INDIA

ബാബ സിദ്ദിഖി കൊലപാതകം: ഫഡ്‌നാവിസിനെതിരെ സഖ്യകക്ഷികള്‍, തിരഞ്ഞെടുപ്പിന് മുൻപ് മഹായുതിയില്‍ വിള്ളല്‍?

വെബ് ഡെസ്ക്

മുൻ എംഎൽഎയും നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) നേതാവുമായ ബാബ സിദ്ദിഖിൻ്റെ കൊലപാതകത്തിന് പിന്നാലെ പ്രതിസന്ധിയിലായിരിക്കുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനു നേരെ പ്രതിപക്ഷം മാത്രമല്ല സഖ്യകക്ഷികളും വിമർശനങ്ങളുമായി രംഗത്തെത്തിയതോടെ മഹായുതി സഖ്യത്തിലും വിള്ളല്‍ വീണിരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന ഫഡ്‌നാവിസിനെതിരെ സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെക്കുറിച്ച് സഖ്യത്തനുള്ളില്‍ നിന്നുതന്നെ ചോദ്യങ്ങൾ ഉയരുന്നതായാണ് റിപ്പോർട്ടുകള്‍.

സിദ്ദിഖിൻ്റെ കൊലപാതകം ആഭ്യന്തര വകുപ്പിൻ്റെയും മുംബൈ പോലീസിൻ്റെയും സമ്പൂർണ പരാജയത്തിന്റെ തെളിവാണെന്നായിരുന്നു എൻസിപി അജിത് പവാർ പക്ഷം വക്താവുകൂടിയായ അമോൽ മിത്കാരി വിമർശിച്ചത്. വിഷയത്തിൽ അന്വേഷണം നടക്കുകയാണെന്നും നീതി ഉറപ്പാക്കുമെന്നും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും ഫഡ്‌നാവിസും ഉറപ്പ് നൽകിയത് പിന്നാലെയായിരുന്നു പരാമർശം. ഈ മാസം ആദ്യം പൂനെയിലെ നാനാ പേത്ത് ഏരിയയിൽ മുൻ എൻസിപി കോർപ്പറേറ്റർ വൻരാജ് അണ്ടേക്കർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിദ്ദിഖിൻ്റെ കൊലപാതകം സംഭവിക്കുന്നത്.

കൊലപാതകം തൻ്റെ പാർട്ടിക്ക് വലിയ തിരിച്ചടിയാണെന്നും എൻസിപി വക്താവ് ചൂണ്ടിക്കാട്ടി. “കൊലപാതകം മുംബൈയിലെ സുരക്ഷ സംബന്ധിച്ചുള്ള അപകടകരമായ സാഹചര്യത്തെ എടുത്തുകാണിക്കുന്നു. ഇത്തരമൊന്ന് ഒരു സാധാരണക്കാരന് സംഭവിച്ചാൽ നമുക്ക് മനസിലാക്കാൻ കഴിയും. എന്നാൽ മുൻ മന്ത്രി കൊല്ലപ്പെട്ടത് സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ പരാജയമാണ് കാണിക്കുന്നത്," അമോൽ മിത്കാരി ആഞ്ഞടിച്ചു.

ബാബ സിദ്ദിഖിൻ്റെ ജീവന് നേരെയുണ്ടായ ഭീഷണി മുംബൈ പോലീസ് ഗൗരവമായി എടുത്തിരുന്നുവെങ്കിൽ, ഈ കൊലപാതകം നടക്കില്ലായിരുന്നെന്നും എൻസിപി ദേശീയ അധ്യക്ഷൻ അജിത് പവാറിന് ഒരു വിശ്വസ്തനെയാണ് നഷ്ടപ്പെട്ടതെന്നും മിത്കാരി കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ഫഡ്‌നാവിസിൻ്റെ വകുപ്പിൽ ഇടപെട്ടെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. ഒരു മുതിർന്ന എൻസിപി (ശരദ് പവാർ) നേതാവ് സാഹചര്യം ഏറെ അപകടകരമാണെന്നും ആഭ്യന്തര മന്ത്രിയുടെ സമ്പൂർണ്ണ പരാജയം ആണെന്നും തുറന്നടിച്ചു.

ക്രമസമാധാനത്തിൻ്റെ സമ്പൂർണ്ണ തകർച്ച എന്നാണ് കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോലെ മഹാരാഷ്ട്രയിലെ സാഹചര്യത്തെ വിശേഷിപ്പിച്ചത്. “എവിടെയാണ് സർക്കാർ? ക്രമസമാധാനം വെല്ലുവിളിക്കപ്പെടുമ്പോഴെല്ലാം അവർ ചില വിശദീകരണങ്ങളുമായി വരുന്നു. മുംബൈ, പൂനെ, നാഗ്പൂർ തുടങ്ങിയ സംസ്ഥാനത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ക്രമസമാധാന തകർച്ചയുണ്ട്,” അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് സമീപ കാലത്തായി നടന്ന കുറ്റകൃത്യങ്ങളുടെ കണക്കെടുത്തായിരുന്നു പ്രതിപക്ഷത്തിന്റെ വിമർശനം. അതേസമയം ഇതാദ്യമായല്ല മഹായുതി സഖ്യത്തിനുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാകുന്നത്. എൻസിപിക്ക് സഖ്യകക്ഷികളിലേക്ക് വോട്ടെത്തിക്കാൻ സാധിക്കാതെ പോയതാണ് ലോക്‌സഭ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണമെന്നായിരുന്നു ഫഡ്‌നാവിസ് പറഞ്ഞത്. മഹായുതി സഖ്യത്തിനുള്ളില്‍ പലതവണ അജിത് പവാറിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്

അഞ്ച് ബാറ്റർമാർ പൂജ്യത്തില്‍, രണ്ടക്കം കടന്നത് പന്തും ജയ്സ്വാളും മാത്രം; ന്യൂസിലൻഡിനെതിരെ 46 റണ്‍സില്‍ ഇന്ത്യ പുറത്ത്