ഏക്നാഥ് ഷിൻഡെയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത് താനാണെന്ന് ദേവേന്ദ്ര ഫഡ്നാവിസ്. ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാൻ ബിജെപിയോട് ആവശ്യപ്പെട്ടത് താനാണെന്ന് പറഞ്ഞാൽ തെറ്റാവില്ല. താൻ മുന്നോട്ടുവെച്ച നിർദേശം നരേന്ദ്ര മോദി, അമിത് ഷാ, ജെ.പി നദ്ദ തുടങ്ങിയ നേതൃത്വം അംഗീകരിക്കുകയുമായിരുന്നുവെന്നും ഫഡ്നാവിസ് എൻഡിടിവിയോട് പറഞ്ഞു. ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയ ബിജെപി തീരുമാനത്തിൽ ഫഡ്നാവിസ് അതൃപ്തനാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയ ബിജെപി തീരുമാനത്തിൽ ഫഡ്നാവിസ് അതൃപ്തനാണെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്ന നിർദേശം പാർട്ടിക്കു മുന്നിൽ വെച്ചത് താനാണ്. എന്നാൽ, മന്ത്രിസ്ഥാനത്തിന് താൻ മാനസികമായി തയ്യാറായിരുന്നില്ല. വർഷങ്ങളായുള്ള ബിജെപി-ശിവസേന സഖ്യം വിട്ട് കോൺഗ്രസുമായും എൻസിപിയുമായും സഖ്യം ചേർന്ന് അധികാരം പിടിച്ച ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കാനുള്ള പാർട്ടി നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുകയായിരുന്നുവെന്ന് ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ കരുനീക്കങ്ങളുടെ സൂത്രധാരൻ ഫഡ്‌നാവിസ് ആയിരുന്നെന്ന് ഷിൻഡെയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു
മഹാരാഷ്ട്രയിലെ രാഷ്ട്രീയ കരുനീക്കങ്ങളുടെ സൂത്രധാരൻ ഫഡ്‌നാവിസ് ആയിരുന്നെന്ന് ഷിൻഡെയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. തങ്ങൾക്ക് ബിജെപിയേക്കാൾ അംഗസംഖ്യ കുറവായിരുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പിന്തുണയും നൽകി. ആവശ്യമായ എല്ലാ സഹായവും നൽകാൻ കൂടെയുണ്ടെന്ന് സത്യപ്രതിജ്ഞക്കു മുമ്പ് അദ്ദേഹം അറിയിച്ചിരുന്നു. എല്ലാത്തിനുമുപരി ഇതിന്റെയെല്ലാം സൂത്രധാരൻ ഫഡ്നാവിസ് ആയിരുന്നു. തന്റെ കൂടെയുള്ള എംഎൽഎമാർ ഗുവാഹത്തിയിൽ ഉറങ്ങുന്ന നേരം, താൻ ഫഡ്നാവിസുമായി കൂടിക്കാഴ്ച്ച നടത്തുകയും അവർ ഉണരുമ്പോഴേക്കും തിരിച്ചെത്തുകയും ചെയ്യാറുണ്ടായിരുന്നെന്നും ഷിൻഡെ വെളിപ്പെടുത്തിയിരുന്നു.
മഹാരാഷ്ട്രയിൽ, അത്യന്തം നാടകീയമായ സംഭവ വികാസങ്ങൾക്കൊടുവിലാണ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡി സർക്കാരിനെ അട്ടിമറിച്ചുകൊണ്ട് ഷിൻഡെ-ബിജെപി സർക്കാർ അധികാരത്തിൽ വന്നത്. ഷിൻഡെയുടെ നേതൃത്വത്തിൽ എംഎൽഎമാർ ശിവസേന വിട്ടതിനു പിന്നാലെ, ബിജെപി സർക്കാർ രൂപീകരിച്ചാൽ രണ്ട് തവണ മുഖ്യമന്ത്രിയായ ഫഡ്നാവിസ് തന്നെ അതിന് നേതൃത്വം നൽകുമെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ, അപ്രതീക്ഷിതമായി ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.
മഹാവികാസ് അഘാഡി സഖ്യം വിട്ടെത്തിയ ഷിൻഡെ പക്ഷത്തിനൊപ്പം ബിജെപി സർക്കാർ രൂപീകരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ വന്നപ്പോൾ മുതൽ, ഫഡ്നാവിസിന്റെ പേരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പറഞ്ഞുകേട്ടത്. എന്നാൽ ജൂൺ 30ന്, മന്ത്രിസഭയിൽ അംഗമാകാനില്ലെന്ന് ഫഡ്നാവിസ് പ്രഖ്യാപിച്ചു. പിന്നാലെ, ഫഡ്‌നാവിസ് ഉപമുഖ്യമന്ത്രിയാകുമെന്ന് ബിജെപി അധ്യക്ഷൻ ജെപി നദ്ദ അറിയിക്കുകയായിരുന്നു. അതോടെ, ഷിൻഡെ സർക്കാരിൽ ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി. മന്ത്രിസഭയിൽനിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം പാർട്ടി സമ്മർദത്തെത്തുടർന്ന് മാറ്റുകയായിരുന്നു എന്നാണ് ഫഡ്നാവിസ് പിന്നീട് പ്രതികരിച്ചത്.