മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നതില്‍ ഡിവിഷന്‍ ബെഞ്ചിന് ഏകാഭിപ്രായം ആയിരുന്നെങ്കിലും അറസ്റ്റ് ചെയ്തതില്‍ ഭിന്നാഭിപ്രായം. അതിനാല്‍, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്വല്‍ ഭുയാന്‍ എന്നിവര്‍ വ്യത്യസ്ത വിധികള്‍ രേഖപ്പെടുത്തി.
സിബിഐ കേസില്‍ തന്നെ അറസ്റ്റു ചെയ്തത് നിയമവിരുദ്ധമാണ് എന്നതായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ഏറ്റവും പ്രധാനപ്പെട്ട വാദം. എന്നാല്‍ ഒരു കേസില്‍ അറസ്റ്റ് ചെയ്ത വ്യക്തിയെ സമാന കേസില്‍ മറ്റൊരു ഏജൻസി അറസ്റ്റു ചെയ്യുന്നത് നിയമവിരുദ്ധമാണ് എന്ന് പറയാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സൂര്യകാന്ത് വ്യക്തമാക്കി. സിആര്‍പിസി വകുപ്പ് 41(എ)(3) ഇവിടെ ലംഘിക്കപ്പെട്ടിയിട്ടില്ലെന്നും അതിനാല്‍ അറസ്റ്റ് നിയമവിരുദ്ധമല്ലെന്നും സൂര്യകാന്ത് ഉറപ്പിച്ച് പറഞ്ഞു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് 22 മാസം സിബിഐ കാത്തിരുന്നത് എന്തിനെന്ന് ഭുയാന്‍ ചോദിച്ചു. സിബിഐ എന്നത് രാജ്യത്തെ സുപ്രധാന അന്വേഷണ ഏജന്‍സിയാണ്. അവര്‍ കൂട്ടിലടച്ച തത്തയല്ലെന്ന് തെളിയിക്കേണ്ടതുണ്ട്. സമാനമായ സംഭവത്തില്‍ ഇഡി കേസില്‍ ജാമ്യം ലഭിച്ച ഉടന്‍ കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്യാനുള്ള അടിയന്തരാവസ്ഥ എന്തായിരുന്നെന്ന് വ്യക്തമല്ലെന്നും ഭുയാന്‍. വിചാരണ വൈകുമെന്നതിനാല്‍ ഒരു വ്യക്തിയെ അനന്തമായി ജയിലില്‍ അടയ്ക്കാനാവില്ലെന്നും ഭുയാന്‍ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം ലഭിച്ച വ്യക്തിക്ക് സിബിഐ കേസില്‍ ജാമ്യം അനുവദിക്കാതിരിക്കുന്നത് നീതിയോടുള്ള പരിഹാസമാണെന്നും അദ്ദേഹം കൂട്ടിച്ചെര്‍ത്തു. ജാമ്യം എന്നത് നീതിയും ജയില്‍ അപവാദവുമാണെന്ന് കോടതി ഇന്നും ആവര്‍ത്തിച്ചു.
അതേസമയം, ജയില്‍ മോചിതനായാലും മുഖ്യമന്ത്രി എന്ന നിലയില്‍ പൂര്‍ണമായ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ കെജ്‌രിവാളിന് സാധിക്കില്ല. ജാമ്യകാലയളവില്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്ത് പറയാന്‍ പാടില്ലെന്നും, ഇഡി കേസുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ജാമ്യവ്യവസ്ഥകളെല്ലാം ഈ കേസിലും ബാധകമാണെന്നും കോടതി വ്യക്തമാക്കി. വിചാരണ പെട്ടന്നൊന്നും തീരാന്‍ സാധ്യതയില്ലാത്തതിനാലും തങ്ങള്‍ ജാമ്യം നല്‍കാന്‍ തീരുമാനിക്കുകയാണെന്നുമാണ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിയില്‍ പോകാനോ ഫയലുകളില്‍ ഒപ്പുവയ്ക്കാനോ പാടില്ല എന്ന് ഇഡി കേസിലെ ജാമ്യ വ്യവസ്ഥയിലുള്ളതുകൊണ്ട് അത് ഈ കേസിലും ബാധകമായിരിക്കും.