INDIA

'പ്രതികൂല സാഹചര്യങ്ങളിലും അനീതിക്കെതിരെ സംസാരിച്ചു'; അരുന്ധതി റോയിക്ക് ഡിസ്റ്റർബിങ് ദി പീസ് പുരസ്കാരം

വെബ് ഡെസ്ക്

അപകടകരമായ സാഹചര്യത്തിലൂടെ ക്രിയാത്മക ജീവിതം തുടരുന്ന എഴുത്തുകാർക്ക് വക്ലവ് ഹാവൽ സെന്റർ നൽകുന്ന 'ഡിസ്റ്റർബിങ് ദി പീസ്' അവാർഡ് ഇന്ത്യൻ എഴുത്തുകാരി അരുന്ധതി റോയ്. ഇറാനിയൻ റാപ്പർ തൂമജ്‌ സലേഹിയുമായി അരുന്ധതി റോയ് പുരസ്കാരം പങ്കിടും. ചെക്ക് റിപ്പബ്ലിക്ക് മുൻപ്രസിഡന്റും എഴുത്തുകാരനുമായ വക്ലവ് ഹാവലിന്റെ പേരിലുള്ള സംഘടനയാണ് പുരസ്കാരം നൽകുന്നത്.

അമേരിക്ക കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സംഘടന പ്രതികൂല സാഹചര്യങ്ങളിലും അനീതിക്കെതിരെ സംസാരിക്കുന്ന എഴുത്തുകാർക്ക് എല്ലാവർഷവും പുരസ്കാരം നൽകുന്നുണ്ട്.

ചെക്ക് റിപ്പബ്ലിക്ക് മുൻ പ്രസിഡന്റ് വക്ലവ് ഹാവൽ അനീതിക്കെതിരെ നിന്നതിനും സമാധാനം തകർക്കുന്നതരത്തിൽ സത്യങ്ങൾ വിളിച്ചു പറഞ്ഞതിനുമാണ് അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവൻ അവഹേളിക്കപ്പെട്ടതെന്ന് അവാർഡ് ജൂറി അംഗവും എഴുത്തുകാരനുമായ സലിൽ ത്രിപാഠി അഭിപ്രായപ്പെടുന്നു.

അദ്ദേഹം ഇല്ലാതാക്കിയത് ഏകാധിപത്യപരമായി പെരുമാറിയ ഭരണകൂടത്തിന്റെ സമാധാനമായിരുന്നെന്നും. യുക്തിഭദ്രമായ ചോദ്യങ്ങളും ആരോപണങ്ങളും ഉന്നയിക്കുക എന്നതാണ് അദ്ദേഹം ചെയ്തത്. സത്യവും അഹിംസയുമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ച മൂല്യങ്ങൾ. രാഷ്ട്രങ്ങൾ ജനങ്ങളെ അടിച്ചമർത്തുന്ന സാഹചര്യത്തിലാണ് ലോകമുള്ളതെന്നും. എന്നാൽ ഈ എഴുത്തുകാരുടെ ശബ്ദങ്ങൾ ഇല്ലാതാകില്ല. അവർ ഹാവെലിനെപോലെ വിശ്വാസ്യതയും ധൈര്യവുമുള്ളവരാണെന്നും സലിൽ ത്രിപാഠി കൂട്ടിച്ചേർത്തു.

"ഇറാനിലെ ഏകാധിപത്യ സർക്കാരിനെ വിമർശിക്കുന്നതിനായി പാട്ടുകൾ ഉപയോഗപ്പെടുത്തിയതിനാണ് ഇറാനിയൻ റാപ്പർ സലേഹി ജയിലിലടയ്ക്കപ്പെടുന്നത്, അരുന്ധതി റോയ് ആണെങ്കിൽ ഇന്ത്യയിലെ പാർശ്വവൽകൃതരായ മനുഷ്യർക്ക് വേണ്ടി നിരന്തരം സംസാരിക്കുന്ന എഴുത്തുകാരിയാണ്. ഇന്ത്യയുടെ ആണവ നയത്തിനെതിരെ സംസാരിക്കുകയും ദളിത് വിഭാഗത്തിനൊപ്പം നിൽക്കുകയും ചെയ്ത വ്യക്തിയുമാണ്." അദ്ദേഹം പറയുന്നു.

ഈജിപ്ഷ്യൻ ബ്രിട്ടീഷ് സോഫ്റ്റ്‌വെയർ ഡെവലപ്പറും ആക്ടിവിസ്റ്റുമായ ആല അബ്ദ് എൽ-ഫത്താഹ്, ചെക്ക് സ്ലോവാക്ക് മനുഷ്യാവകാശ അഭിഭാഷകൻ കൂടിയായ ബാർബോറ ബുക്കോവ്‌സ്‌ക, ചെക്ക് റിപ്പബ്ലിക്കിന് വേണ്ടിയുള്ള മുൻ ഐക്യരാഷ്ട്രസഭ പ്രതിനിധി മാർട്ടിൻ പലോസ്, അമിരിക്കയിലെ മുൻ ചെക്ക് അംബാസഡറായിരുന്ന ജോൺ ഷാട്ടുക് എന്നിവരടങ്ങുന്ന ജൂറിയിലാണ് സലിൽ ത്രിപാഠിയും ഉണ്ടായിരുന്നത്.

1997ൽ പുറത്തിറങ്ങിയ, ബുക്കർ പ്രൈസ് നേടിയ 'ഗോഡ് ഓഫ് സ്മാൾ തിങ്ങ്സ്' എന്ന പുസ്തകത്തിലൂടെയാണ് അരുന്ധതി റോയ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെടുന്നത്. രണ്ടാമത്തെ നോവൽ 'മിനിസ്റ്ററി ഓഫ് അറ്റ്മോസ്റ് ഹാപ്പിനെസ്സ്' പുറത്തിറങ്ങുന്നത് 2017ലാണ്. ആ പുസ്തകവും ബുക്കർ പ്രൈസിന് പരിഗണിച്ചിരുന്നു. നോവലുകൾ പോലെ തന്നെ അരുന്ധതി റോയ് എഴുതിയിട്ടുള്ള ശക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ലേഖന സമാഹാരങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏറ്റവുമൊടുവിൽ 2024ൽ, പ്രസിദ്ധ ഇംഗ്ലീഷ് നാടകകൃത്ത് ഹാരോൾഡ്‌ പിന്ററിന്റെ പേരിലുള്ള പെൻ പിന്റർ പുരസ്കാരം ലഭിച്ചിരുന്നു.

2010ൽ ഇന്ത്യയ്‌ക്കെതിരെ പ്രസംഗിച്ചു എന്നാരോപിച്ച് ഡൽഹി പോലീസ് അരുന്ധതി റോയിക്കുമേൽ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു. 14 വർഷങ്ങൾക്കു ശേഷം രണ്ട് മാസം മുമ്പാണ് യുഎപിഎ ചുമത്തി ചോദ്യംചെയ്യാൻ ഡൽഹി പോലീസിന് ലെഫ്റ്റനന്റ് ഗവർണർ അനുമതി നൽകിയത്. റോയിക്കും, അക്കാദമിക് പ്രവർത്തകനായ ഷൗക്കത്ത് ഹുസൈനുമെതിരെയാണ് യുഎപിഎ ചുമത്തി ഡൽഹി പോലീസ് അന്വേഷണം നടത്തുന്നത്. ഇത്തവണയും 2010ൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. പൊതുമധ്യത്തിൽ പ്രകോപനപരമായി പ്രസംഗിച്ചു എന്നതാണ് ഇവർക്ക് രണ്ടുപേർക്കെതിരെയും ഡൽഹി പോലീസ് ചുമത്തിയ കേസ്.

5000 ഡോളർ സമ്മാനത്തുക ഉൾപ്പെടുത്തുന്നതാണ് പുരസ്കാരം. കഴഞ്ഞവർഷം പുരസ്കാരം ലഭിച്ചത് ഇത്തവണ ജൂറിയുടെ ഭാഗമായിട്ടുള്ള ഈജിപ്ഷ്യൻ സോഫ്ട്‍വെയർ ഡെവലപ്പർ ആല അബ്ദ് എൽ-ഫത്താഹ് ആണ്. 2022ൽ യുക്രെയ്നിയൻ എഴുത്തുകാരൻ ആന്ദ്രേ കുർക്കോവിനായിരുന്നു പുരസ്കാരം.

ലെബനനിലെ പേജർ സ്ഫോടനം: അന്വേഷണം മലയാളിയായ നോർവീജിയൻ യുവാവിലേക്കും

ബംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്തെ പാകിസ്താനെന്ന് വിശേഷിപ്പിച്ച ജഡ്ജിയുടെ നടപടി; സ്വമേധയ ഇടപെട്ട് സുപ്രീം കോടതി, റിപ്പോര്‍ട്ട് തേടി

ബംഗാൾ വെള്ളപ്പൊക്കം: ജാർഖണ്ഡ് സർക്കാരിനെ കുറ്റപ്പെടുത്തി മമത ബാനർജി, ഗൂഢാലോചന നടന്നതായി ആരോപണം

ഹിസ്ബുള്ളയ്ക്കായി പേജറുകള്‍ നിര്‍മിച്ചത് ഇസ്രയേല്‍ ഷെല്‍ കമ്പനി; കയറ്റുമതി ആരംഭിച്ചത് 2022 മുതല്‍, ബുദ്ധികേന്ദ്രം മൊസാദ് തന്നെ

കൊല്‍ക്കത്ത ബലാത്സംഗക്കൊലപാതകക്കേസ്: സമരം ഭാഗികമായി അവസാനിപ്പിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍, അവശ്യ സേവനങ്ങള്‍ പുനരാരംഭിക്കും