INDIA

ന്യൂസ് ക്ലിക്കിലെ റെയ്ഡിനു പിന്നാലെ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുരകായസ്ത കസ്റ്റഡിയില്‍

ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ ഡല്‍ഹി പോലീസ് പ്രത്യേക സെല്‍ ഇന്ന് രാവിലെ റെയ്ഡ് നടത്തിയിരുന്നു.

വെബ് ഡെസ്ക്

ന്യൂസ്‌ ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുരകായസ്തയെ കസ്റ്റഡിയിലെടുത്ത് ഡല്‍ഹി പോലീസ്. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട 30 സ്ഥലങ്ങളില്‍ ഡല്‍ഹി പോലീസ് പ്രത്യേക സംഘം ഇന്ന് രാവിലെ റെയ്ഡ് നടത്തിയിരുന്നു. കൂടാതെ ഉര്‍മിലേഷ്, അഭിഷേക് ശര്‍മ എന്നീ മാധ്യമപ്രവര്‍ത്തകരെ ലോധി റോഡിലെ പ്രത്യേക സെല്ലിന്റെ ഓഫീസിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ടുപോയിട്ടുണ്ട്. 25 ചോദ്യങ്ങളാണ് ഇരുവര്‍ക്കും വേണ്ടി തയ്യാറാക്കിയിരിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ഇവരുടെ വിദേശ യാത്രകള്‍, ഷഹീന്‍ ബാഗ് പ്രതിഷേധം, കര്‍ഷക സമരങ്ങള്‍ തുടങ്ങിയവയെ കുറിച്ചുള്ള ചോദ്യങ്ങളായിരിക്കും ഉണ്ടാകുകയെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തില്ലെന്ന് പോലീസ് അറിയിച്ചു. അതേസമയം പ്രബീറിനെ ന്യൂസ് ക്ലിക്കിന്റെ തെക്കന്‍ ഡല്‍ഹി ഓഫീസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. ന്യൂസ് ക്ലിക്കിന്റെ ഓഫീസില്‍ ഫോറന്‍സിക് അംഗങ്ങളും നിലവിലുണ്ട്.

ന്യൂസ് ക്ലിക്ക് വെബ്‌സൈറ്റിനെതിരെ യുഎപിഎ പ്രകാരം കേസെടുത്തതിന് ശേഷമാണ് അതുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാറിനെതിരെ വിമര്‍ശനപരമായ നിലപാടുകള്‍ സ്വീകരിച്ചതിനു പിന്നാലെയൈണ് ന്യൂസ് ക്ലിക്കിന് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയത്.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുറമെ കോമേഡിയന്‍ സഞ്ജയ് റജൗറ, ചരിത്രകാരന്‍ സൊഹൈല്‍ ഹാഷ്മി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. പ്രബീര്‍ പുരകായസ്തയെ കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്ജയ ഗുഹ തക്കുര്‍ത്ത, സഞ്ജയ് രാജൗറ, ഭാഷ സിങ്, ഉര്‍മിലേഷ്, അഭിസര്‍ ശര്‍മ്മ, ഔനിന്ദയോ ചക്രബര്‍ത്തി, എന്നിവരുടെ വീടുകളിലും പരിശോധന നടന്നിരുന്നു.

2023 ഓഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ യുഎസ് ശതകോടീശ്വരനായ നെവില്‍ റോയ് സിങ്കം ന്യൂസ്‌ക്ലിക്കിന് ധനസഹായം നല്‍കുന്നതായി ആരോപിച്ചിരുന്നു. ചൈനീസ് മാധ്യമശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന് പറയപ്പെടുന്ന വ്യവസായിയാണ് നെവില്‍ റോയ്. കേസില്‍ നേരത്തെ അന്വേഷണമാരംഭിച്ച ഇഡി, സ്ഥാപനത്തിന്റെ ചില ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം