INDIA

മകന് വേണ്ടി 850 കോടിയുടെ അഴിമതി; ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഡൽഹി വിജിലൻസ് മന്ത്രി

വെബ് ഡെസ്ക്

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനോട് നടപടിയാവശ്യപ്പെട്ട് ഡൽഹി വിജിലൻസ് വകുപ്പ് മന്ത്രി അതിഷി. മകൻ കരൺ ചൗഹാനുമായി ബന്ധമുള്ള കമ്പനിക്ക് വേണ്ടി ചീഫ് സെക്രട്ടറി നരേഷ് കുമാർ അഴിമതി നടത്തിയെന്നാണ് അതിഷി നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതിനായി ഡിവിഷൻ കമ്മീഷ്ണർ അശ്വിനി കുമാറിന്റെ സഹായവുമുണ്ടായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇരുവരെയും ഉടനടി അതാത് സ്ഥാനങ്ങളിൽ നിന്ന് മാറ്റണമെന്നും അതിഷി മുഖ്യമന്ത്രിയോട് ശിപാർശ ചെയ്തു. ദ്വാരക എക്സ്പ്രസ് വേയ്ക്കായി ഏറ്റെടുത്ത ബാംനോലി ഗ്രാമത്തിലെ ഭൂമിയുടെ നഷ്ടപരിഹാര തുക അർഹിച്ചതിലും കൂടുതലായി വർദ്ധിപ്പിച്ചതിൽ ചീഫ് സെക്രട്ടറിക്ക് പങ്കാളിത്തമുണ്ടെന്നാണ് റിപ്പോർട്ട്.

ദ്വാരക എക്സ്പ്രസ് വേയിലെ ഭൂമി ഏറ്റെടുക്കലിൽ സൗത്ത് വെസ്റ്റ് ഡിവിഷണൽ മാനേജർ ഹേമന്ത് കുമാറിനും ഭൂവുടമകൾക്കും വേണ്ടി ചീഫ് സെക്രട്ടറി നരേഷ് കുമാർ ഇടപെട്ടുവെന്നാണ് 670 പേജുകളുള്ള പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്.

നഷ്ടപരിഹാര തുകയിലൂടെ ഗുണഭോക്താക്കൾ 850 കോടി രൂപയുടെ അനധികൃത നേട്ടമുണ്ടാക്കുമായിരുന്ന സാഹചര്യത്തിൽ അഴിമതിയുടെ വ്യാപ്തി 312 കോടി രൂപയായി കുറച്ചുകാണിക്കാൻ ചീഫ് സെക്രട്ടറി നരേഷ് കുമാർ ഉൾപ്പെടെയുള്ള ഡൽഹി വിജിലൻസ് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ നടത്തിയ ഗൂഢാലോചനയും റിപ്പോർട്ടിൽ പറയുന്നുണ്ട്.

നരേഷ് കുമാറിന്റെ മകന് നഷ്ടപരിഹാരം ലഭിക്കുന്ന ഭൂവുടമകളുമായി ബിസിനസ് ബന്ധമുണ്ടെന്ന് വ്യക്തമായതായും അതിഷി തന്റെ റിപ്പോർട്ടിൽ പറയുന്നു. മകന്റെ ബിസിനസുമായി ബന്ധപ്പെട്ട ഗുണഭോക്താക്കൾക്ക് നഷ്ടപരിഹാരം വർദ്ധിപ്പിക്കാൻ നരേഷ് കുമാർ ഡൽഹി ചീഫ് സെക്രട്ടറിയായതിന് ശേഷം തന്റെ അധികാരം ഉപയോഗിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡിവിഷൻ കമ്മീഷ്ണർ അശ്വനി കുമാർ കേസുമായി ബന്ധപ്പെട്ട ഫയലുകൾ നൽകാൻ തുടർച്ചയായി വിസമ്മതിച്ചുവെന്നും ഇത് സംശയാസ്പദമാണെന്നും മന്ത്രിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.തെളിവുകൾ നശിപ്പിക്കുന്നത് തടയാൻ ഇതുമായി ബന്ധപ്പെട്ട ഫയലുകൾ അവരിൽ നിന്ന് പിടിച്ചെടുക്കണമെന്നും അതിഷി തന്റെ റിപ്പോർട്ടിൽ ആവശ്യപ്പെട്ടു.

ചീഫ് സെക്രട്ടറി നരേഷ് കുമാറിനും ഡിവിഷണൽ കമ്മീഷണർ അശ്വനി കുമാറിനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും മന്ത്രി ശിപാർശ ചെയ്തു. നിലവിലെ സി ബി ഐ അന്വേഷണത്തിൽ കൂട്ടിച്ചേർക്കാൻ കണ്ടെത്തിയ വസ്തുതകളുടെ റിപ്പോർട്ട് സി ബി ഐയ്ക്ക് അയക്കാനും മന്ത്രി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം