INDIA

ഉത്തരാഖണ്ഡ് ഏകീകൃത വ്യക്തിഗത നിയമം; ലിവ് ഇൻ ബന്ധങ്ങളിലെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് ആക്ഷേപം

വെബ് ഡെസ്ക്

എതിർലിംഗക്കാരായ പങ്കാളികൾ ലിവ് ഇൻ റിലേഷൻ ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതും സംസ്ഥാന സർക്കാരിനെ അറിയിച്ചുകൊണ്ടാവണം എന്ന് നിഷ്കർഷിക്കുന്ന ഉത്തരാഖണ്ഡിലെ പുതിയ ഏകീകൃത സിവിൽ കോഡിലെ വകുപ്പിൽ ആശങ്ക. ലിവ് ഇൻ റിലേഷൻ എന്ന ഉഭയസമ്മതപ്രകാരമുള്ള ബന്ധത്തെ വിവാഹത്തിന്റേതായ നിയമപ്രക്രിയയയിലൂടെ കടത്തിവിടുന്നതാണ് നിലവിൽ നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്ന യുസിസിയിലെ വകുപ്പെന്നാണ് പ്രധാന ആക്ഷേപം.

ഉത്തരാഖണ്ഡിൽ ലിവ് ഇൻ റിലേഷനിൽ കഴിയുന്ന പങ്കാളികൾ ജില്ലാ ഭരണകൂടത്തിന് മുൻപാകെ രജിസ്റ്റർ ചെയ്യണമെന്നാണ് യു സി സിയിലെ നിയമം വ്യവസ്ഥ ചെയ്യുന്നത്. ഇതിന്റെ രേഖ പോലീസ് സ്റ്റേഷനിൽ സൂക്ഷിക്കും. ബന്ധത്തിന്റെ ഒരുവേളയിൽ സ്ത്രീയെ 'ഒഴിവാക്കുകയാണെങ്കിൽ' അവർക്ക് വിവാഹത്തിലെ പോലെ എല്ലാവിധ നഷ്ടപരിഹാരങ്ങൾക്കും അര്‍ തയുണ്ടാകും. കൂടാതെ ബന്ധം രജിസ്റ്റർ ചെയ്യുന്നതിൽ വീഴ്ചവരുത്തുന്നത് ആറുമാസം വരെ ജയിൽശിക്ഷ ക്ഷണിച്ചുവരുത്തുന്നു കുറ്റമാണ്. ചൊവ്വാഴ്ചയാണ് ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ബിൽ അവതരിപ്പിച്ചത്.

പ്രായപൂർത്തിയായവർ തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള ബന്ധത്തിന് കർശനമായ നിബന്ധനകൾ ചുമത്തുകയും അവർക്ക് ഭരണഘടനാ ഉറപ്പ് നൽകുന്ന വ്യക്തിസ്വാതന്ത്ര്യത്തിലും സ്വകാര്യതയിലും കടന്നുകയറുന്നതാണ് ബിൽ എന്ന ആരോപണം ശക്തമാണ്. അടിസ്ഥാനപരമായി, ഭിന്നലിംഗക്കാരുടെ ലിവ്-ഇൻ ബന്ധങ്ങളെ സംബന്ധിച്ച് മാത്രമാണ് ബില്ലിൽ പറയുന്നത്. ഒപ്പം ലിവ് ഇൻ ബന്ധങ്ങളെ വിവാഹത്തിന് തുല്യമാക്കാനും ശ്രമിക്കുന്നുണ്ട്. യു സി സിയിലെ നിർദിഷ്ട വകുപ്പിൽ 'ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം' എന്ന നിലയിലാണ് നിയമം നിർവചിക്കുന്നത്.

ലിവ് ഇൻ ബന്ധം ആരംഭിച്ച് ഒരുമാസത്തിനുള്ളിൽ രജിസ്ട്രാറിനെ അറിയിക്കണം. ബന്ധം ഒഴിയുകയാണെങ്കിൽ അതും ശ്രദ്ധയിൽ പെടുത്തണം. . ഒരു ലിവ്-ഇൻ ബന്ധം രജിസ്റ്റർ ചെയ്യാത്തതിന് മൂന്ന് മാസം വരെ തടവ് ശിക്ഷ ലഭിക്കും. ലിവ്-ഇൻ റിലേഷൻഷിപ്പിൻ്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നതിൽ പരാജയപ്പെടുന്ന സാഹചര്യത്തിൽ, ശിക്ഷിക്കപ്പെട്ടാൽ ആറുമാസം വരെയും ജയിൽശിക്ഷ ലഭിച്ചേക്കാം.

നിർബന്ധിത രജിസ്ട്രേഷൻ വിവാഹം കഴിക്കാതിരിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. പൗരന്മാർ സ്വന്തം ഇഷ്ടപ്രകാരം ചെയ്യുന്ന കാര്യങ്ങളിലേക്കുള്ള ഭരണകൂടത്തിന്റെ കടന്നുകയറ്റമാണത്. പ്രഥമദൃഷ്ട്യാ, പുട്ടസ്വാമി വിധിയിൽ മൗലികാവകാശമായി അംഗീകരിക്കപ്പെട്ട സ്വകാര്യതയുടെ മേഖലയിലേക്കാണ് പുതിയ നിയമം പ്രവേശിക്കുന്നതെന്നും വാദങ്ങളുണ്ട്.

നിലവിൽ നിയമസഭയുടെ പരിഗണനയിലുള്ള ബിൽ നിയമമായാൽ പുറത്തുള്ള സംസ്ഥാനത്ത് ലിവ് ഇൻ റിലേഷനിൽ ജീവിക്കുന്നവരും പുറത്ത് സമാനമായി കഴിയുന്ന ഉത്തരാഖണ്ഡ് സ്വദേശികളും ബന്ധം രജിസ്റ്റർ ചെയ്യേണ്ടി വരും. ലിവ് ഇൻ ബന്ധത്തിൽ ജനിക്കുന്ന കുട്ടി നിയമാനുസൃതമായിരിക്കുമെന്നും ബിൽ വ്യക്തമായി അംഗീകരിക്കുന്നു.

മതപരിവർത്തന വിരുദ്ധ നിയമനിർമാണത്തിൽ മജിസ്‌ട്രേറ്റിന് നൽകിയിട്ടുള്ള അധികാരങ്ങൾക്ക് സമാനമായി രജിസ്ട്രാർക്ക്, അന്വേഷണം നടത്താനും അധികാരമുണ്ട്. വേണമെങ്കിൽ പങ്കാളികളിൽ ഒരാളെയോ അന്വേഷണത്തിന് ആവശ്യമായ മറ്റ് വ്യക്തികളെയോ വിളിച്ചുവരുത്താൻ വരെയുള്ള അധികാരം രജിസ്ട്രാർക്ക് നിയമം അനുവദിക്കുന്നുണ്ട്. രജിസ്ട്രാർ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്ക് രേഖ കൈമാറും, ഏതെങ്കിലും പങ്കാളിക്ക് 21 വയസ്സിന് താഴെയാണെങ്കിൽ, മാതാപിതാക്കളെയോ രക്ഷിതാക്കളെയോ അറിയിക്കുകയും ചെയ്യും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും