മാറ്റങ്ങള്‍ ഒന്നും സംഭവിച്ചില്ല, ത്രിപുരയില്‍ ഇടത് കോട്ട പിടിച്ചെടുത്ത പ്രതിമ ഭൗമിക് കേന്ദ്ര സഹമന്ത്രിയായി തുടരും. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ ധന്‍പുര്‍ സീറ്റില്‍ നിന്ന് വിജയിച്ച പ്രതിമ ഭൗമിക് എംഎല്‍എ സ്ഥാനം രാജിവച്ചു. ത്രിപുര നിയമസഭയുടെ പ്രോടേം സ്പീക്കര്‍ ബിനോയ് ഭൂഷണ്‍ ദാസിന് പ്രതിമ ഭൗമിക് രാജി കൈമാറി.
ഒരുഘട്ടത്തില്‍ ത്രിപുര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി പരിഗണിച്ചിരുന്ന പേരായിരുന്നു പ്രതിമ ഭൗമികിന്റേത്. എന്നാല്‍, മാണിക് സാഹയെ തന്നെ മുഖ്യമന്ത്രിയായി നിശ്ചയിച്ചതിന് പിന്നാലെയാണ് പ്രതിമ ഭൗമിക് രാജി സമര്‍പ്പിച്ചത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കുന്നതായി ട്വീറ്റിലൂടെയും പ്രതിമ ഭൗമിക് അറിയിച്ചു. നിലവില്‍, മോദി സര്‍ക്കാരില്‍ സാമൂഹ്യനീതി മന്ത്രാലയത്തില്‍ സഹമന്ത്രിയാണ് പ്രതിമ ഭൗമിക്.
കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ധൻപുർ നിയമസഭ മണ്ഡലത്തിലെ എംഎൽഎ സ്ഥാനത്ത് നിന്നുള്ള ഭൗമികിന്റെ രാജി. 2018ൽ ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിച്ച പ്രതിമ ഭൗമിക്, ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാരിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നിട്ടും തനിക്ക് വീണ്ടും അവസരം നൽകിയ ബിജെപി നേതാക്കൾക്ക് നന്ദിയുണെന്നും ഭൗമിക് ട്വീറ്റിലൂടെ പറഞ്ഞു. "കേന്ദ്ര നേതൃത്വത്തിന്റെ ആശീർവാദത്തോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എനിക്ക് അവസരം ലഭിച്ചു. അതും ധൻപുർ മണ്ഡലത്തിൽ നിന്ന് തന്നെ. ത്രിപുരയിലെ മറ്റ് നിയമസഭകളിലെ പോലെ തന്നെ ധനപുറിൽ നിങ്ങൾ എന്നെ ഇരുകൈകളും നീട്ടി അനുഗ്രഹിച്ചു. ധൻപുർ നിവാസികളിൽ ചിലരെന്നെ അവരുടെ മകളെ പോലെയാണ് സ്നേഹിക്കുന്നത്" ഭൗമിക് ട്വീറ്റിൽ കുറിച്ചു. കൂടാതെ തന്റെ വിജയം ധൻപുറിലെ ജനങ്ങളുടെ വിജയമാണെന്നും സഹമന്ത്രി പറഞ്ഞു.
തനിക്ക് വോട്ട് ചെയ്ത വോട്ടർമാർക്ക് നന്ദിയുണ്ടെന്നും മണ്ഡലത്തിന്റെ വികസനത്തിനായി നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെടുമെന്നും ഭൗമിക് മാധ്യമങ്ങളോട് പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ആരാകും പുതിയ ബിജെപി സ്ഥാനാർഥി എന്നതിനെ പറ്റി പാർട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.രാജിയോടെ 60 അംഗ ത്രിപുര നിയമസഭയിൽ ബിജെപിയുടെ സീറ്റുകൾ 31 ആയി കുറഞ്ഞു. വ്യാഴാഴ്ച പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും.