വിലക്കയറ്റവും, വരുമാനത്തിലെ കുറവും ഇന്ത്യക്കാരെ ഭക്ഷണരീതി ക്രമീകരിക്കാന്‍ പ്രേരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ആരോഗ്യകരമായ ഭക്ഷണത്തിന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ ചിലവേറിയെന്നാണ് സ്റ്റേറ്റ് ഓഫ് സെക്യൂരിറ്റി ആൻഡ് ന്യൂട്രിഷൻ ഇൻ ദ വേൾഡ് (സോഫി) 2023 റിപ്പോർട്ട്. ബ്രിക്സ് രാജ്യങ്ങളേയും അയൽ രാജ്യങ്ങളേയും മറികടക്കുന്ന നിലയില്‍ ഇന്ത്യയിൽ ഭക്ഷണത്തിന് വില വർധിച്ചെന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ചെലവിന് ക്രമാനുഗതമായി വരുമാനത്തില്‍ വര്‍ധനവ് ഇല്ലെന്നതാണ് സാഹചര്യം കുടുതല്‍ ഗുരുതരമാക്കിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വരുമാനത്തിന്റെ പകുതിയും ഇന്ത്യക്കാര്‍ ഭക്ഷണത്തിനായാണ് ചിലവാക്കുന്നത്. എന്നിട്ടും 74 ശതമാനം ഇന്ത്യക്കാർക്കും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ല. ആരോഗ്യകരമായ ഭക്ഷണം വാങ്ങാനുള്ള സാമ്പത്തിക ശേഷിയില്ലാത്തവരാണ് ഇന്ത്യയിലെ ഭൂരിഭാഗം ജനവിഭാഗങ്ങളെന്നും റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് ഒരാൾ തന്റെ വരുമാനത്തിന്റെ 52 ശതമാനവും ഭക്ഷണത്തിനായാണ് ചിലവാക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു
രാജ്യത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഭക്ഷണ സാധനങ്ങള്‍ക്ക് വലിയ വിലക്കയറ്റം നേരിട്ടിട്ടുണ്ട്. ഇക്കാലയളവില്‍ മുംബൈയില്‍ ഒരു നേരത്തെ ഊണിന്റെ വില അഞ്ച് വർഷം കൊണ്ട് 65 ശതമാനം വർധിച്ചു. എന്നാല്‍ ജനങ്ങളുടെ വരുമാനത്തിൽ 28 ശതമാനം മുതൽ 37 ശതമാനം മാത്രമാണ് വർധനവ് രേഖപ്പെടുത്തിയത്. ഇത് മുംബൈയിലെ മാത്രം കണക്കുകളാണെങ്കിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും ഇതേ അവസ്ഥയാണെന്നും ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷനുമായി സംയുക്തമായ പ്രവർത്തിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസിയായ സോഫി ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യകരമായ ഭക്ഷണത്തിന് ചിലവേറുന്നതോടെ ചിലവ് കുറഞ്ഞ അനാരോഗ്യകരമായ ഭക്ഷണത്തിലേക്ക് ജനങ്ങളെത്തുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ഒരാൾ തന്റെ വരുമാനത്തിന്റെ 52 ശതമാനവും ഭക്ഷണത്തിനായാണ് ചിലവാക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
2021 ലെ റിപ്പോർട്ടുകൾ പ്രകാരം നല്ല ഭക്ഷണത്തിന് ഏറ്റവും ചിലവേറിയ രാജ്യം ഭൂട്ടാനായിരുന്നു. നേപ്പാൾ , ദക്ഷിണാഫ്രിക്ക രണ്ട് മൂന്ന് സ്ഥാനങ്ങളിലും ഇടം പിടിച്ചു. അതേ സമയം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ കഴിയാത്ത ജനങ്ങൾ കൂടുതലുള്ള രാജ്യം എത്ത്യോപ്യയാണ്.