തമിഴ്നാട്ടിൽ സർക്കാർ പദ്ധതിയുടെ ഉദ്ഘാടനത്തിന് മുമ്പ് ഹൈന്ദവാചാര പ്രകാരം നടത്താനിരുന്ന ഭൂമിപൂജ തടഞ്ഞ് ഡിഎംകെ എംപി. ധർമ്മപുരിയിൽ നിന്നുള്ള ലോക്‌സഭാ എംപിയായ ഡിഎൻവി സെന്തിൽകുമാർ ജില്ലയിലെ ഹാരൂരിലെ തടാകക്കരയിലെ നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു സംഭവം. പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുള്ള റോഡ് പദ്ധതിക്കായി ഹൈന്ദവാചാര പ്രകാരം ഭൂമി പൂജ നടത്താൻ ശ്രമിച്ചതിന് ഉദ്യോഗസ്ഥരെ എംപി ശകാരിച്ചു.
എംപി തന്റെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി കഴിഞ്ഞു.
സ്ഥലത്ത് ചടങ്ങ് നടത്താനെത്തിയ ഹിന്ദു പുരോഹിതനെ കണ്ട എംപി ഒരു മതത്തിന് മാത്രം എന്തിന് പിന്തുണ നൽകുന്നുവെന്നും ക്രിസ്ത്യൻ, മുസ്ലിം പുരോഹിതർ എവിടെയെന്നും മതമില്ലാത്തവരുടെ പ്രതിനിധിയെ ക്ഷണിച്ചിട്ടുണ്ടോയെന്നും ചോദിച്ചു. സർക്കാർ പരിപാടിയിൽ ഒരു പ്രത്യേക മതത്തിന്റെ മാത്രം പ്രാർത്ഥന ഉൾപ്പെടുത്തരുതെന്ന് അറിയില്ലേയെന്നും എംപി ഉദ്യോഗസ്ഥരോട് ചോദിച്ചു. പൂജാ സാധനങ്ങളെല്ലാം എടുത്ത് മാറ്റാനും എംപി ഉദ്യോഗസ്ഥരോട് നിർദേശിക്കുന്നതും വീഡിയോയിൽ കാണാം.
എല്ലാ മതങ്ങളെയും തുല്യമായി കാണുന്ന ദ്രാവിഡ മാതൃകാ ഭരണം പിന്തുടരുന്ന നാടാണിതെന്ന് സെന്തിൽകുമാർ പറഞ്ഞു. മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികളിൽ ഇത്തരം കാര്യങ്ങൾ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോയെന്നും സെന്തിൽകുമാർ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരോട് ചോദിച്ചു. ഒരു പ്രത്യേക മതത്തിന്റെ പ്രാർത്ഥന ഉൾപ്പെടുന്ന ഇത്തരം പരിപാടികളിലേക്ക് തന്നെ ക്ഷണിക്കരുതെന്നും സെന്തിൽകുമാർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു.
പ്രാർത്ഥന നടത്തുന്നതിന് എതിരല്ലെന്നും എല്ലാ മതങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തണമെന്നും എംപി പറയുന്നുണ്ട്. ഭൂമി പൂജയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ഒഴിവാക്കിയതിന് പിന്നാലെ പദ്ധതിയുടെ ഉദ്ഘാടനം എംപി നിർവഹിച്ചു.