ഏക്‌നാഥ് ഷിന്‍ഡെയും. ദേവേന്ദ്ര ഫഡ്‌നാവിസും  
INDIA

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം: സുപ്രധാന വകുപ്പുകളെല്ലാം ബിജെപിക്ക്; അതൃപ്തിയറിയിച്ച് ഷിന്‍ഡെ പക്ഷം

പ്രധാനപ്പെട്ട വകുപ്പുകളെല്ലാം ബിജെപി ഏറ്റെടുത്തെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം

വെബ് ഡെസ്ക്

മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ പക്ഷ ശിവസേന. 18 മന്ത്രിമാരെ ഉള്‍പ്പെടുത്തി വിപുലീകരിച്ച മന്ത്രിസഭയില്‍ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം ബിജെപി ഏറ്റെടുത്തെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. അതേസമയം, പ്രധാന വകുപ്പുകള്‍ ഷിന്‍ഡെ പക്ഷത്തിന് നല്‍കിയെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിന്റെ വിമര്‍ശനം.

മുഖ്യമന്ത്രിയായി ഷിന്‍ഡെയും ഉപമുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസും സത്യപ്രതിജ്ഞ ചെയ്ത് ഒന്നര മാസം അടുക്കുമ്പോഴായിരുന്നു മന്ത്രിസഭാ വികസനം. മുന്‍പ് കൈകാര്യം ചെയ്തിരുന്ന നഗരവികസന വകുപ്പ് ഷിന്‍ഡെ നിലനിര്‍ത്തി. ഉപമുഖ്യമന്ത്രിയായി അധികാരമേറ്റ ഫഡ്‌നാവിസിന് ആഭ്യന്തരം, ധനകാര്യ വകുപ്പ് എന്നീ പ്രധാനപ്പെട്ട വകുപ്പുകളാണ് കൈമാറിയത്. ധന-ആസൂത്രണ വകുപ്പും ഫഡ്‌നാവിസ് കൈകാര്യം ചെയ്യും.

മഹാവികാസ് അഘാഡി സഖ്യത്തില്‍ എന്‍സിപി കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പുകളാണ് ഇപ്പോള്‍ ബിജെപി കൈകാര്യം ചെയ്യുന്നത്.

ഓഗസ്റ്റ് 9 നായിരുന്നു മന്ത്രിസഭാ വിപുലീകരണം. ഒന്‍പത് വീതം 18 എംഎല്‍എമാര്‍ ഇരു പക്ഷത്തു നിന്നും മന്ത്രിസഭയുടെ ഭാഗമായി. മഹാവികാസ് അഘാഡി സഖ്യത്തില്‍ എന്‍സിപി കൈകാര്യം ചെയ്തിരുന്ന പ്രധാന വകുപ്പുകളാണ് ഇപ്പോള്‍ ബിജെപിക്ക് കൈകാര്യം ചെയ്യാന്‍ അവസരം വന്നിരിക്കുന്നത്. ആഭ്യന്തരം, ധനകാര്യം, നിയമം, ജുഡീഷ്യറി, ജനവിഭവം, ഭവനം, ഊര്‍ജം, എന്നീ സുപ്രധാന വകുപ്പുകളെല്ലാം കൈകാര്യം ചെയ്യുന്നത് ഉപമുഖ്യമന്ത്രിയായ ദേവന്ദ്ര ഫഡ്‌നാവിസാണ്.

കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന രാധാകൃഷ്ണ വിഖേയ്ക്ക് റവന്യൂ വകുപ്പും പുതുമുഖമായ അതുല്‍ സാവേയ്ക്ക് സഹകരണ വകുപ്പും ബിജെപി ചോദിച്ചു വാങ്ങുകയായിരുന്നു. ബിജെപി മന്ത്രി സുധീര്‍ മന്‍ഗന്തിവാറിന് നേരത്തെ കൈകാര്യം ചെയ്തിരുന്ന വനം വകുപ്പ് തന്നെയാണ് ഏൽപ്പിച്ചത്.

ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലാണ് ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പും പാര്‍ലമെന്ററികാര്യവും കൈകാര്യം ചെയ്യുന്നത്. ഷിന്‍ഡെ പക്ഷത്തെ ദീപക് കേസാര്‍ക്കറിന് സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പും, അബ്ദുള്‍ സത്താറിന് കൃഷി വകുപ്പുമാണ് നല്‍കിയിരിക്കുന്നത്.

മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീലിനാണ് ഉന്നത സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്

ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നീ വകുപ്പുകളാണ് പ്രധാനമായും ഷിന്‍ഡെ പക്ഷത്തിന് ലഭിച്ചത്. അതൃപ്തിയുണ്ടെങ്കില്‍ അടുത്ത ഘട്ട മന്ത്രിസഭാ വികസനത്തില്‍ വകുപ്പുകള്‍ കൈമാറാമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചിട്ടുണ്ട്. മന്ത്രിസഭയില്‍ ഇതുവരെ ഒരു വനിതാ അംഗത്തെപോലും ഉള്‍ക്കൊള്ളിച്ചിട്ടില്ല. നികത്താനുള്ള മന്ത്രി സ്ഥാനങ്ങളാണ് ശിവസേനയുടെ ലക്ഷ്യം.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍