കർണാടകയിൽ ഹിന്ദു - മുസ്ലീം ധ്രുവീകരണത്തിന് വഴിവച്ച ഹിജാബ് വിവാദം കത്തിപ്പടരാൻ ബിജെപിയെ സഹായിച്ച ഉഡുപ്പി എംഎൽഎ രഘുപതി ഭട്ടിനും ഇത്തവണ തിരഞ്ഞെടുപ്പിൽ ടിക്കറ്റില്ല. ബിജെപി നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി രഘുപതി ഭട്ട് മാധ്യമങ്ങൾക്കു മുന്നിലെത്തി.
"ഉഡുപ്പിയിൽ വീണ്ടും മത്സരിക്കാൻ ടിക്കറ്റ് പ്രതീക്ഷിച്ചിരുന്നു. ഞാനൊരു പഞ്ചായത്ത് അംഗമാകാൻ പോലും അർഹത ഇല്ലാത്തവനാകാം. പാർട്ടി എനിക്ക് എല്ലാം തന്നു, എന്നാൽ ടിക്കറ്റ് ഇല്ലെന്ന കാര്യം ആരും എന്നെ വിളിച്ചു പറഞ്ഞില്ല. സമാധാനിപ്പിക്കാൻ പോലും ഒരു നേതാവും വിളിച്ചില്ല. പുലർച്ചെ മൂന്നു വരെ അണികളുടെ ഫോൺ കോളുകൾക്ക് മറുപടി പറഞ്ഞു മടുത്തു. നേതാക്കൾക്ക് എന്റെ ആവശ്യം കഴിഞ്ഞുകാണും," മാധ്യമപ്രവർത്തകർക്ക് മുന്നില്‍ രഘുപതി ഭട്ട് വികാരാധീനനായി.
യശ്പാൽ സുവർണയ്ക്കാണ് ബിജെപി ഇത്തവണ ഉഡുപ്പിയിൽ ടിക്കറ്റ് നൽകിയിരിക്കുന്നത്
രഘുപതി ഭട്ട് നയിച്ച ഹിജാബ് വിരുദ്ധ സമരത്തിൽ മുൻ നിരയിലുണ്ടായിരുന്ന അനുയായി യശ്പാൽ സുവർണയ്ക്കാണ് ബിജെപി ഇത്തവണ ഉഡുപ്പിയിൽ ടിക്കറ്റ് നൽകിയിരിക്കുന്നത് . യശ്പാൽ സുവർണ പോലും തന്നെ വിളിച്ച് ആശ്വസിപ്പിച്ചില്ലെന്ന് രഘുപതി ഭട്ട് പറഞ്ഞു. യശ്പാൽ സുവർണയുടെ നിയമസഭയിലേക്കുള്ള കന്നി അങ്കമാണിത്.
ഹിജാബ് ധരിച്ച് വിദ്യാർഥിനികളെ ക്ലാസിൽ കയറ്റിയാൽ കാവി ഷാൾ ധരിച്ച് ഹിന്ദു വിദ്യാർഥികൾ കോളേജിൽ എത്തുമെന്നായിരുന്നു അന്ന് രഘുപതി ഭട്ട് അടക്കമുള്ള നേതാക്കൾ വെല്ലുവിളിച്ചത്
ബിജെപിയുടെ ഉരുക്കുകോട്ടയായ തീരദേശ കർണാടക മേഖലയിൽ ഹിന്ദുത്വ അജണ്ടയുടെ ഏറ്റവും വലിയ പരീക്ഷണ ശാലയാണ് വര്‍ഷങ്ങളായി ഉഡുപ്പി. ഉഡുപ്പിയിലെ കുന്താപുര സർക്കാർ പ്രീ യൂണിവേഴ്സിറ്റി കോളേജിലായിരുന്നു ഹിജാബ് വിവാദം തലപൊക്കിയത്. ശിരോവസ്ത്രം അണിഞ്ഞെത്തിയ 12 മുസ്ലീം വിദ്യാർഥിനികളെ ക്ലാസിന് പുറത്താക്കിയതാണ് വിവാദത്തിന് തുടക്കം കുറിക്കാന്‍ കാരണം .
ഹിജാബ് ധരിച്ച് വിദ്യാർഥിനികളെ ക്ലാസിൽ കയറ്റിയാൽ കാവി ഷാൾ ധരിച്ച് ഹിന്ദു വിദ്യാർഥികൾ കോളേജിൽ എത്തുമെന്നായിരുന്നു അന്ന് രഘുപതി ഭട്ട് അടക്കമുള്ള നേതാക്കൾ വെല്ലുവിളിച്ചത്. രഘുപതി ഭട്ട് അടക്കമുള്ളവരുടെ ആഹ്വാന പ്രകാരം എബിവിപി പ്രവർത്തകർ കാവി ഷാൾ ധരിച്ചെത്തുകയും ഹിജാബ് ധാരികളുമായി ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടാകുകയും ചെയ്തു.
കർണാടകയിൽ വിവിധ ജില്ലകളിൽ സമാന രീതിയിൽ സമരങ്ങളുണ്ടായതോടെ താൽക്കാലികമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് പാടില്ലെന്ന കർണാടക സർക്കാരിന്റെ ഉത്തരവ് ശരി വയ്ക്കുകയാണ് കർണാടക ഹൈക്കോടതി ചെയ്തത്. ഹിജാബ് ഇസ്ലാം മത വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച വിദ്യാർഥികൾക്ക് ഭിന്നവിധിയാണ് കോടതിയിൽ നിന്നുണ്ടായത്. കോടതി വിധി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കർശനമായി നടപ്പിലായതോടെ നിരവധി മുസ്ലീം വിദ്യാർഥികൾ സർക്കാർ സ്കൂളുകൾ ഉപേക്ഷിച്ചു. പണമുള്ളവർ മത ന്യൂനപക്ഷങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടിയപ്പോൾ ദരിദ്ര വിഭാഗങ്ങളിൽ നിന്നുള്ള നിരവധി മുസ്ലീം പെൺകുട്ടികൾ വിദ്യാഭാസം തന്നെ പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു .