ഡൽഹി കലാപവുമായി ബന്ധപ്പെട്ട കല്ലേറ് കേസിൽ വിദ്യാർഥി നേതാവ് ഉമർ ഖാലിദിനെ കുറ്റവിമുക്തനാക്കി ഡൽഹി കോടതി. ഉമർ ഖാലിദ്, ആക്ടിവിസ്റ്റ് ഖാലിദ് സൈഫ് എന്നിവരെയാണ് ഡൽഹി കോടതി കുറ്റവിമുക്തരാക്കിയത്. ഇരുവരും നല്‍കിയ വിടുതല്‍ ഹര്‍ജിയിലാണ് ഡൽഹിയിലെ കർകർദൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി പുലസ്ത്യ പ്രമാചലയുടെ ഉത്തരവ്.
വടക്കു കിഴക്കൻ ഡൽഹിയിലെ ഖജൂരി ഖാസ് പ്രദേശത്തെ അക്രമണവുമായി ബന്ധപ്പെട്ട് 2020 ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിലാണ് വിധി. എന്നാല്‍ കലാപവുമായി ബന്ധപ്പെട്ട യുഎപിഎ കേസ് തുടരുന്നതിനാല്‍ ഉമര്‍ ഖാലിദിന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാവില്ല.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഖജൂരി ഖാസിലുണ്ടായ അക്രമത്തിൽ കല്ലേറ് നടത്തിയെന്ന കേസിലാണ് ഖാലിദിനെ 2020 സെപ്റ്റംബറിൽ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ബാബറി മസ്ജിദ്, മുത്തലാഖ്, കശ്മീർ, സിഎഎ, തുടങ്ങിയ വിഷയങ്ങൾ പരാമർശിച്ച ഖാലിദിന്റെ പ്രസംഗം പ്രകോപനത്തിന് ഇടയാക്കിയെന്നുള്‍പ്പെടെ ആയിരുന്നു ഡൽഹി പോലീസിന്റെ വാദം. എന്നാൽ പോലീസ് വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളില്ലെന്നായിരുന്നു ഖാലിദ് കോടതിയെ അറിയിച്ചത്.
നേരത്തെ, സഹോദരിയുടെ വിവാഹത്തിന് പങ്കെടുക്കാനായി ഖാലിദ് സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയെയും ഡൽഹി പോലീസ് ശക്തമായി എതിർത്തിരുന്നു. ഖാലിദിൻ്റെ മോചനം "സമൂഹത്തിൽ അസ്വസ്ഥത" ഉണ്ടാക്കുമെന്നായിരുന്നു ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് പോലീസ് സ്വീകരിച്ചത്.
53 പേർ കൊല്ലപ്പെടുകയും 700 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഡൽഹി കലാപത്തിന്റെ സൂത്രധാരൻ എന്നാരോപിച്ചാണ് ഉമർ ഖാലിദിനെതിരെ യുഎപിഎയും മറ്റു വിവിധ വകുപ്പുകളും ചുമത്തി കേസെടുത്തത്. ഖാലിദിനെ കൂടാതെ ആക്ടിവിസ്റ്റ് ഖാലിദ് സൈഫി, ജെഎൻയു വിദ്യാർത്ഥികളായ നടാഷ നർവാൾ, ദേവാംഗന കലിത, ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗങ്ങളായ സഫൂറ സർഗർ, മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ തുടങ്ങി നിരവധി പേർക്കെതിരെയും കേസെടുത്തിരുന്നു.