INDIA

'ഞാനും മനോബലവും ചേർന്നാൽ ഭൂരിപക്ഷമായി'; സിദ്ധരാമയ്യയുമായുള്ള ഭിന്നത പരസ്യമാക്കി ഡി കെ

സിദ്ധരാമയ്യക്കൊപ്പമുള്ള വിമാന യാത്ര ഒഴിവാക്കി

ദ ഫോർത്ത് - ബെംഗളൂരു

മുഖ്യമന്ത്രിപദം സംബന്ധിച്ച തർക്കം രൂക്ഷമായ കർണാടകയിൽ നിന്ന് സിദ്ധരാമയ്യയ്ക്കു പിന്നാലെ ഡി കെ ശിവകുമാറും ഡൽഹിയിലേക്ക്. ഹൈക്കമാൻഡ് നിർദേശത്തെ തുടർന്നാണ് ഡികെയുടെ യാത്ര. സിദ്ധരാമയ്യയോടും ശിവകുമാറിനോടും ഡൽഹിയിൽ എത്താൻ എ ഐ സി സി നിർദേശിച്ചിരുന്നെങ്കിലും ഒരുമിച്ചുള്ള യാത്ര ഡികെ ഒഴിവാക്കുകയായിരുന്നു. യാത്രയ്ക്ക് മുൻപ് സിദ്ധരാമയ്യയുമായുള്ള ഭിന്നത പരസ്യമാക്കി ഡികെ ശിവകുമാർ മാധ്യമങ്ങളെ കണ്ടു.

"മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും. ഞാനെന്ന ഒരാളും മനോബലവും മതി ഭൂരിപക്ഷത്തിന്. പിന്തുണയ്ക്കുന്ന എം എൽ എമാരുടെ എണ്ണം എടുക്കാൻ പോയിട്ടില്ല, എന്റെ നേതൃത്വത്തിലുള്ള പി സി സിയാണ് 135 എംഎൽഎമാരുടെയും ജയം ഉറപ്പാക്കിയത്. സോണിയ ഗാന്ധി ഏൽപ്പിച്ച ദൗത്യം ഭംഗിയായി ഞാൻ നിർവഹിച്ചിട്ടുണ്ട്," ശിവകുമാർ പറഞ്ഞു.

സിദ്ധരാമയ്യ എം എൽ എമാരുടെ പിന്തുണ സംബന്ധിച്ച വിവരങ്ങൾ മാധ്യമങ്ങളിലൂടെ പരസ്യമാക്കി രംഗത്ത് വന്നതായിരുന്നു ഡി കെ ശിവകുമാറിനെ ചൊടിപ്പിച്ചത്. ഞായറാഴ്ച ബെംഗളുരുവിൽ ചേർന്ന നിയമസഭാ കക്ഷി യോഗത്തിനുശേഷം ഡി കെ ശിവകുമാറിനായി പിറന്നാൾ കേക്ക് മുറിച്ച്‌ പിരിഞ്ഞതിൽ പിന്നെ ഇരുവരും തമ്മിൽ സംസാരിച്ചിട്ടില്ല. മുഖ്യമന്ത്രിപദവിക്ക് ആരെ പരിഗണിക്കണമെന്നത് വോട്ടിനിട്ടതോടെ ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ ഇരു നേതാക്കളും അവകാശപ്പെട്ടിരുന്നു. എന്നാൽ ശിവകുമാർ പരസ്യപ്രതികരണം നടത്തിയിരുന്നില്ല.

തന്റെ ആത്മീയ ഗുരുവായ അജയ്യയെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ശിവകുമാർ ഡൽഹിക്ക് പോകുന്നത് . തുംകുരുവിലെ നൊണവിനകെരെയിലുള്ള വൊക്കലിഗ സമുദായത്തിന്റെ മഠത്തിലാണ് ശിവകുമാറിന്റെ ഗുരുവുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും മുൻപും ഡി കെ മഠത്തിലെ ത്തി അനുഗ്രഹം വാങ്ങിയിരുന്നു.

വൊക്കലിഗ - ലിംഗായത്ത് സമുദായ ആചാര്യന്മാരുടെ പിന്തുണ ഉറപ്പാക്കിയാണ് ഡി കെയുടെ ഡൽഹി യാത്ര. സിദ്ധരാമയ്യയാവട്ടെ, സ്വന്തം സമുദായമായ കുറുബരുടെയും ദളിത്-പിന്നാക്ക സമുദായങ്ങളുടെയും പിന്തുണ ഉറപ്പാക്കിയാണ് നീങ്ങുന്നത്. ഉച്ചയ്ക്ക് ബംഗളുരുവിൽനിന്ന് പുറപ്പെട്ട സിദ്ധരാമയ്യ ഡൽഹിയിൽലെത്തി. തന്നെ കാത്തുനിന്ന മാധ്യമ പടയോട് പ്രതികരിക്കാതെ അദ്ദേഹം കർണാടകാ ഭവനിലേക്ക് പോയി.

ഗാന്ധി കുടുംബവുമായുള്ള വ്യക്തിപരമായ അടുപ്പം ഗുണം ചെയ്യുമെന്നാണ് മുഖ്യമന്ത്രിപദ മോഹികളായ ഇരുവരും കണക്കുകൂട്ടുന്നത്. സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും സംബന്ധിച്ചിടത്തോളം മാറ്റിനിർത്താൻ പറ്റാത്ത വ്യക്തിത്വങ്ങളാണ് ഇരുവരും. എംഎൽഎമാരുടെ വോട്ടുകൾ, അഭിപ്രായങ്ങൾ, ഡികെ ശിവകുമാറിന്റെയും സിദ്ധരാമയ്യയുടെയും ഉപാധികൾ, ലോക്‌സഭാ തിരഞ്ഞെടുപ്പാകുമ്പോഴേക്കും കർണാടകയിൽ രൂപപ്പെട്ടേക്കാവുന്ന രാഷ്ട്രീയ സാഹചര്യം, ഡികെ ശിവകുമാറിനെതിരെയുള്ള സാമ്പത്തിക ക്രമക്കേട് കേസുകൾ തുടങ്ങിവയെല്ലാം പരിഗണിച്ചേ ഹൈക്കമാൻഡ് അന്തിമ തീരുമാനം കൈക്കൊള്ളൂ.

ബൊമ്മെ സർക്കാരിന്റെ കാലാവധി മെയ് 23 ന് അവസാനിക്കും. അതിനുമുൻപ് പ്രശ്നങ്ങളെല്ലാം പരിഹരിച്ച് കോൺഗ്രസിന് സർക്കാർ രൂപീകരണത്തിലേക്ക് കടന്നേ മതിയാകൂ.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി