INDIA

സ്പൈസ് ജെറ്റിലെ എയർ ഹോസ്റ്റസിന്റെ ചിത്രങ്ങള്‍ പകർത്തി; യാത്രക്കാരനെതിരെ സ്വമേധയാ നടപടിയെടുത്ത് ഡൽഹി വനിതാ കമ്മീഷന്‍

സംഭവത്തില്‍ ഡൽഹി പോലീസിനും ഡിജിസിഎയ്ക്കും കമ്മീഷൻ നോട്ടീസ് അയച്ചു

വെബ് ഡെസ്ക്

എയർ ഹോസ്റ്റസിന്റെ ചിത്രങ്ങൾ മൊബൈലിൽ പകർത്തിയ യാത്രക്കാരനെതിരെ നടപടിയെടുത്ത് ഡൽഹി വനിതാ കമ്മീഷന്‍. സ്പൈസ് ജെറ്റ് വിമാനത്തിലെ ജീവനക്കാരിയുടെ ചിത്രങ്ങള്‍ പകർത്തിയതിനാണ് യാത്രക്കാരനെതിരെ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. ഓഗസ്റ്റ് 16 ന് ഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് പോയ സ്പൈസ് ജെറ്റ് ഫ്ലൈറ്റ് നമ്പർ 157ലാണ് കേസിനാസ്പദമായ സംഭവം. ചിത്രങ്ങളും വീഡിയോയും പകർത്താൻ ശ്രമിക്കുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വനിതാ കമ്മീഷന്റെ നടപടി. സംഭവവുമായി ബന്ധപ്പെട്ട് ഡൽഹി പോലീസിനും ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) കമ്മീഷൻ നോട്ടീസ് അയച്ചു.

വിഷയത്തിൽ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും എഫ്‌ഐആറിൽ പകർപ്പുകൾ ഉൾപ്പെടെ ഓഗസ്റ്റ് 23 -ന് മുന്‍പ് കമ്മീഷന് മുന്‍പില്‍ ഹാജരാക്കണമെന്നും വനിതാ കമ്മീഷന്‍ നിർദേശിച്ചു

"ഡൽഹിയിൽ നിന്ന് മുംബയിലേക്കുള്ള വിമാനത്തിൽ ഒരു യാത്രക്കാരൻ രഹസ്യമായി ഫ്ലൈറ്റ് അറ്റൻഡന്റിന്റെയും മറ്റ് സ്ത്രീകളുടെയും വീഡിയോകളും ആക്ഷേപകരമായ ഫോട്ടോകളും എടുത്തു. ഇത് സംബന്ധിച്ച ഒരു വീഡിയോ ഇൻസ്റ്റഗ്രാമിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇത് വളരെ ഗൗരവമുള്ള കാര്യമാണ്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനും ഡിജിസിഎയ്ക്കും നോട്ടീസ് നൽകുന്നു" ഡിസിഡബ്ല്യു ചെയർപേഴ്സൺ സ്വാതി മാലിവാൾ വെള്ളിയാഴ്ച നോട്ടീസുകളുടെ പകർപ്പുകൾ പങ്കിട്ടുകൊണ്ട് എക്സിൽ പോസ്റ്റ് ചെയ്തു.

യാത്രക്കാരന്റെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ, വിമാനത്തിലുണ്ടായിരുന്ന സ്ത്രീകളുടെ ചിത്രങ്ങൾ കണ്ടെത്തിയെന്ന് നോട്ടീസിൽ പറയുന്നു. വിഷയത്തിൽ കുറ്റാരോപിതരെ അറസ്റ്റ് ചെയ്യണമെന്നും എഫ്‌ഐആറിൽ പകർപ്പുകൾ ഉൾപ്പെടെ ഓഗസ്റ്റ് 23 -ന് മുന്‍പ് കമ്മീഷന് മുന്‍പില്‍ ഹാജരാക്കണമെന്നും കമ്മീഷന്‍ നിർദേശിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ, അതിന്റെ കാരണങ്ങൾ അറിയിക്കാനും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അറിയിച്ചു.

ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ ക്രൂ അംഗത്തെ അനുചിതമായ രീതിയിൽ സ്പർശിച്ചതിന് രണ്ട് യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതിന് മാസങ്ങൾക്ക് ശേഷമാണ് വീണ്ടും സമാനമായ സംഭവം. ഡൽഹി- ഹൈദരാബാദ് സ്‌പൈസ് ജെറ്റ് വിമാനത്തിലായിരുന്നു സംഭവം. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് അച്ചടക്ക നടപടിയെത്തുടർന്ന് യാത്രക്കാരെ പുറത്താക്കുകയായിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ സംഘം ഇരുവരെയും ഡൽഹി പോലീസിന് കൈമാറുകയും കേസെടുക്കുകയും ചെയ്തിരുന്നു.

നവംബറിൽ ന്യൂയോർക്കിൽ നിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാനത്തിൽ മുംബൈ ആസ്ഥാനമായുള്ള ബിസിനസുകാരൻ വനിതാ യാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ച സംഭവത്തിൽ ഡിജിസിഎ എയർ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. സംഭവം ശരിയായ രീതിയിൽ കൈകാര്യം ചെയ്യുന്നതിൽ എയർലൈൻ പരാജയപ്പെട്ടുവെന്നും പൈലറ്റ് ഇൻ കമാൻഡിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തതായും ഡിജിസിഎ വ്യക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള സംഭവങ്ങൾ വിമാനത്തിൽ തുടർച്ചയായി ഉണ്ടാകുന്നത് കണക്കിലെടുത്ത് ഡിജിസിഎ യാത്രക്കാർക്കുള്ള അച്ചടക്കനിർദേശങ്ങളും ജീവനക്കാരുടെ സുരക്ഷാ മാനദണ്ഡങ്ങളും പുനഃക്രമീകരിക്കുകയും ചെയ്തിരുന്നു.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി