പ്രബീര്‍ പുരകായസ്ത 
INDIA

പ്രബീര്‍ പുരകായസ്തക്കെതിരെ 10,000 പേജുള്ള കുറ്റപത്രം; ഡൽഹി കോടതിയിൽ ഇന്ന് സമർപ്പിച്ചേക്കും

നെവിൽ റോയ് സിങ്കത്തിനൊപ്പം ന്യൂസ് ക്ലിക്ക് ന്യൂസ് പോർട്ടലിൻ്റെ എഡിറ്റർമാർ, സഹസ്ഥാപകർ, ജീവനക്കാർ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം

വെബ് ഡെസ്ക്

ന്യൂസ് ക്ലിക്ക് വെബ് പോർട്ടൽ സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തക്കെതിരെ ഡൽഹി പോലീസ് ഇന്ന് കുറ്റപത്രം സമർപ്പിച്ചേക്കും. യുഎപിഎ പ്രകാരം പതിനായിരത്തിനടുത്ത് പേജുള്ള കുറ്റപത്രം ശനിയാഴ്ച സമർപ്പിച്ചേക്കുമെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ശ്രീലങ്കൻ-ക്യൂബൻ വംശജനായ വ്യവസായിയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പ്രചാരണവിഭാഗത്തിലെ സജീവ അംഗവുമായ നെവിൽ റോയ് സിങ്കത്തിനൊപ്പം ന്യൂസ് പോർട്ടലിൻ്റെ എഡിറ്റർമാർ, സഹസ്ഥാപകർ, ജീവനക്കാർ എന്നിവരുടെ പേരുകളും കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം.

ചൈന അനുകൂല പ്രചാരണം നടത്താൻ ന്യൂസ് പോർട്ടലിന് പണം കൈപ്പറ്റിയെന്നാരോപിച്ച് തീവ്രവാദ വിരുദ്ധ നിയമം, നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (യുഎപിഎ) പ്രകാരമാണ് ന്യൂസ് ക്ലിക്കിനെതിരെ കേസെടുത്തിരിക്കുന്നത്. ന്യൂസ് പോർട്ടൽ ചൈനീസ് സ്ഥാപനങ്ങളിൽനിന്ന് 80 കോടിയിലധികം രൂപ കൈപ്പറ്റിയതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു.

ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുരകായസ്തയ്‌ക്കെതിരായ അന്വേഷണം പൂർത്തിയാക്കാൻ ഡൽഹി കോടതി പോലീസിന് 10 ദിവസം കൂടി അനുവദിച്ചതിന് ദിവസങ്ങൾക്കുശേഷമാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്. ന്യൂസ്‌ക്ലിക്കിൻ്റെ എച്ച്ആർ വകുപ്പ് മേധാവി അമിത് ചക്രവർത്തിയുടെ ജുഡീഷ്യൽ കസ്റ്റഡിയും ജഡ്ജി 10 ദിവസം കൂടി നീട്ടിയിരുന്നു. കേസിൽ അമിത് ചക്രവർത്തി മാപ്പുസാക്ഷിയായി മാറിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബർ ആദ്യത്തിലാണ് ഡല്‍ഹി പോലീസ് സ്പെഷല്‍ സെല്‍ പ്രബീറിനെയും അമിത് ചക്രവര്‍ത്തിയെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത്. സ്ഥാപനത്തിനെതിരെയും യുഎപിഎ ചുമത്തിയ പോലീസ് ഓഫീസ് പൂട്ടി സീല്‍ ചെയ്തിരുന്നു. പ്രബീര്‍ പുരകായസ്തയ്ക്കെതിരേ ഗുരുതര ആരോപണങ്ങളാണ് ഡല്‍ഹി പോലീസിന്റെ സ്പെഷല്‍ സെല്‍ എഫ്ഐആറില്‍ ചുമത്തിയിരുന്നത്.

കശ്മീരിനെ ഒഴിവാക്കിക്കൊണ്ടുള്ള പുതിയൊരു ഇന്ത്യന്‍ ഭൂപടം സൃഷ്ടിക്കാന്‍ പ്രബീര്‍ പുരകായസ്ത പദ്ധതിയിട്ടു, ഇതിനായി വിദേശഫണ്ടിലൂടെ 115 കോടിയിലധികം രൂപ പ്രതിഫലമായി സ്വീകരിച്ചു തുടങ്ങിയ ആരോപണങ്ങൾ എഫ്‌ഐആറിൽ ഉന്നയിച്ചിരുന്നു. ഭീമാ കൊറേഗാവ് കേസില്‍ വിചാരണ നേരിടുന്ന ആക്ടിവിസ്റ്റ് ഗൗതം നവ്‌ലാഖയുമായി 1991 മുതല്‍ സൗഹൃദമുണ്ടെന്ന കാര്യങ്ങളും എഫ്ഐആറില്‍ പ്രതിപാദിക്കുന്നുണ്ട്.

രാജ്യത്തിൻ്റെ ഐക്യത്തിനും അഖണ്ഡതയ്ക്കുമെതിരെ പ്രവർത്തിച്ചുവെന്ന് തുടങ്ങി, കോവിഡ് 19 കാലത്ത് സർക്കാർ നയങ്ങളെ വിമർശിച്ചു, കർഷകസമരത്തെ അനുകൂലിച്ചുവെന്നതടക്കമുള്ള കുറ്റങ്ങളും പോലീസ് പ്രബീര്‍ പുരകായസ്തയ്ക്കെതിറീ ആരോപിക്കുന്നുണ്ട്. ബിജെപി വൻ ഭൂരിപക്ഷത്തോടെ വിജയിച്ച 2019 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്നും കശ്‌മീരും അരുണാചൽപ്രദേശും തർക്കപ്രദേശങ്ങളാണെന്ന് പ്രചരിപ്പിക്കാനുള്ള ഗൂഢാലോചന നടത്തിയെന്നും ആരോപണങ്ങളിൽ പറയുന്നു.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം