അപ്രതീക്ഷിതമായി ഹോസ്റ്റൽ സന്ദർശനം നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയയ്ക്കാൻ ഡൽഹി സർവകലാശാല. ഭാവിയിൽ കാമ്പസിലേക്ക് "അനധികൃത"മായി പ്രവേശിക്കാൻ പാടില്ലെന്ന് കാട്ടിയാണ് നോട്ടീസ് അയയ്ക്കുക. രണ്ട് ദിവസത്തിനുള്ളിൽ നോട്ടീസ് അയയ്ക്കുമെന്ന് ഡൽഹി സർവകലാശാല രജിസ്ട്രാർ വികാസ് ഗുപ്ത പറഞ്ഞു. വെള്ളിയാഴ്ച സർവകലാശാലയിലെ ഹോസ്റ്റലിൽ വിദ്യാർഥികളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് സർവകലാശാലയുടെ നടപടി. ഇത്തരം സന്ദർശനങ്ങൾ വിദ്യാർഥികളുടെ സുരക്ഷയെ ബാധിക്കുമെന്നാണ് സർവകലാശാല അധികൃതരുടെ വാദം.
ഇത്തരത്തിലുള്ള സന്ദർശനം വിദ്യാർഥികളുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും അത്തരം ഇടപെടലുകൾക്ക് ശരിയായ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധിയെ അറിയിക്കുന്നതിനാണ് നോട്ടീസെന്നും വികാസ് ഗുപ്ത വ്യക്തമാക്കി. ''അതൊരു അനധികൃത സന്ദർശനമായിരുന്നു. പല വിദ്യാർഥികളും ഉച്ചഭക്ഷണം കഴിക്കുന്നതിനിടെയാണ് അദ്ദേഹം അകത്തുകടന്നത്. ഞങ്ങളുടെ കാമ്പസിൽ ഇത് അനുവദിക്കാനാവില്ല. ഇത്തരം നടപടി ആവർത്തിക്കരുതെന്നും വിദ്യാർഥികളുടെ സുരക്ഷ അപകടത്തിലാക്കരുതെന്നും കാണിച്ച് രാഹുൽ ഗാന്ധിക്ക് ഞങ്ങൾ നോട്ടീസ് അയയ്ക്കും''- രജിസ്ട്രാർ പറഞ്ഞു.
അതേസമയം, ഭരണകൂട സമ്മർദത്തെ തുടർന്നാണ് രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ സർവകലാശാല തീരുമാനിച്ചതെന്ന് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യ (എൻഎസ്യുഐ) ആരോപിച്ചു. എന്നാൽ ആരോപണം രജിസ്ട്രാർ നിഷേധിച്ചു. ''അത്തരത്തിലൊരു സമ്മർദവുമില്ല. ഇത് അച്ചടക്കത്തിന്റെ കാര്യമാണ്''- വികാസ് ഗുപ്ത പറഞ്ഞു.
വെള്ളിയാഴ്ച സർവകലാശാലയിലെ പോസ്റ്റ് ഗ്രാജ്വേറ്റ് മെൻസ് ഹോസ്റ്റൽ സന്ദർശിച്ച രാഹുൽ ഗാന്ധി വിദ്യാർഥികളുമായി സംവദിക്കുകയും അവരുടെ കൂടെ ഉച്ചഭക്ഷണവും കഴിച്ചതിന് ശേഷമാണ് മടങ്ങിയത്. രാഹുൽ ഗാന്ധിയുടെ പെട്ടെന്നുള്ളതും അനധികൃതവുമായ പ്രവേശനം ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉയർത്തിയതായി ചൂണ്ടിക്കാട്ടി അടുത്ത ദിവസം സർവകലാശാല പ്രസ്താവന ഇറക്കിയിരുന്നു. ഇത്തരം അതിക്രമങ്ങൾ ഉണ്ടാകാതിരിക്കാൻ ആവശ്യമായ നടപടികൾ സർവകലാശാല അധികൃതർ സ്വീകരിക്കുകയും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുമെന്നും പ്രസ്താവനയിൽ പറഞ്ഞു.