കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ ബെംഗളൂരുവിൽ ചേരുന്ന വിശാല പ്രതിപക്ഷ യോഗം ഇന്ന് രണ്ടാം ദിനത്തിൽ. 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട തന്ത്രങ്ങൾ സംബന്ധിച്ച വിശദമായ ചർച്ചയായിരിക്കും ഇന്നത്തെ യോഗത്തിൽ നടക്കുക. വിശാല പ്രതിപക്ഷ സഖ്യം യുപിഎ എന്ന പേരിൽ തുടരേണ്ടതുണ്ടോയെന്ന് സംബന്ധിച്ചും ഇന്നത്തെ യോഗം ചർച്ച ചെയ്യും.
സഖ്യം ചേർന്ന് മത്സരിക്കൽ, സീറ്റു വിഭജനം, പൊതു മിനിമം പരിപാടിയുടെ കരട് തയ്യാറാക്കുന്നത് സംബന്ധിച്ച വിഷയം, വിവിധ സംസ്ഥാനങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ എന്നിവ സംബന്ധിച്ചുള്ള ചർച്ചകളാണ് പ്രധാന അജണ്ട. പ്രതിപക്ഷ ഐക്യത്തിന്റെ ഭാഗമാകാൻ എത്തിയ പ്രാദേശിക പാർട്ടികളുടെ ആശങ്കകൾ യോഗത്തിൽ പങ്കുവെക്കപ്പെടും.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വിവിധ വിഷയങ്ങളിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് യോഗത്തിൽ ധാരണയാകും. സഭക്ക് അകത്തും പുറത്തും സർക്കാർ വിരുദ്ധ സമരങ്ങൾ തുടങ്ങാൻ പ്രതിപക്ഷ കക്ഷികൾ നേരത്തെ തന്നെ ധാരണയിൽ എത്തിയിരുന്നു.
ഇനിയുള്ള മാസങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ ഒരുമിച്ചു നേതൃത്വം നൽകാൻ കഴിയുന്ന വിവിധ സമരപരിപാടികളെ കുറിച്ചുള്ള കൂടിയാലോചനകളും യോഗത്തിലുണ്ടാകും. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടു ബിജെപി കൊണ്ട് വരുന്ന ഏക സിവിൽ കോഡ് പോലുള്ള വിഷയങ്ങൾ ഒറ്റ കെട്ടായി എതിർക്കുന്നതിന്റെ സാധ്യതകൾ യോഗം ആരായും. കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് കേന്ദ്ര സർക്കാർ നടത്തുന്ന പകപോക്കൽ രാഷ്ട്രീയത്തെ ഒറ്റക്കെട്ടായി നേരിടാനും യോഗം പദ്ധതി തയ്യാറാക്കും.
26 പാർട്ടികളുടെ നേതാക്കളാണ് യോഗത്തിൽ സംബന്ധിക്കുന്നത്. എൻ സി പി നേതാവ് ശരത് പവാർ യോഗത്തിൽ പങ്കെടുക്കാൻ ഇന്ന് ബെംഗളൂരുവിൽ എത്തിയേക്കും. വൈകിട്ട് സോണിയ ഗാന്ധി ഒരുക്കുന്ന അത്താഴ വിരുന്നോടെ യോഗം സമാപിക്കും.