ഇന്ത്യന്‍ പൗരന്മാരുടെ ഡിജിറ്റല്‍ സ്വകാര്യ വിവരങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ അധികാരം നല്‍കുന്ന ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണബില്‍ ലോക്‌സഭ ലോക്സഭയുടെ അവതരിപ്പിച്ചു. രാജ്യത്തെ പൗരന്മാരുടെ ഡിജിറ്റല്‍ പരിരക്ഷ ശക്തിപ്പെടുമെന്ന് അവകാശപ്പെടുന്ന ബില്‍ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനിടെയാണ് മന്ത്രി ബില്‍ ലോകസഭയുടെ മേശപ്പുറത്ത് വച്ചത്. ബില്‍ പൗരന്മാരുടെ അവകാശങ്ങളെ അട്ടിമറിക്കുമെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും പ്രതിപക്ഷം ആരോപിച്ചു.
രാജ്യസഭയെ മറികടക്കാന്‍ ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണ ബില്‍ പണ ബില്ലായി അവതരിപ്പിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിനെ പൊതുബില്ലായാണ് അശ്വിനി വൈഷ്ണവ് ബില്‍ അവതരിപ്പിച്ചത്. ഐ ടി ഡാറ്റ സംരക്ഷണ ബിൽ സാധാരണ ബില്ലായി അവതരിപ്പിക്കണമെന്നും ഇത് ജെപിസിക്ക് വിടണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഉച്ചയ്ക്ക് രണ്ട് മണിക്ക് സഭാനടപടികള്‍ പുനരാരംഭിച്ചതോടെയാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്മേല്‍ സര്‍ക്കാര്‍ വിപുലമായ ചര്‍ച്ചകള്‍ നടത്തണമെന്നും ബില്‍ അവതരിപ്പിക്കാന്‍ സമയമായില്ലെന്നും കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു. ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയച്ചിട്ടില്ലെന്ന് ശശിതരൂര്‍ എംപി ചൂണ്ടിക്കാട്ടി.
ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന് കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണബില്‍. രണ്ടാമത്തെ തവണയാണ് ഒരു സ്വകാര്യത ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെക് വിപണിയിലൊന്നായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ് ഈ ബില്‍. ബില്ലിലെ വകുപ്പുകള്‍ പ്രകാരം, ഡാറ്റ പ്രൊട്ടക്ഷന്‍ ബോര്‍ഡിന്റെ നിയന്ത്രണം കേന്ദ്ര സര്‍ക്കാരിന് ലഭിക്കുന്നു. കൂടാതെ കേന്ദ്രത്തിന്റെ ആവശ്യാനുസരണം ഏതൊരു സ്ഥാപനത്തെയും സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കാന്‍ ബാധ്യസ്ഥരാക്കുന്ന വകുപ്പുകള്‍ക്ക് നേരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
ഓണ്‍ലൈന്‍ സെന്‍സര്‍ഷിപ്പിന് കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ അധികാരം നല്‍കുന്നതാണ് ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റാ സംരക്ഷണബില്‍
ക്രമസമാധാനം, ദേശസുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള ബന്ധം എന്നിവയെ ബാധിക്കുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാരിന്റെ കീഴിലുള്ള ഏത് സ്ഥാപനത്തെയും ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ കേന്ദ്രത്തിന് കഴിയും. ബില്ലിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലുമൊരു സ്ഥാപനത്തിന് രണ്ടുതവണയില്‍ കൂടുതല്‍ പിഴയടക്കേണ്ടി വന്നാല്‍ അവരെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരവും ബില്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കുന്നുണ്ട്. ദേശീയ സുരക്ഷാ കാരണങ്ങളുണ്ടെങ്കില്‍ പൗരന്മാരുടെ സമ്മതമില്ലാതെ അവരുടെ സ്വകാര്യ വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രത്തിന് സാധിക്കും. ഇതാണ് പ്രതിപക്ഷം ബില്ലിനെ എതിര്‍ക്കാന്‍ കാരണം.