത്.