അധികാരം ആർക്കെന്ന കാര്യത്തിൽ ഡി കെ ശിവകുമാറുമായള്ള വടംവലി വ്യാഴാഴ്ച പുലർച്ചെ ക്ലൈമാക്സിലേക്കെത്തിയപ്പോൾ മുഖ്യമന്ത്രിക്കസേര സ്വന്തമാക്കിയിരിക്കുകയാണ് സിദ്ധരാമയ്യ. മുഖ്യമന്ത്രിപദത്തിൽനിന്ന് തൽക്കാലം മാറിനിൽക്കാൻ കോൺഗ്രസ് അധ്യക്ഷൻ ശിവകുമാർ മുന്നോട്ടുവച്ച ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കമാൻഡ് അന്തിമതീർപ്പിലെത്തിയെതെന്നാണ് ലഭിക്കുന്ന വിവരം .
ഒരു ഘട്ടത്തിൽ രാഹുൽ ഗാന്ധിയും ഹൈക്കമാൻഡ് നേതാക്കളും കൈവിട്ട തർക്കം സോണിയയുടെ ഇടപെടലോടെയാണ് കരയ്ക്കടുത്തത്
അധികാരക്കസേര പങ്കിടുമ്പോൾ എത്ര വർഷം എന്നതും ആര് ആദ്യമെന്നതുമായിരുന്നു പ്രധാന തർക്കം. പ്രായവും ജനപ്രീതിയും പരിഗണിച്ച് സിദ്ധരാമയ്യക്ക് ആദ്യ അവസരമെന്ന നിലപാട് ഹൈക്കമാൻഡ് എടുത്തതോടെ ഒറ്റ ഉപമുഖ്യമന്ത്രിപദവും വകുപ്പുകളുടെ കാര്യത്തിൽ കടുംപിടുത്തവുമായി ശിവകുമാർ സമ്മർദതന്ത്രം പയറ്റി. ബുധനാഴ്ച രാത്രി വൈകിയും വ്യാഴാഴ്ച പുലർച്ചെയുമായി ഹൈക്കമാൻഡ് നേതാക്കൾ ഇരുവരുമായി നടത്തിയ ചർച്ചയിൽ ശിവകുമാർ വിട്ടുവീഴ്ച ചെയ്തില്ല. ധനം, ആഭ്യന്തരം എന്നിവ ഉൾപ്പടെയുള്ള സുപ്രധാന വകുപ്പുകളും കെപിസിസി അധ്യക്ഷ പദവിയിൽ തുടരാനുള്ള അനുമതിയും ശിവകുമാർ ചോദിച്ചു.
മുഖ്യമന്ത്രിക്കസേര തർക്കത്തിൽ നേരിട്ട് ഇടപെടാതിരുന്ന സോണിയ ഗാന്ധി ഇതോടെ ഷിംലയിലിരുന്ന് വിഷയത്തിൽ തലയിട്ടു. സോണിയയുമായുള്ള വർഷങ്ങളായുള്ള അടുപ്പമാണ് ശിവകുമാറിന്റെ തുണയ്‌ക്കെത്തിയത്. ഒരു ഘട്ടത്തിൽ രാഹുൽ ഗാന്ധിയും ഹൈക്കമാൻഡ് നേതാക്കളും കൈവിട്ട തർക്കം സോണിയയുടെ ഇടപെടലോടെയാണ് കരയ്ക്കടുത്തത് .
മുഖ്യമന്ത്രിക്കസേര തുല്യവർഷങ്ങളായി പങ്കിടാമെന്ന ഹൈകമാൻഡ് നിർദേശം തുടക്കത്തിൽ ഡി കെ ക്യാമ്പിന് സ്വീകാര്യമായിരുന്നു. എന്നാൽ സിദ്ധരാമയ്യ സമയത്തിനു കസേര വിട്ടുകൊടുത്തില്ലെങ്കിൽ ഉണ്ടായേക്കാവുന്ന രാഷ്ട്രീയ പ്രതിസന്ധിയായിരുന്നു ശിവകുമാറിനെ അലട്ടിയത്. തന്നോടൊപ്പം ആ സമയത്ത് നേതാക്കൾ ആരും നിൽക്കില്ലെന്നും രാജസ്ഥാനിലെ പി സി സി അധ്യക്ഷൻ സച്ചിൻ പൈലറ്റിന്റെ ഗതിവരുമെന്നും ഡി കെ മനസിലാക്കി. ഇതോടെയായിരുന്നു ഡൽഹിയിൽ വടംവലി കടുപ്പിച്ച് ഡി കെ കളംനിറഞ്ഞ് കളിക്കാൻ തീരുമാനിച്ചത്.
അധികാരക്കസേര മുൻ നിശ്ചയിച്ച പ്രകാരം സിദ്ധരാമയ്യ ഒഴിഞ്ഞുകൊടുക്കുമെന്ന ഉറപ്പ് ശിവകുമാറിന് സോണിയ ഗാന്ധിയിൽനിന്ന് തന്നെ കിട്ടണമായിരുന്നു. സോണിയയുമായി ആശയവിനിമയം നടത്തിയയായിരുന്നു ഡി കെ ഡൽഹിക്കു പോയത്.
ആഭ്യന്തര വകുപ്പുകൾ ഉൾപ്പെടെ കയ്യിൽ വരുന്നതോടെ അനധികൃത സ്വത്തുസമ്പാദന കേസിൽ കേന്ദ്ര ഏജൻസികളിൽനിന്നുള്ള നീക്കങ്ങൾ മുൻകൂട്ടി അറിയാനും മുൻകരുതൽ സ്വീകരിക്കാനും ശിവകുമാറിന് സാധിക്കും. ഉപമുഖ്യമന്ത്രി ആയാലും കോൺഗ്രസ് അധ്യക്ഷനായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയായ സിദ്ധരാമയ്യയുടെ കടിഞ്ഞാൺ പാർട്ടി കരങ്ങളിൽ ഭദ്രമാക്കാം.
ഹൈക്കമാൻഡ് ആഗ്രഹിക്കും പോലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് കർണാടകയിൽനിന്ന് കൂടുതൽ സീറ്റുകൾ തരപ്പെടുത്തി നൽകാനും ഡി കെക്ക് സാധിക്കും. സിദ്ധരാമയ്യ കസേര ഒഴിഞ്ഞുകൊടുക്കുമ്പോൾ ഡി കെ മുഖ്യമന്ത്രി പദമേറും. ഇതോടെ പാർട്ടിയിലും സർക്കാരിലും അനിഷേധ്യനേതാവായി മാറും ഡി കെ ശിവകുമാർ.