INDIA

മുസ്‌ലിം അഭിഭാഷകരോട് മതപരമായ വിവചേനം; വിചാരണക്കോടതി ജഡ്ജിയെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി

വെബ് ഡെസ്ക്

മുസ്‌ലിം വിഭാഗത്തില്‍പ്പെട്ട അഭിഭാഷകരോട് മതപരമായ വിവേചനം കാണിക്കുന്നുവെന്ന ആരോപണത്തെത്തുടർന്ന് മുതിർന്ന ജഡ്ജി വിവേകാനന്ദ് ശരണ്‍ ത്രിപാഠിയെ വിളിച്ചുവരുത്തി അലഹബാദ് ഹൈക്കോടതി. "ഒരു പ്രത്യേക സമൂഹത്തെക്കുറിച്ചുള്ള ജഡ്ജിന്റെ വീക്ഷണം'' അപമര്യാദയോടുകൂടിയുള്ളതാണെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി നടപടി.

നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മുസ്‌ലിം പുരോഹിതന്മാരായ മുഹമ്മദ് ഉമർ ഗൗതം, മുഫ്തി ഖാസി ജഹാംഗീർ എന്നിവർക്കെതിരെ ഉത്തർ പ്രദേശ് ആന്റി ടെററിസ്റ്റ് സ്ക്വാഡ് ചുമത്തിയ കേസിൽ വിചാരണയ്ക്കിടെയാണ് സംഭവം.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി കോടതി ചെറിയ ഇടവേള അനുവദിക്കണമെന്ന മുസ്‌ലിം അഭിഭാഷകരുടെ അപേക്ഷ അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി (എന്‍ഐഎ/എടിഎസ് പ്രത്യേക ജഡ്ജി) വിവേകാനന്ദ് ശരണ്‍ ത്രിപാഠി ജനുവരിയില്‍ നിരസിച്ചിരുന്നു. പ്രാർത്ഥനയ്ക്കു പോകുന്ന മുസ്‌ലിം അഭിഭാഷകർക്കു പകരം അമിക്കസ് ക്യൂരിയെ നിയമിക്കുകയും ചെയ്തു. അഭിഭാഷകർ പ്രാർത്ഥനയ്ക്കു പോകുമ്പോള്‍ കുറ്റാരോപിതരായ വ്യക്തികള്‍ക്കുവേണ്ടി അമിക്കസ് ക്യൂരി ഹാജരാകണമെന്നും ഉത്തരവിട്ടിരുന്നു.

ഇതിനുപിന്നാലെ പ്രതികളിലൊരാള്‍ ഹൈക്കോടതിയെ സമീപിക്കുകയും ജസ്റ്റിസ് ഷമീം അഹമ്മദ് വിചാരണ കോടതിയുടെ ഉത്തരവുകള്‍ സ്റ്റേ ചെയ്യുകയുമായിരുന്നു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കായി ഹാജരാകാന്‍ മുസ്‌ലിം അഭിഭാഷകർക്ക് വിചാരണക്കോടതി അനുമതി നല്‍കി. എന്നാല്‍ ഇലക്ട്രോണിക് തെളിവുകള്‍ക്കായുള്ള അപേക്ഷയില്‍ തീരുമാനമെടുത്തില്ല.

വിചരണക്കോടതിയുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായാണ് വിമർശിച്ചത്. സ്റ്റേയുടെ ഗൗരവം മനസിലാക്കുന്നതില്‍ ജഡ്ജി പരാജയപ്പെട്ടെന്നും ഏകപക്ഷീയമായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും കോടതി ചൂണ്ടിക്കാണിച്ചു. "തെളിവുകളുടെ പകർപ്പ് നല്‍കാന്‍ സാധിക്കില്ലെങ്കില്‍ വിചാരണയുമായി മുന്നോട്ടുപോകേണ്ട കാര്യമില്ല, അല്ലെങ്കില്‍ എന്തെങ്കിലും നിരീക്ഷണം നടത്തണമായിരുന്നു. ഇവിടെ വിചാരണ കോടതി നിശബ്ദമാണ്," ജസ്റ്റിസ് അഹമ്മദ് വ്യക്തമാക്കി.

"ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരയാതിനാല്‍ അപേക്ഷകന്റെ അഭിഭാഷകന്‍ വിചാരണവേളയില്‍ ഹാജരായില്ലെന്ന" വിചാരണ കോടതി ജഡ്ജിയുടെ ബാലിശമായ നിരീക്ഷണത്തെയും കോടതി വിമർശിച്ചു. വിചാരണ കോടതിയുടെ ഭാഗത്തുനിന്നുണ്ടായത് മതപരമായ വിവേചനമാണെന്നും ഭരണഘടനയുടെ 15-ാം അനുച്ഛേദത്തില്‍ അനുശാസിക്കുന്ന മൗലികാവകാശത്തിന്റെ കൃത്യമായ ലംഘനമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. വിചാരണക്കോടതിയെ വിചാരണ തുടരുന്നതില്‍നിന്ന് ഹൈക്കോടതി വിലക്കുകയും ചെയ്തു. ഇതിനുശേഷമാണ് വിശദീകരണം നല്‍കുന്നതിനായി ജഡ്ജിയോട് ഹാജരാകാന്‍ കോടതി ഉത്തരവിട്ടത്.

തിങ്കളാഴ്ച ജഡ്ജി ത്രിപാഠി സിംഗിള്‍ ബെഞ്ചിനുമുന്നില്‍ ഹാജരാവുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ഭാവിയില്‍ താന്‍ ജാഗ്രത പുലർത്തുമെന്നും കോടതിക്ക് ത്രിപാഠി ഉറപ്പുനല്‍കി. സത്യവാങ്മൂലം സമർപ്പിക്കാന്‍ രണ്ടു ദിവസത്തെ സാവകാശം ത്രിപാഠിയുടെ അഭിഷകന്‍ തേടിയതോടെ കേസ് പതിനെട്ടിലേക്കു മാറ്റി.

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം