സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഡൽഹിയിലെ വീട്ടിൽ പോലീസ് റെയ്ഡ്. ന്യൂസ്‌ക്ലിക്ക് ജീവനക്കാരൻ ഇവിടെ താമസിച്ചിരുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. എകെജി സെന്റർ ജീവനക്കാരന്റെ മകനായ മാധ്യമപ്രവർത്തകൻ സുമിത്താണ് യെച്ചൂരിയുടെ വസതിയിൽ താമസിച്ചിരുന്നതായി മനസിലാക്കുന്നത്.
ന്യൂസ് പോർട്ടലായ ന്യൂസ്‌ക്ലിക്കിലെ മാധ്യമപ്രവർത്തകരുടെ വീടുകളിൽ ഡൽഹി പോലീസ് നടത്തുന്ന റെയ്ഡിനെത്തുടർന്നാണ് യെച്ചൂരിയുടെ വസതിയിൽ പരിശോധന.
ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് ആക്ടിവിസ്റ് ടീസ്ത സെതൽവാദിന്റെയും മുതിർന്ന മാധ്യമപ്രവർത്തകൻ പരഞ്ജോയ് തക്കൂര്‍ത്തയുടെയും വീടുകളിൽ റെയ്ഡ് നടന്നതായും തീസ്ത സെതൽവാദിനെ ഡൽഹി പോലീസ് ചോദ്യം ചെയ്യുന്നതായുമുള്ള വിവരങ്ങൾ പുറത്ത് വരുന്നുണ്ട്.
ന്യൂസ്‌ക്ലിക്ക് 40 ലക്ഷം രൂപ ടീസ്ത സെതൽവാദിന്റെ കുടുംബത്തിനും 72 ലക്ഷം രൂപ പരഞ്ജോയ് തക്കുർത്തയ്ക്കും നൽകി എന്ന ആരോപണത്തെ അടിസ്ഥാനമാക്കിയാണ് രണ്ടുപേരുടെയും വസതിയിൽ റെയ്ഡ് നടത്തിയതെന്നാണ് മനസിലാക്കുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ ചൈനീസ് ഫണ്ട് സ്വീകരിച്ചുവെന്ന ആരോപണത്തിൽ ന്യൂസ് ക്ലിക്കിനെതിരെ ഇഡി നേരത്തെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
യുഎപിഎ രജിസ്റ്റർ ചെയ്ത് ഇന്ന് പുലർച്ചെ ഡൽഹി പോലീസ് സ്പെഷ്യൽ സെൽ വാർത്താ പോർട്ടലായ ന്യൂസ്ക്ലിക്കിലെ മാധ്യമപ്രവർത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും വീടുകളിൽ റെയ്ഡ് നടത്തിയിരുന്നു. ന്യൂസ്‌ക്ലിക്കുമായി ബന്ധപ്പെട്ട മുപ്പതോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. നിലവിൽ ആരെയും അറസ്റ്റ് ചെയ്തില്ലെങ്കിലും നിരവധി മാധ്യമപ്രവർത്തകരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തതായാണ് വിവരം.
വീഡിയോ ജേണലിസ്റ്റ് അഭിസാർ ശർമ, മുതിർന്ന മാധ്യമപ്രവർത്തകരായ ഭാഷ സിങ്, ഉർമിളേഷ്, ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർക്കയസ്ത, എഴുത്തുകാരി ഗീതാ ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, സ്റ്റാൻഡ് അപ്പ് കൊമേഡിയൻ സഞ്ജയ് രജൗറ എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നതായും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു