മനുസ്മൃതി എൽഎൽബി സിലബസിൽ ഉൾപ്പെടുത്താനുള്ള ഡൽഹി യൂണിവേഴ്‌സിറ്റി ലോ ഫാക്കൽറ്റിയുടെ നിർദേശം തള്ളി യൂണിവേഴ്‌സിറ്റി വൈസ് ചാൻസ്‍ലര്‍ യോഗേഷ് സിങ്. അധ്യാപക സംഘടനകളുടെയും പ്രതിപക്ഷ പാർട്ടികളുടെയും പ്രതിഷേധത്തിന് പിന്നാലെയാണ് നിർദേശം തള്ളിയതായി വിസി പ്രഖ്യാപിച്ചത്.
'ഇന്ന് സർവകലാശാലയുടെ ചില കോഴ്സുകളിൽ മാറ്റങ്ങൾക്കായി ഒരു നിർദേശം ഫാക്കൽറ്റി ഓഫ് ലോയിൽ നിന്ന് ലഭിച്ചു. നിർദേശിച്ച രണ്ട് പാഠങ്ങളും ഭേദഗതിയും സർവകലാശാല നിരസിച്ചു, അവ പഠിപ്പിക്കില്ല' എന്നായിരുന്നു വിസിയുടെ പ്രതികരണം.
ഭേദഗതി നിർദേശങ്ങൾ രാഷ്ട്രീയ പ്രേരിതവും അനാവശ്യവുമാണെന്ന് ലോ ഫാക്കൽറ്റിയിലെ അധ്യാപകർ തന്നെ പ്രതികരിച്ചിരുന്നു. 'ഇന്ത്യയിൽ ആധുനിക നീതിന്യായ വ്യവസ്ഥയെ ആശ്രയിക്കുകയും ഒരു പൊതു നിയമ വ്യവസ്ഥ പിന്തുടരുകയും ചെയ്യുന്നു. ഈ പുരാതന ഗ്രന്ഥങ്ങൾ ഇപ്പോൾ പഠിക്കുന്നതിൽ അർഥമില്ല, ഇതുകൊണ്ട് വിദ്യാർഥികൾക്ക് ഒരു പ്രയോജനവുമില്ല' എന്നായിരുന്നു ഫാക്കൽറ്റിയിലെ പ്രൊഫസർമാരിൽ ഒരാളുടെ പ്രതികരണം.
കഴിഞ്ഞ ദിവസമാണ് ഡൽഹി യൂണിവേഴ്‌സിറ്റിയുടെ എൽഎൽബി കോഴ്‌സിൽ മനുസ്മൃതി ഉൾപ്പെടുത്താനുള്ള നിർദേശം പുറത്തുവന്നത്. എൽഎൽബി കോഴ്സിലെ ആദ്യ സെമസ്റ്ററിൽ യൂണിറ്റ് 5 അനലിറ്റിക്കൽ പോസിറ്റിവിസം എന്ന ഭാഗത്തിലാണ് അധികവായനയ്ക്കായി ജിഎൻ ഝായുടെ 'മനുസ്മൃതി വിത്ത് ദ മനുഭാഷ്യ ഓഫ് മേധാതിഥി' എന്ന പുസ്തകം നിർദേശിച്ചത.
ഇതിന് പിന്നാലെ പ്രതിഷേധവുമായി അധ്യാപക സംഘടനയായ സോഷ്യൽ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രണ്ടും കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും എത്തിയിരുന്നു.
നിയമപഠനത്തിൽ ഇന്ത്യൻ കാഴ്ചപ്പാടുകൾ പഠനത്തിൽ അവതരിപ്പിക്കുന്നതിനാണ് മനുസ്മൃതി സിലബസിലേക്ക് ശിപാർശ ചെയ്തതെന്നായിരുന്നു ഡൽഹി യൂണിവേഴ്സിറ്റി നിയമവിഭാഗത്തിലെ ഡീൻ പ്രൊഫസർ അഞ്ജു വാലി ടിക്കു പറഞ്ഞത്.
ജൂലൈ 1 മുതൽ ഇന്ത്യയിൽ പ്രാബല്യത്തിൽ വന്ന പുതിയ ക്രിമിനൽ നിയമസംഹിത കോഴ്സിന്റെ ഭാഗമാക്കുന്നതിന്റെ പ്രക്രിയയിലാണ് നിലവിൽ ഡൽഹി യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റി ഓഫ് ലോ ഇന്ത്യൻ ശിക്ഷാ നിയമം, 1860, ക്രിമിനൽ പ്രൊസീജ്യർ കോഡ് (CrPC), ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയെക്കുറിച്ചുള്ള കോഴ്‌സുകൾക്ക് പകരം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നിവയുടെ കോഴ്സുകൾ ആരംഭിക്കുന്നത്.