INDIA

'ലൈംഗിക അതിക്രമ വീഡിയോ പ്രചരിപ്പിച്ചതിനുപിന്നിൽ ഡി കെ ശിവകുമാർ'; വെളിപ്പെടുത്തലുമായി ദേവരാജ് ഗൗഡ

വീഡിയോ ചോർത്തിയത് കുമാരസ്വാമിയാണെന്നു പറയാൻ  ഡി കെ 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന് ആരോപണം

ദ ഫോർത്ത് - ബെംഗളൂരു

ഹാസൻ എം പി പ്രജ്വൽ രേവണ്ണയും അച്ഛൻ എച് ഡി രേവണ്ണയും പ്രതിയായ ലൈംഗികാതിക്രമ കേസിൽ വീണ്ടും ട്വിസ്റ്റ്. ലൈംഗികാതിക്രമ ദൃശ്യങ്ങളടങ്ങിയ പെൻഡ്രൈവ് പ്രചരിപ്പിച്ചതിനുപിന്നിൽ കർണാടക  ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും സംഘവുമാണെന്ന വെളിപ്പെടുത്തലുമായി കേസിൽ അറസ്റ്റിലായ ബിജെപി നേതാവ് ദേവരാജ് ഗൗഡ. പോലീസ് കസ്റ്റഡി അവസാനിച്ചതിനെത്തുടർന്ന് കോടതി ഉത്തരവ് പ്രകാരം ഹാസൻ ജില്ലാ ജയിലിലേക്കു കൊണ്ടുപോകവെയാണ് പോലീസ് വാനിൽ ഇരുന്ന് ദേവരാജ് ഗൗഡ മാധ്യമപ്രവർത്തകരോട്  ഇക്കാര്യം വെളിപ്പെടുത്തിയത്.

ദേവരാജ് ഗൗഡ

പെൻഡ്രൈവ് നിർമിച്ചത് കുമാരസ്വാമിയാണെന്ന് വിളിച്ചു പറയാൻ ഡി കെ ശിവകുമാർ തനിക്ക് 100 കോടി രൂപ വാഗ്ദാനം ചെയ്‌തെന്ന് ദേവരാജ് ഗൗഡ പറഞ്ഞു. താൻ എന്ന് ജയിലിൽനിന്ന് ഇറങ്ങുന്നോ അന്ന് കർണാടകയിലെ കോൺഗ്രസ് സർക്കാർ നിലംപൊത്തുമെന്നും  ദേവരാജ് ഗൗഡ പറഞ്ഞു.

സിദ്ധരാമയ്യ മന്ത്രിസഭയിലെ മന്ത്രിമാരായ ചലുവരായ സ്വാമി, കൃഷ്ണ ഭൈരെ ഗൗഡ, പ്രിയങ്ക് ഖാർഖേ, പേര് വെളിപ്പെടുത്താത്ത മന്ത്രിയും ഡി കെ യുടെ സംഘത്തിലുണ്ടായിരുന്നു. മുൻ‌കൂർ പണമായി അഞ്ചു കോടി രൂപ ഇവർ നൽകാൻ ശ്രമിച്ചു. പണം നിരസിച്ചതോടെ ഗൂഡാലോചന നടത്തി തന്നെ കേസിൽ കുരുക്കി ഡി കെ ശിവകുമാർ അകത്താക്കുകയായിരുന്നെന്നും ദേവരാജ് ഗൗഡ ആരോപിച്ചു.

ഡി കെ ശിവകുമാർ

പ്രജ്വൽ രേവണ്ണയുടെ മുൻ ഡ്രൈവർ കാർത്തിക് റെഡ്ഡിയിൽ നിന്ന് പെൻഡ്രൈവ് സ്വന്തമാക്കുകയും എല്ലാ വിവരങ്ങളും ശേഖരിക്കുകയും ചെയ്ത ഡി കെ ശിവകുമാറും മറ്റു നാല് മന്ത്രിമാരും ഹാസനിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്കു മുൻപേ പദ്ധതി തയ്യാറാക്കി. പദ്ധതി പ്രകാരം കുമാരസ്വാമിക്കെതിരെ നീങ്ങാൻ താൻ തയ്യാറായില്ല. ഇതോടെ സംഘം പെൻഡ്രൈവ് പുറത്തുവിടുകയായിരുന്നു. തന്റെ കയ്യിൽ കേസിന്റെ ആവശ്യാർഥം കാർത്തിക് റെഡ്ഡി ഏൽപ്പിച്ച പെൻഡ്രൈവ് ചോർന്നിട്ടില്ലെന്നും ദേവരാജ് ഗൗഡ പറയുന്നു.

കർണാടകയിലെ ബിജെപി - ജെഡിഎസ് ബാന്ധവത്തെ തകർക്കാനും കുമാരസ്വാമിയുടെ നേതൃത്വത്തെ ഇല്ലാതാക്കാനാണ് ഡികെ ശിവകുമാർ  ഇതെല്ലാം ചെയ്തതെന്നാണ് ദേവരാജ് ഗൗഡയുടെ വാദം. ദേവരാജ് ഗൗഡയുടെ വെളിപ്പെടുത്തലിൽ വെട്ടിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. രാഷ്ട്രീയം കളിക്കാൻ കോൺഗ്രസ് പാവം സ്ത്രീകളെ ബലിയാടുകളാക്കിയെന്നതാണ് ഉയരുന്ന ആരോപണം. ലൈംഗികാതിക്രമ കേസിൽ ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ വിശ്വാസമില്ലെന്നും അത് ശിവകുമാറിൻ്റെ അന്വേഷണ സംഘമാണെന്നും ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി കുമാരസ്വാമി ആരോപിച്ചു.

ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഒരാഴ്ച മുൻപ്  അന്വേഷണ സംഘം അഭിഭാഷകനും ബിജെപി നേതാവുമായ ദേവരാജ് ഗൗഡയെ അറസ്റ്റു ചെയ്തത്. പ്രജ്വൽ രേവണ്ണക്കെതിരെ ലൈംഗിക അതിക്രമ പരാതിയുണ്ടെന്നും ഹാസനിൽ വീണ്ടും മത്സരിപ്പിക്കരുതെന്നും ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന നേതൃത്വത്തിന് ഒരു വർഷം മുൻപ് ദേവരാജ് ഗൗഡ കത്തു നൽകിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിച്ചും മറച്ചുവെച്ചുമായിരുന്നു കർണാടക ബിജെപി ജെഡിഎസുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയത്.

പെൻഡ്രൈവ് ദൃശ്യങ്ങൾ ചോർന്നതിനെത്തുടർന്ന് ഹാസനിലെ തിരഞ്ഞെടുപ്പിന്റെ പിറ്റേദിവസം ജർമനിയിലേക്ക് പറന്ന എം പി പ്രജ്വൽ രേവണ്ണയെക്കുറിച്ച് ഒരു വിവരവുമില്ല. ഹാസനിലെ ജെഡിഎസ്-ബിജെപി സഖ്യത്തിന്റെ സ്ഥാനാർഥിയാണ് പ്രജ്വൽ. ഇതിനിടെ ലൈംഗികാതിക്രമ കേസിലെ അതിജീവിതയെ തട്ടികൊണ്ടുപോയ കേസിൽ അറസ്റ്റിലായ പ്രജ്വലിന്റെ പിതാവ് എച്ച് ഡി രേവണ്ണയ്ക്കു കർശന ഉപാധികളോടെ കോടതി ജാമ്യം നൽകിയിരുന്നു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍