കേരളത്തിൽ നിന്ന് 32,000 പെൺകുട്ടികൾ ഐഎസിൽ ചേർന്നുവെന്ന പരാമര്‍ശത്തോടെ ടീസര്‍ പുറത്തിറക്കിയ ഹിന്ദി സിനിമയ്ക്കെതിരെ കേസെടുക്കും. 'ദി കേരള സ്റ്റോറി' എന്ന ചിത്രത്തിനെതിരെ കേസെടുക്കാന്‍ തിരുവനന്തപുരം പോലീസ് കമ്മീഷണർക്ക് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് നിർദേശം നൽകി. കേരള പോലീസിന്റെ ഹൈടെക് സെല്‍ നടത്തിയ പ്രാഥമിക അന്വഷണത്തിന് പിന്നാലെയാണ് നടപടി.
സുദീപ്തോ സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ നവംബർ രണ്ടിനാണ് പുറത്തിറങ്ങിയത്. ടീസർ പുറത്തിറങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നു. കേരളത്തിന് എതിരായ പരാമര്‍ശം വ്യാജമാണെന്ന് ഒരു വിഭാഗം നിലപാട് എടുത്തപ്പോള്‍ ടീസറിനെ പിന്തുണയ്ക്ക് ഹിന്ദുത്വ അനുകൂല ഹാന്‍ഡിലുകളും രംഗത്ത് എത്തുകയായിരുന്നു.
ടീസർ പുറത്തിറങ്ങിയതോടെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തോതില്‍ ചര്‍ച്ചകള്‍ അരങ്ങേറിയിരുന്നു.
ചിത്രത്തിൽ ഉന്നയിക്കുന്ന ആരോപണങ്ങളുടെ ആധികാരികത തെളിയിക്കുന്ന രേഖകൾ ഹാജരാകണമെന്ന ആവശ്യം ചൂണ്ടിക്കാട്ടി തമിഴ്നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകനാണ് പരാതിയുമായി രംഗത്തെത്തിയത്. ഇദ്ദേഹം സെൻസർ ബോർഡിന് ശനിയാഴ്ച പരാതി നൽകിയിരുന്നു. കള്ളമാണെന്ന് തെളിഞ്ഞാൽ ചിത്രം നിരോധിക്കണമെന്നും പരാതിയിൽ ആവശ്യപെട്ടിരുന്നു.
സെൻസർ ബോർഡിന് പുറമെ കേരള മുഖ്യമന്ത്രിക്കും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിനും പരാതികൾ അയച്ചിരുന്നു. ഇതേ തുടർന്ന് പരാതി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം സംസ്ഥാന പോലീസ് മേധാവിക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശവും നൽകിയിരുന്നു.
കേരള പോലീസിന്റെ ഹൈടെക് സെല്‍ നടത്തിയ പ്രാഥമിക അന്വഷണത്തിന് പിന്നാലെയാണ് നടപടി.
കേരളത്തില്‍ നിന്നുള്ള പെണ്‍കുട്ടികളെ നിർബന്ധിച്ച് മതം മാറ്റി, ഐഎസിന്‍റെ ഭാഗമാക്കി മാറ്റുന്നുവെന്നാണ് ചിത്രത്തിന്റെ ഉള്ളടക്കം എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമെന്നും അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.
ആദാ ശർമ്മയാണ് ചിത്രത്തിന്റെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശാലിനി കൃഷ്‌ണൻ എന്നായിരുന്നു തന്റെ പേരെന്നും നഴ്‌സാകാൻ ആശിച്ചിരുന്ന താനിപ്പോൾ ഫാത്തിമ ബാ ആണെന്നും ടീസറിൽ പറയുന്നു. താനിപ്പോൾ ഐഎസ് തീവ്രവാദി ആയതിന്റെ പേരിൽ അഫ്‌ഗാനിസ്ഥാനിലെ ജയിലിൽ കഴിയുകയാണ്. തന്നെപോലെയുള്ള 32000 പെൺകുട്ടികളാണ് സിറിയയിലും യെമനിലുമായി ഉള്ളത്. സാധാരണ പെൺകുട്ടികളെ തീവ്രവാദികളാക്കി മാറ്റാനുള്ള മാരകമായ ശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നത്, അതും പരസ്യമായി. ആരും അവരെ തടയില്ലേ? ഇത് എന്റെ കഥയാണ്. ആ 32,000 പെൺകുട്ടികളുടെ കഥയാണിത്. ഇതാണ് കേരള സ്റ്റോറി" ഇങ്ങനെയായിരുന്നു ടീസറിലെ ഡയലോഗ്.